ലണ്ടന്‍: മുന്‍ വിദേശകാര്യ സെക്രട്ടറിയും ബ്രെക്സിറ്റ് അനുകൂലിയുമായ ബോറിസ് ജോണ്സണ് ബ്രിട്ടൻറെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു.സ്ഥാനമൊഴിയുന്ന തെരേസ മേയ് ബോറിസിന് ഊഷ്മള സ്വാഗതം നേര്‍ന്നു. ഭര്‍ത്താവ് ഫിലിപ്പിനൊപ്പമാണ് മേയ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ മികച്ച വിജയം നേടിയതോടെയാണ് പ്രധാനമന്ത്രിപദത്തിലേക്കുള്ള ബോറിസിെന്റ വഴി തെളിഞ്ഞത്. ഒക്ടോബര്‍ 31നകം ബ്രെക്സിറ്റ് കുരുക്കഴിച്ച് ബ്രിട്ടനെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് മോചിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ ലണ്ടന്‍ മേയര്‍ കൂടിയായ ബോറിസ് പ്രഖ്യാപിച്ചു.
അതേസമയം കുറഞ്ഞ സമയത്തിനുള്ളില്‍ കരാറില്ലാതെയുള്ള ബ്രെക്സിറ്റിനാണ് വഴിയൊരുക്കുകയെന്ന ആശങ്ക പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പങ്കുവെച്ചു. കരാറില്ലാതെയുള്ള പിന്‍വാങ്ങലിന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍തന്നെ എതിര്‍പ്പാണ്. ബോറിസ് തെരഞ്ഞെടുക്കപ്പെട്ടതോടെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗ്വോയ്ക്ക്, അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റെവാര്‍ട് തുടങ്ങിയവര്‍ രാജിപ്രഖ്യാപിച്ചിരുന്നു.