ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് കോവിഡ് ഭേദമായെന്ന് ജില്ലാ കലക്ടര്‍

സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികള്‍ക്കാണ്.

0 877

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികള്‍ക്കാണ്.

കൊച്ചിയില്‍ കോവിഡ് ചികിത്സയിലായിരുന്ന വിദേശിയും ശനിയാഴ്ച സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായി. ഇവര്‍ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ഇതോടെ നിലവില്‍ 165 പേരാണ് കേരളത്തില്‍ കോവിഡിന് ബാധിതരായുള്ളത്.
ആകെ 1,34,370 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.

ശനിയാഴ്ച സംസ്ഥാനത്ത് ആറ് പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നു കുറവുണ്ടായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി കോവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടില്ലെന്നും അറിയിച്ചു.