ക്രൈസ്തവ കൂട്ടക്കൊല നടക്കുന്ന നൈജീരിയയെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തണം: 33,000-ത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം ജോ ബൈഡന് സമര്‍പ്പിച്ചു

0 368

വാഷിംഗ്ടണ്‍ ഡി‌സി: ക്രൈസ്തവ കൂട്ടക്കൊല രൂക്ഷമായ നൈജീരിയയെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് 33,000-ത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം വൈറ്റ്ഹൗസിന് സമര്‍പ്പിച്ചു. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ വേണ്ടി നിലകൊള്ളുന്ന സംഘടനയായ ‘അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ ആണ് ഇക്കഴിഞ്ഞയാഴ്ച നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇക്കൊല്ലത്തെ വാര്‍ഷിക പട്ടികയില്‍ നൈജീരിയയെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നൈജീരിയയെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ബൈഡന്‍ ഭരണകൂടം നൈജീരിയയെ പ്രത്യേക വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയ അതേ വര്‍ഷം തന്നെ ഇസ്ലാമിക് സ്റ്റേറ്റും മറ്റ് തീവ്രവാദി സംഘടനകളും 4,650 നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക നൈജീരിയന്‍ ക്രൈസ്തവരെ ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും, കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ലോകത്ത് ഏറ്റവും അപകടമേറിയ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയയെന്നും അപേക്ഷയില്‍ പറയുന്നു.

“ഞങളുടെ സഹോദരീ സഹോദരന്‍മാര്‍ വിശ്വാസത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും, രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് നോക്കി നിശബ്ദരായിരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ കൊലപാതകങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം”- ‘റെവലേഷന്‍ മീഡിയ ആന്‍ഡ്‌ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം’ നിവേദനത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ മെയ് മാസത്തില്‍ ഒരു വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ ദെബോറ ഇമ്മാനുവല്‍ യാക്കൂബ് എന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക വാദികള്‍ കല്ലെറിഞ്ഞു മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവത്തോടെ നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ആഗോള തലത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സംഭവത്തോടെ നൈജീരിയയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നിരവധി മനുഷ്യാവകാശ വിദഗ്ദരും സംഘടനകളും രംഗത്ത് വരികയുണ്ടായി. “നൈജീരിയയില്‍ മതപീഡനത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെങ്കിലും, പട്ടികയില്‍ നിന്നും ഒഴിവാക്കിയത് തങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുണ്ടെന്നും ഓപ്പണ്‍ഡോഴ്സ് യു.എസ്.എ യുടെ സി.ഇ.ഒ ഡേവിഡ് കറി പറഞ്ഞു. നൈജീരിയയുടെ വടക്ക് ഭാഗം പൂര്‍ണ്ണമായും ഇസ്ലാമിക ‘ശരിയത്ത്’ നിയമത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കറി ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനം നടക്കുന്ന 50 രാഷ്ടങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ് യു.എസ്.എ’ യുടെ ഇക്കൊല്ലത്തെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.

Get real time updates directly on you device, subscribe now.

%d bloggers like this: