[bs-quote quote=”ഇവരില്‍ ചിലര്‍ ലോകമലയാളി പെന്തെക്കോസ്ത് കോണ്‍ഫ്രന്‍സില്‍ പ്രധാന പ്രസംഗകര്‍ ആയെന്നുള്ളത് ഏറ്റവും വിചിത്രം! ” style=”default” align=”left” author_name=”ജോണ്‍സണ്‍ കണ്ണൂര്‍” author_job=”9847518230″ author_avatar=”http://carmelmediavision.com/wp-content/uploads/2019/07/23318995_1174300306033674_710495699687107370_n-1.jpg”][/bs-quote]
ആത്മീയലോകത്ത് വന്‍കിട സെലിബ്രേറ്റികള്‍ അരങ്ങുവാഴുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. എന്തെങ്കിലും ചില്ലറ പൊടിക്കൈ നമ്പരുകളും തൊങ്ങലും ചേര്‍ത്ത് മറ്റുള്ളവരുടെ അനുഭവങ്ങളും സംഭവങ്ങളും സ്റ്റേജില്‍ അവതരിപ്പിച്ച് വേദി പിടിച്ചടക്കിയ അല്പന്മാര്‍ എന്ത് വിളമ്പിയാലും കണ്ണടച്ച് കരമടിച്ച് ഓളമിടുന്നവര്‍ ധാരാളം. ഇവരില്‍ ചിലര്‍ ലോകമലയാളി പെന്തെക്കോസ്ത് കോണ്‍ഫ്രന്‍സില്‍ പ്രധാന പ്രസംഗകര്‍ ആയെന്നുള്ളത് ഏറ്റവും വിചിത്രം! അവിടെയുള്ളവര്‍ക്കും ഈ ജീവികളെ മതിയെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ജനത്തെ ഇളക്കിമറിക്കുവാനും കയ്യടിമേടിക്കുവാനും എന്തും വിളിച്ചുകൂകുവാനും ഇവര്‍ക്ക് മടിയില്ല. ബാബേലില്‍ ഭാഷ കലക്കിയത് ആ ദേശത്തിന്റെ മേല്‍ കുടിയിരിക്കുന്ന ബാബിലോണിയന്‍ ശക്തിയാണെന്നും ഇന്നും കുടുംബങ്ങളെയും സഭകളെയും ആ സാത്താന്യ ശക്തി കലക്കിക്കൊണ്ടിരിക്കുകയാണെന്ന് പറയുമ്പോള്‍ എന്താണ് തട്ടിവിടുന്നതെന്ന് ഗ്രഹിക്കാതെ തുള്ളാന്‍ കുറെ സഹോദരിമാരും. വേദപുസ്തകം പഠിക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ഒരു സമൂഹത്തെ എന്ത് പൊട്ടത്തരവും പറഞ്ഞ് പറ്റിക്കാം. അവിടെ ഭാഷ കലക്കിയത് ദൈവമാണെന്ന് സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. കേട്ട വചനം അങ്ങനെതന്നെയോ എന്ന് പരിശോധിക്കുന്ന ബെരോവയിലെ വിശ്വാസികളെപ്പോലെയുള്ളവരാണെങ്കില്‍ ഇതൊന്നും നടപ്പാകില്ല. പോര്, കെട്ട്, ബന്ധനം, വിടുതല്‍, പുതുവഴി ഈ പദങ്ങള്‍ കേട്ടാല്‍ മതി നമ്മുടെ ആളുകള്‍ ഇളകും. മാനസാന്തരപ്പെടാനും, പാപസ്വഭാവങ്ങള്‍ വിട്ടുകളയാനും, ക്രമീകരണം വരുത്താന്‍ തയ്യാറല്ലതാനും. ഇപ്രകാരമുള്ള ശ്രോതാക്കളുള്ളിടത്തോളം കാലം അല്പന്മാര്‍ അരങ്ങുവാഴും.
ഉപദേശം സ്ഥാപിക്കാന്‍ അനുഭവങ്ങളും, കഥകളും, സംഭവങ്ങളും പറയുന്ന ചില ജനപ്രിയ പ്രഭാഷകര്‍ പുസ്തകമെഴുതി പ്രശസ്ത എഴുത്തുകാരാകുന്നു. 400 പേജ് മാറ്റര്‍ പ്രിന്റ് ചെയ്യണമെങ്കില്‍ വെള്ള പേപ്പറില്‍ ആയിരം പേജ് എഴുതണം. അതിന് വര്‍ഷങ്ങള്‍ എടുക്കും. തിരുവെഴുത്തിലെ നിരവധി ആത്മീയ മര്‍മ്മങ്ങള്‍ അടങ്ങിയ ഒരു ലേഖനം അടിസ്ഥാനമാക്കി പുറത്തിറക്കിയ പുസ്തകത്തില്‍ മിക്കതും ശൂന്യമായ പേജുകള്‍. രാജ്യങ്ങള്‍ തോറും ഓടിനടക്കുന്നവര്‍ക്ക് സമയമെടുത്ത് പഠിക്കാന്‍ സാവകാശം ലഭിക്കുന്നില്ല. എങ്കിലും ഒരു വലിയ പുസ്തകം പുറത്തിറക്കി എന്നുവരുത്തിത്തീര്‍ക്കാന്‍ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങള്‍. എഴുത്തുകാരന്റെ തല കവര്‍ പേജില്‍ കൊടുത്താല്‍ പുസ്തകം പെട്ടെന്ന് വിറ്റുപോകും. ഈ മനഃശാസ്ത്രം ശരിക്കും ചൂഷണം ചെയ്യപ്പെടുകയാണ്. അല്പന്മാര്‍ സെലിബ്രേറ്റികളായി മാറിയാല്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
ചില പേജുകളില്‍ രണ്ട് വരികള്‍ മാത്രം. 17 പേജ് ആശംസകള്‍. ജനപ്രിയന്റെ ബുക്കിന് സകല നേതാക്കന്മാരും നിരത്തിപ്പിടിച്ച് ആശംസ എഴുതുന്നു. പേജിന്റെ പകുതിവെച്ച് ആരംഭിച്ചിട്ട് ഇരുവശങ്ങളിലും സ്ഥലം വിട്ട് നടുക്ക് ഏതാനും മാറ്റര്‍ മാത്രം. അപ്രകാരം നിരവധി പേജുകള്‍. ഒരു പ്രസ്ഥാനത്തിന്റെ പാസ്റ്റേഴ്‌സ് മീറ്റിംഗില്‍ പ്രാരംഭ ദിവസം 300 രൂപയ്ക്ക് കൊടുക്കുകയും അടുത്ത ദിവസം 200 രൂപയായി ബുക്കിന്റെ വില കുറയ്ക്കുകയും ചെയ്യുന്നു. 100 രൂപയ്ക്കുപോലുമുള്ള സാധനം ഇല്ലെന്നുള്ളത് മറ്റൊരു സത്യം. നേരം വൈകുന്തോറും മീന്‍ ചന്തയില്‍ മത്സ്യത്തിന് വില കുറയും എന്നതിന് തുല്യമായിപ്പോയി. തലേ ദിവസം 300 രൂപയ്ക്ക് വാങ്ങിയവര്‍ മഹാമണ്ടന്മാര്‍. ഇവിടെ ഇതും ഇതിനപ്പുറവും നടക്കും. ഇവരെയൊക്കെ വിമര്‍ശിക്കാന്‍ നിങ്ങള്‍ അവരുടെ മുന്‍പില്‍ ഒന്നുമല്ല എന്ന് പറയുന്നവരോട് പണം കൊണ്ടും പ്രായം കൊണ്ടും പ്രതാപം കൊണ്ടും പ്രശസ്തി കൊണ്ടും അവര്‍ രാജാക്കന്മാര്‍ തന്നെയാണ് സമ്മതിക്കുന്നു, ഞങ്ങള്‍ കേവലം പ്രജകള്‍. എന്നാല്‍ അല്പനും പൊങ്ങനുമായ രാജാവ് തുണിയുടുത്തിട്ടില്ല എന്നു പറയാന്‍ ആള്‍ക്കൂട്ടത്തില്‍ ഒരു കൊച്ചന് മടിയില്ലായിരുന്നു എന്ന സത്യം മറക്കരുത്. പ്രഭുക്കന്മാരും മന്ത്രിമാരും പടനായകന്മാരും രാജാവിന്റെ വസ്ത്രത്തെ പുകഴ്ത്തി. ഇന്നും അല്പന്മാരായ സെലിബ്രേറ്റികളെ നേതാക്കന്മാരും വിഡ്ഢികളായ പൊതുജനങ്ങളും വാനോളം പുകഴ്ത്തുമ്പോള്‍ നൂലുബന്ധമില്ലാതെ അരങ്ങു തകര്‍ക്കുകയാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് മടിയില്ല. ഇല്ലാത്ത വേഷമണിയാന്‍ തത്രപ്പെടുന്ന അല്പന്മാരെ വാനോളമുയര്‍ത്തുന്നത് അവസാനിക്കണം. എല്ലാവരും ഗാനരചയിതാക്കളും എഴുത്തുകാരും പ്രസംഗകരും അല്ലെന്നുള്ള സത്യം മനസ്സിലാക്കുക. പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, വേദഅദ്ധ്യാപകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു എന്ന് പുസ്തകത്തില്‍ എഴുതണമെങ്കില്‍ ഇല്ലാത്തത് പലതും ഉണ്ടെന്ന് വരുത്തണം. ഇവര്‍മൂലം വായനക്കാര്‍ പുസ്തകത്തെ വെറുക്കുന്നു. ഇക്കൂട്ടരുടെ കൃതികളില്‍ പലതും രണ്ടാമതൊരു പതിപ്പ് വെളിച്ചം കണ്ടിട്ടില്ല. നല്ല കൃതികള്‍ സംഭാവന ചെയ്യാന്‍ ആളുകളില്ല അതുകൊണ്ട് വായനക്കാരും കുറഞ്ഞു. പേരും പെരുമയുമുള്ളതുകൊണ്ട് ആദ്യം കുറെ വിറ്റുപോകും. കഥയില്ലെന്ന് കാണുമ്പോള്‍ പിന്നീടാരും തിരിഞ്ഞുനോക്കുകയില്ല. ഓരോ താലന്തുകളും ദൈവം കനിവു തോന്നി കൊടുക്കുന്നതാണ്. ലഭിച്ചതില്‍ വിശ്വസ്തരാകുക. ഇല്ലാത്തതുണ്ടെന്നു വരുത്തുവാന്‍ പരിശ്രമിക്കരുത്. മറ്റുള്ളവരുടെ മുന്‍പില്‍ പരിഹാസ്യമാകും. കഴിഞ്ഞ ദിവസം ഒരു നേതാവ് സങ്കടത്തോടെ പറഞ്ഞു പുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണ്, ആളുകള്‍ വാങ്ങുന്നില്ല. ഈ പറയുന്നവര്‍ നിരവധി കൃതികള്‍ എഴുതി പ്രിന്റു ചെയ്തു. ഈടുറ്റ ചിന്തകള്‍ അതിലില്ലാത്തതുകൊണ്ട് വായനക്കാര്‍ തീര്‍ത്തും ഈ കൂട്ടരെ ഉപേക്ഷിച്ചു. മൂല്യമുള്ളതെഴുതിയാല്‍ വാങ്ങിക്കാനും വായിക്കാനും ആളുകളുണ്ട്.
പറഞ്ഞുപിടിപ്പിച്ച മഹാമണ്ടത്തരങ്ങള്‍ പലതും പലരും പൊളിച്ചടുക്കിയപ്പോള്‍ അതംഗീകരിക്കാന്‍ മനസ്സില്ലാതെ വീണ്ടും അതിനെ ന്യായീകരിക്കുവാനാണ് അല്പന്മാരുടെ ശ്രമം. പരിശുദ്ധാത്മാവ് തീയല്ലെന്ന് എത്ര പറഞ്ഞുകൊടുത്താലും അല്പന്മാര്‍ക്ക് അവര്‍ തട്ടിവിട്ട മഹാമണ്ടത്തരം സ്ഥാപിച്ചേ മതിയാവൂ.
* നല്ല നിലയില്‍ വേദശാസ്ത്ര അടിത്തറയില്ലാത്തവര്‍ പത്ത് സ്റ്റേജ് കിട്ടിയപ്പോള്‍ വേദാദ്ധ്യാപകരായി.
* എഴുത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്തവര്‍ പ്രശസ്തിയുടെ പേരില്‍ എഴുത്തുകാരായി.
* കസേരയുടെയും പണത്തിന്റെയും പേരില്‍ മറ്റു ചിലര്‍ പ്രഭാഷകരുമായി.
അങ്ങനെ അല്പന്മാരും പൊങ്ങന്മാരും ഇവിടെ അരങ്ങ് വാഴുകയാണ്. പ്രഗത്ഭരായ അദ്ധ്യാപകരുടെ ക്ലാസുകള്‍ ലഭിക്കാതെയും വേണ്ട നിലയില്‍ വേദശാസ്ത്രത്തിന്റെ അടിസ്ഥാനം ലഭിക്കാതെയും പോയാല്‍ ഒടുവില്‍ ഇതൊക്കെയാണ് സ്ഥിതി. സെലിബ്രിറ്റികളെ തൊട്ടാല്‍ അവരുടെ ഫാന്‍സിന് പൊള്ളും. എത്ര അറിയപ്പെടുന്നവനായാലും കോമാളിത്തരം കാണിച്ചാല്‍ സമൂഹത്തില്‍ തുറന്നു കാണിക്കുമെന്നതില്‍ തര്‍ക്കമില്ല. വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് അരങ്ങ് തകര്‍ക്കുന്ന അല്പന്മാരെ ഇതില്‍നിന്നും അപഗ്രഥിച്ചെടുക്കാന്‍ അധികം സമയം വേണ്ട. വിദ്യാഭ്യാസവും വിവരവും ദൈവകൃപയുമുള്ളവര്‍ നമുക്കിടയിലുണ്ട്. അല്പന്മാരെ ഒഴിവാക്കിയിട്ട് കഴമ്പുള്ളത് പറയുവാന്‍ കഴിവുള്ളവര്‍ക്ക് അവസരം നല്കുക. അവരുടെ എഴുത്തുകളും പ്രോത്സാഹിപ്പിക്കുക. മൂല്യമുള്ള ചിന്തകള്‍ പങ്കുവയ്ക്കുക. സത്യത്തിന്റെ ഭാഗത്ത് നില്ക്കുകയും തട്ടിപ്പുകളെ തിരിച്ചറിയുകയും ചെയ്യണം. വഞ്ചിക്കപ്പെടാതിരിക്കുക. സത്യം പറയുന്നതിന് ഭയപ്പെടരുത്. പുരുഷത്വം കാണിക്കുക. നമ്മുടെ കര്‍ത്താവ് വേഗം വരാറായി.