ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്  99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും 

കണ്‍വന്‍ഷന് കോവിഡ് പ്രോട്ടോക്കോളിന് അനുസൃതമായ ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. വൈപിഇ മീഡിയ, ഫെയ്‌സ് ബുക്ക്, യൂടൂബ് എന്നിവയില്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

0 614

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 വ്യാഴം മുതല്‍ 26 ശനിയാഴ്ച വരെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലില്‍ നടക്കും. 24ന് വൈകിട്ട് 5.30ന്  അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ റെജി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.  ‘വിശ്വാസത്തിന്റെ പരിശോധന’ എന്നതാണ് ചിന്താവിഷയം . സുപ്രസിദ്ധ സുവിശേഷ പ്രസംഗകർ പൊതുയോഗങ്ങളിൽ പ്രഭാഷണം നടത്തും . ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനങ്ങളാലപിക്കും.
1923-ല്‍ പമ്പാ നദിയുടെ മണൽപ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 99- വര്‍ഷങ്ങള്‍ പിന്നിട്ട് 100-ാം വര്‍ഷത്തിൽ പ്രവേശിക്കുകയാണ്. പെന്തക്കോസ്ത് കണ്‍വന്‍ഷനുകളുടെ മുത്തശ്ശി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ശതാബ്ദി നിറവില്‍ എത്തി നില്ക്കുന്നു. ശതാബ്ദി കണ്‍വന്‍ഷന് ഒരു വര്‍ഷം നീണ്ടും നില്ക്കുന്ന വിപുലമായ  പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. 2023-ല്‍ ജനുവരിയിൽ തിരുവല്ല സഭാ സ്റ്റേഡിയത്തില്‍  ശതാബ്ദി കണ്‍വന്‍ഷൻ നടക്കും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിപുലമായ പരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 26-ാം തീയതി ശനിയാഴ്ച വൈകിട്ട് സഭയുടെ അദ്ധ്യക്ഷന്‍ റവ. സി.സി തോമസ് നിര്‍വ്വഹിക്കും. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മിഷൻ പദ്ധതികളും ഉൾപ്പെടുന്ന കർമ്മ പദ്ധതികളാണ് ശതാബ്ദിയുടെ ഭാഗമായി നടപ്പിലാക്കുന്നതെന്ന് സഭാ സെക്രട്ടറി പാസ്റ്റർ സജി ജോർജും മീഡിയ ഡയറക്ടർ പാസ്റ്റർ സാംകുട്ടി മാത്യുവും അറിയിച്ചു.
തീഷ്ണമായ സഹനപാതയിലൂടെ വിശ്വാസ വീര്യം ഒട്ടും ചോരാതെ, പിതാക്കന്മാര്‍ തെളിച്ച അഗ്നി പാതയിലൂടെ മുന്നേറി സഭ ഇന്നും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കേരളത്തില്‍ 1300-ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്.

സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും. കണ്‍വന്‍ഷന് കോവിഡ് പ്രോട്ടോക്കോളിന് അനുസൃതമായ ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. വൈപിഇ മീഡിയ, ഫെയ്‌സ് ബുക്ക്, യൂടൂബ് എന്നിവയില്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. ശനിയാഴ്ച രാത്രി യോഗത്തോടെ കൺവെൻഷൻ അവസാനിക്കും.