കുഴലൂത്ത് തൊഴിലാളികൾ
പക്ഷേ നിങ്ങളെ മീറ്റിങ്ങിന് വിളിച്ച ആളിന്റെ വേലക്കാരൻ അല്ലല്ലോ നിങ്ങൾ. നിങ്ങളുടെ യജമാനൻ കർത്താവല്ലേ? കരുതുന്ന കർത്താവിനെപ്പറ്റി തന്നെയല്ലേ നാം പ്രസംഗിക്കുന്നത്?
2004 – 2014 കാലയളവിൽ ഐ.സി.പി.എഫ്.-ലൂടെയാണ് ഞാൻ കലാലയ വിദ്യാർഥികളുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്തിയത്. ഐ.സി.പി.എഫിന്റെ നാഷണൽ സ്റ്റുഡന്റ് ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാമാണ് സ്കൂൾ ഓഫ് യൂത്ത് മിനിസ്ട്രി (SYM).
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് അതിൽ പങ്കെടുക്കുന്നത്.
2011-ൽ അതിന്റെ നടത്തിപ്പ് ചുമതല ഏല്ക്കേണ്ടി വന്നു. മാസങ്ങൾക്ക് മുമ്പേ ക്രമീകരണങ്ങൾ ആരംഭിച്ചു. ക്ലാസെടുക്കാൻ
അദ്ധ്യാപകരെയൊക്കെ വിളിച്ച് ഡേറ്റ് നൽകി പ്രോഗ്രാം ഷീറ്റും അടിച്ചു. SYM ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ, വരാമെന്ന് നേരത്തെ തന്നെ സമ്മതിച്ച കേരളത്തിൽ തന്നെയുള്ള ഒരു അദ്ധ്യാപകനെ വിളിച്ചു. ഓർപ്പിച്ച് ഉണർത്തുന്നതിനായാണ് വിളി.
അപ്പോഴാണ് അദ്ദേഹം കൂലി വിവരം അറിയിച്ചത്. തന്റെ ഒരു മണിക്കൂർ ക്ലാസിന് രണ്ടായിരം രൂപയാണ്. പക്ഷെ SYM-നു വേണ്ടി തന്റെ വില (rate) അല്പം താഴ്ത്താമത്രേ. എന്തായാലും പണം ഡിമാൻഡ് ചെയ്ത താങ്കൾ ഇനി അദ്ധ്യാപകനായി വരണ്ട എന്ന് തീർത്തു പറഞ്ഞ് പുതിയ ആളിനെ ഞാൻ ഒരാഴ്ച്ചയ്ക്കകത്ത് അറേഞ്ച് ചെയ്തു. (ക്ലാസെടുക്കാനായി ഐ.സി.പി.എഫിന് പുറത്തു നിന്ന് എത്തുന്ന എല്ലാ അദ്ധ്യാപകരെയും മാന്യമായി യാത്രയാക്കാറുണ്ട് ).
ഇന്ന് ധന-കേന്ദ്രീകൃത ശുശ്രൂഷകൾ നടത്തുന്നവർ വർദ്ധിക്കുന്നു.
യേശു കർത്താവ് ഇങ്ങനെയുള്ളവരെ വിശേഷിപ്പിച്ചത് “കൂലിക്കാരൻ” എന്നാണ് (യോഹ. 10:13).
ആടുകളെക്കൊണ്ട് തങ്ങളെത്തന്നെ മേയ്ക്കുന്ന ഇടയന്മാരാണ് അവർ( യെഹെ.34:2).
വിലാപ ഭവനത്തിൽ എത്തുന്നവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകത്തക്കവണ്ണം
നന്നായി കരയുന്ന വിലാപക്കാരത്തികൾ ഉണ്ടായിരുന്നു
(യിരെ. 9:17-18). യായിറൊസിന്റെ മകൾ മരിച്ചപ്പോൾ ആ ഭവനത്തിൽ ഇങ്ങനെയുള്ള വിലാപക്കാരും കുഴലൂത്തുകാരും എത്തിയിരുന്നു.
വിലാപ ഭവനത്തിലെത്തിയ ശേഷം ഇവർ സാമർത്ഥ്യത്തോടെ
നടത്തുന്ന നിലവിളിയും കുഴലൂത്തും കേട്ടുനില്ക്കുന്നവരുടെ
കണ്ണ് നിറയ്ക്കും. പിന്നീടവർ കുഴലൂതിയതിന്റെ കണക്ക് പറഞ്ഞു ചില്ലറ വാങ്ങിച്ച് സ്ഥലവും വിടും. കൂലിക്കാരായ ഇടയന്മാർക്ക് ആടുകളുമായി ബന്ധമില്ലാത്തതുപോലെ (യോഹ.10:12) കുഴലൂത്തുകാർക്കും
വിലാപഭവനവുമായി ആത്മബന്ധങ്ങൾ ഒന്നുമില്ല. രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നുതന്നെ, കൂലി.
കൂലി കൊതിച്ച് പ്രവചിച്ച ബിലെയാമിന്റെ പിന്മുറക്കാർ ഇന്നുമുണ്ട്.
പ്രസംഗിക്കാം, പക്ഷേ കാശു വേണം.
പാട്ടുപാടാം, പക്ഷേ കൂലി കിട്ടണം. ഇന്ന് നമ്മുടെ കൺവെൻഷനും മറ്റും ഇങ്ങനെയുള്ളവരുടെ കുഴലൂത്തു സംഗമങ്ങൾ ആയി മാറുന്നു.
കൊള്ളപ്പലിശക്കാരനും രാഷ്ട്രീയക്കാരനും കരിഞ്ചന്തക്കാരനും എല്ലാം അവിടെ കയറി വന്ന് കുഴലൂതുന്നു.
സംഘാടകർ അവരോട് ചേർന്ന് നിൽക്കുന്നു.
ചില കുഴലൂത്തുകാർ ചില്ലറ വാങ്ങുമ്പോൾ
മറ്റ് ചിലർ ചില്ലറ നൽകി സ്റ്റേജ് തരപ്പെടുത്തുന്നു.
പ്രസംഗകരും സംഗീതക്കാരുമായ ചില ആധുനിക കുഴലൂത്തുകാർ നേരത്തെ തന്നെ തങ്ങളുടെ നിരക്ക് ഉറപ്പിച്ചാണ് മീറ്റിംഗുകളിൽ എത്തുന്നത്. നിരക്കിന്റെ സിംഹഭാഗവും മുൻകൂറായി വാങ്ങുന്നവരും കുറവല്ല.
കുഴലൂത്തിന്റെ നിരക്ക് കുറഞ്ഞാൽ രോഷപ്രകടനം നടത്തുന്നവരും അത് മാലോകരെ അറിയിക്കുന്നവരും കുറവല്ല.
(പ്രതിഫലേച്ഛ ഒന്നുമില്ലാതെ വിശ്വസ്തതയോടെ
ദൈവവേല ചെയ്യുന്നവർ ഉണ്ടെന്നുള്ളതും മറക്കുന്നില്ല).
സൂം(മീറ്റിങ്)ആയാലും ഗൂഗിൾ ആയാലും നമുക്കും കിട്ടണം പണം എന്ന നിലയിലായി കാര്യങ്ങൾ.
നിശ്ചിത ഫീസ് ഈടാക്കി സൂംമീറ്റിങ് സംഘാടകർക്ക്
കാഴ്ചക്കാരെ എത്തിച്ചു കൊടുക്കുന്ന ഏജൻസികളും ഉണ്ടത്രേ.
“വേലക്കാരൻ തന്റെ കൂലിക്ക് യോഗ്യൻ” ആണല്ലോ എന്ന ഒരു മറുവാദം ഉയർന്നേക്കാം.
പക്ഷേ നിങ്ങളെ മീറ്റിങ്ങിന് വിളിച്ച ആളിന്റെ വേലക്കാരൻ അല്ലല്ലോ നിങ്ങൾ. നിങ്ങളുടെ യജമാനൻ കർത്താവല്ലേ?
കരുതുന്ന കർത്താവിനെപ്പറ്റി തന്നെയല്ലേ നാം പ്രസംഗിക്കുന്നത്?
കൊരിന്ത്യരോട് സുവിശേഷം പങ്കുവെച്ചത് ചാർജ് വാങ്ങാതെ സൗജന്യമായിട്ടാണെന്ന്
പൗലോസ് അപ്പോസ്തലൻ പറയുന്നുണ്ടല്ലോ
(2കൊരി.11:7).
“എനിക്ക് വേണ്ടത് നിങ്ങൾക്കുള്ളവയേയല്ല, നിങ്ങളെത്തന്നെയാണ്” എന്ന് അദ്ദേഹം പറഞ്ഞതും ഓർക്കണം
(2കൊരി:12:14 ).
സൗജന്യമായി നിങ്ങൾക്ക് ലഭിച്ചത് സൗജന്യമായി നൽകാനല്ലേ കർത്താവ് കല്പിച്ചതും.
എലീശാ പ്രവാചകന്റെ ഏജന്റായി ചമഞ്ഞ്
പണം ഡിമാൻഡ് ചെയ്ത
ഗേഹസിക്ക് വന്നു ഭവിച്ചതും മറന്നുപോകരുത്.
യായിറൊസിന്റെ ഭവനത്തിൽ ചെന്ന യേശു എന്താണ് ആദ്യം ചെയ്തത്?
അവിടെ ഉണ്ടായിരുന്ന കുഴലൂത്തുകാരെ എല്ലാം പുറത്താക്കി (മത്താ.9:23, മർക്കൊ. 5:38-40).
ഇതൊരു മുൻ സൂചനയാണ്. “അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്ന് തീർത്ത് പറഞ്ഞ് പുറത്താക്കുന്ന”
(മത്താ.7:23) കർത്താവ് വരാറായി. ചെയ്ത കുഴലൂത്ത് ശുശ്രൂഷകളെല്ലാം നിഷ്ഫലമായി തീരുന്ന ഒരു ദിവസം വരുന്നുണ്ട്. കരുതിയിരുന്നാൽ നമുക്കെല്ലാം നന്ന്.