സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

0 450

തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആഗസ്റ്റ് 29 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശയാത്ര മാറ്റിവച്ച് ചെന്നൈയില്‍ എത്തിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എട്ട് മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം മാറിനിന്നിരുന്നു. ഇതിന് ശേഷമാണ് വിദഗ്ദ ചികിത്സയ്ക്കായി പുറപ്പെട്ടത്.

കൊച്ചിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇടയ്ക്ക് ആരോഗ്യകാരണങ്ങളാല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നിരുന്നു. അന്ന് കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവനാണ് താല്‍ക്കാലിക ചുമതലയുണ്ടായിരുന്നത്.
തലശ്ശേരിയ്ക്കടുത്ത് കോടിയേരിയില്‍ പരേതരായ മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും പുത്രനായി 1953 നവംബര്‍ 16നാണ് കോടിയേരി ബാലകൃഷ്ണന്‍ ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഒണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ കെ.എസ്.എഫിന്റെ യൂണിറ്റ് സ്‌കൂളില്‍ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും.
മാഹിയില്‍ പ്രീഡിഗ്രി വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് തന്നെയാണ് മാഹി മഹാത്മാഗാന്ധി ഗവണ്‍മെന്റ് കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. കെ.എസ്.എഫിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ 1970ല്‍ തിരുവനന്തപുരത്ത് വെച്ചു നടന്ന എസ് എഫ് ഐ യുടെ രൂപീകരണസമ്മേളനത്തിലും പങ്കെടുത്തിരുന്നു.
2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു, തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതല്‍ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.
2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സി പി എമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ വെച്ചു നടന്ന സി പി എമ്മിന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു.