കല്ലേറുത്സവത്തില്‍ 400 പേര്‍ക്കു പരിക്ക്
400 വര്‍ഷമായി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തിവരുന്ന ഉത്സവമാണ് ഇത്.
മധ്യപ്രദേശില്‍ വര്‍ഷം തോറും നടത്തിവരുന്ന ഗോട്ട്മര്‍ മള എന്നറിയപ്പെടുന്ന കല്ലേറുത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്. ചിന്ദ്‌വാര ജില്ലയിലാണ് സംഭവം. പരിക്കേറ്റ 12പേരുടെ നില ഗുരുതരമാണ്. ഇവരെ പന്ധുര്‍ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.
400 വര്‍ഷമായി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തിവരുന്ന ഉത്സവമാണ് ഇത്. പന്ധുവാരാ, സവര്‍ഗോണ്‍ ഗ്രാമങ്ങളിലെ ആളുകളാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഇരു ഗ്രാമങ്ങളെയും വേര്‍തിരിക്കുന്ന ജാം നദിക്ക് ഇരുകരകളിലുമായി ഇവര്‍ അണിനിരക്കും. നദിക്ക് മധ്യത്തില്‍ പതാക ഉയര്‍ത്തും.
രണ്ട് ഗ്രാമത്തിലുള്ളവരും പതാകയ്ക്ക് അടുത്തെത്താന്‍ ശ്രമം നടത്തും. ഗ്രാമവാസികള്‍ ഇവര്‍ക്ക് നേരെ കല്ലെറിയും, ഇതാണ് ഗോട്ട്മര്‍ ഉത്സവം. നിരവധി ആളുകളാണ് ആചാരത്തില്‍ ഏറുകിട്ടി വര്‍ഷം തോറും മരിക്കുന്നത്. ഈ വര്‍ഷം പന്ധുവാര ഗ്രാമത്തിലുള്ളവരാണ് പതാക സ്വന്തമാക്കി വിജയിച്ചത്.