മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ കനത്ത മഴയിലും, മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 47 കടന്നു.
കനത്ത മഴ വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ശനിയാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്കോ കനത്തമഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തലസ്ഥാനമായ മുംബയ്ക്ക് എഴുപത് കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായ റായ്ഗഡ് ജില്ലയിലെ സ്ഥലം. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറി നില്‍ക്കുവാന്‍ ജനത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം മഹാരാഷ്ട്രയില്‍ മറ്റിടങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്കമാണുള്ളത്. മുംബയ് നഗരത്തില്‍ ഗോവന്ദി മേഖലയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം മഴയില്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ ചിലരുടെ നില അതീവഗുരുതരമാണ്. ബൃഹത് മുംബയ് കോര്‍പറേഷന്‍ അധികൃതരും അഗ്നിരക്ഷാ സേനയും പൊലീസുമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.