2022-ല്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 511 അക്രമ സംഭവങ്ങള്‍

ഇത്തവണയും കൂടുതല്‍ യു‌പിയില്‍: പുതിയ റിപ്പോര്‍ട്ട് പുറത്ത്

0 659

മുംബൈ: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങളില്‍ ഇക്കൊല്ലവും വന്‍ വര്‍ദ്ധനവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) ഇക്കഴിഞ്ഞ നവംബര്‍ 26 ശനിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ തമിഴ്നാടും, കര്‍ണാടകയുമാണ് മുന്നില്‍. 2022 നവംബര്‍ 21 വരെ രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെ 511 അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് ‘യു.സി.എഫ്’ന്റെ കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 505 ആയിരുന്നു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തല്‍, വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങള്‍ അലംകോലമാക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷപരമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2015-ല്‍ ആരംഭിച്ച ടോള്‍ ഫ്രീ നമ്പറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.സി.എഫ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 2018-ല്‍ 292 ആക്രമണങ്ങള്‍ നടന്നപ്പോള്‍, 2019-ല്‍ 328 ആയി ഉയര്‍ന്നു. എന്നാല്‍ 2020-ല്‍ കൊറോണ പകര്‍ച്ചവ്യാധി കാരണമുള്ള നിയന്ത്രണങ്ങള്‍ കാരണം ഇത് 279 ആയി കുറഞ്ഞെങ്കിലും 2021-ല്‍ ഈ സംഖ്യ 505 ആയി ഉയരുകയായിരുന്നു. വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കിയിരിക്കെ ഇക്കൊല്ലം ഈ സംഖ്യ 511 ആയി ഉയര്‍ന്നിരിക്കുകയാണ്. ക്രൈസ്തവര്‍ക്കെതിരായി ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത് സെപ്റ്റംബറിലാണ്. 61 സംഭവങ്ങളാണ് സെപ്റ്റംബറില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 149 ആക്രമണ സംഭവങ്ങളുമായി ഉത്തര്‍ പ്രദേശ്‌ തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍.

ഛത്തീസ്ഗഡാണ് തൊട്ട് പിന്നില്‍ (115). ജാര്‍ഖണ്ഡ് 48, ഡല്‍ഹി 1, ഹിമാചല്‍ പ്രദേശ്‌ 4, ജമ്മു കാശ്മീര്‍ 1, രാജസ്ഥാന്‍ 5 എന്നിങ്ങനെയാണ് കണക്ക് പോകുന്നത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഛണ്ഡിഗഡില്‍ ഒരു സംഭവം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്ക് – കിഴക്കന്‍ മേഖലയില്‍ മേഘാലയിലും, ത്രിപുരയിലും ഓരോ സംഭവങ്ങള്‍ വീതവും, ആസാമില്‍ രണ്ട് സംഭവങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലും, തമിഴ്നാട്ടിലും 30 സംഭവങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, കേരളത്തിലും, പുതുച്ചേരിയിലും ഒരു സംഭവം പോലും രേഖപ്പെടുത്തിയിട്ടില്ല. ആന്ധ്രാപ്രദേശ് 6, തെലുങ്കാന 4 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍. തീവ്രഹിന്ദുത്വ നിലപാടുള്ളവരുടെ ആധിക്യവും കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ പിന്തുണയുമാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി പൊതുവേ വിലയിരുത്തുന്നത്.

Get real time updates directly on you device, subscribe now.

%d bloggers like this: