കരടിയുടെ പിടിയിലായ അലക്‌സാണ്ടര്‍ ഒരു മാസത്തിനുശേഷം രക്ഷപ്പെട്ടു.
അലക്‌സാണ്ടറുടെ വീഡിയോ തെറ്റായ അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാഴ്‌ച കല്ലറയില്‍ കഴിഞ്ഞയാളെ ജീവനോടെ പുറത്തെത്തിച്ചെന്ന രീതിയിലാണു വാര്‍ത്ത പ്രചരിക്കുന്നത്.
മോസ്‌കോ: പട്ടികളുടെ കുരകേട്ടാണു വേട്ടക്കാര്‍ ആ ഗുഹയിലേക്കു കയറിയത്. ദേഹം മുഴുവന്‍ മുറിവുകളുമായി ഒരു രൂപം. ചത്തുണങ്ങിയ ശരീരമെന്നാണ് ആദ്യം കരുതിയത്. അലക്‌സാണ്ടര്‍ അവിടെനിന്നു ജീവിതത്തിലേക്കു മടങ്ങിവരുകയായിരുന്നു.
മംഗോളിയന്‍ അതിര്‍ത്തിയില്‍ കിഴക്കന്‍ റഷ്യയിലെ തുവയിലാണു സംഭവം. വേട്ടപ്പട്ടികളാണ് അലക്‌സാണ്ടറെ ഉള്‍വനത്തില്‍ കണ്ടെത്തിയത്. ഉണങ്ങിയ രക്‌തവും ചെളിയും അലക്‌സാണ്ടറുടെ മുഖത്തും ദേഹമാസകലവും പടര്‍ന്നിരുന്നു. കണ്ണുകള്‍ പാതി തുറന്ന് ശരീരം വിളറിവെളുത്ത നിലയിലായിരുന്നു. ബ്രൗണ്‍ കരടി അടിച്ചിട്ടശേഷം പിന്നീടു ഭക്ഷണമാക്കാന്‍ മടയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയതാണ്. റഷ്യയിലും അലാസ്‌കയിലും കാനഡയിലും വടക്കന്‍ അമേരിക്കയിലുമൊക്കെ കണ്ടുവരുന്ന ഈ ഇനം കരടികള്‍ ഇരയെ ആക്രമിച്ചു കീഴ്‌പ്പെടുത്തിക്കഴിഞ്ഞാന്‍ അവയുടെ മടയില്‍ ഒളിപ്പിക്കുക സാധാരണമാണ്. ഒരു മാസം ഒരു ഭക്ഷണവുമില്ലാതെ കിടന്ന അലക്‌സാണ്ടര്‍ മൂത്രം കുടിച്ചാണു ജീവന്‍ നിലനിര്‍ത്തിയതെന്നു പറയപ്പെടുന്നു. ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കിയതിനു പിന്നാലെ ഇയാള്‍ കണ്ണുകള്‍ കഷ്‌ടിച്ചു തുറന്നു. കൈകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങി. തൊല്ലൊക്കെ സംസാരിക്കാനും തുടങ്ങിയെങ്കിലും ഏതാണ്ടു തളര്‍ന്നനിലയില്‍ തന്നെയാണിപ്പോഴും. അലക്‌സാണ്ടറുടെ വീഡിയോ തെറ്റായ അടിക്കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാഴ്‌ച കല്ലറയില്‍ കഴിഞ്ഞയാളെ ജീവനോടെ പുറത്തെത്തിച്ചെന്ന രീതിയിലാണു വാര്‍ത്ത പ്രചരിക്കുന്നത്.
ഇലകള്‍, പഴം, മാംസം… കിട്ടുന്നതെന്തും കഴിക്കുന്ന കൂട്ടരാണു ബ്രൗണ്‍ കരടികള്‍. റഷ്യ, ഉത്തര അമേരിക്ക എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കാണുന്നത്. അഴുകിയ ജഡത്തോട് ഇവയ്‌ക്കു കൂടുതല്‍ താല്‍പര്യമുണ്ട്. അലക്‌സാണ്ടര്‍ മരിച്ചശേഷം അഴുകാന്‍ കാത്തിരുന്നതാകാം കരടിയെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അനുമാനം.