ഒരു നിരീശ്വരവാദിയുടെ മരണം; മറ്റൊരുവന്റെ മടങ്ങി വരവും

0 816

ബർമയിൽ മിഷ്ണറിയായിരുന്ന അഡോണിറാം ജഡ്സനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമാണ്.
അമേരിക്കയിൽ,
മസാച്ചുസെറ്റ്സിലെ
മാൽഡനിൽ ആയിരുന്നു ജനനം;1788-ൽ. ഒരു സഭാ ശുശ്രൂഷകനായിരുന്ന
പിതാവ് തന്റെ പേര് തന്നെയാണ്
മകനും നൽകിയത്.
അമ്മ അബീഗയിൽ.

മൂന്നാം വയസ്സിൽ തന്നെ ജഡ്സൻ വായിക്കാൻ പഠിച്ചു. വളർച്ചയുടെ ഓരോ ഘട്ടത്തിലും തന്റെ വൈഭവം പ്രകടമായിക്കൊണ്ടിരുന്നു. വിഷമമേറിയ പദപ്രശ്നങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിൽ ജഡ്സൺ സമർത്ഥനായിരുന്നു.
പത്ത് വയസ്സ് ആകും മുമ്പേ അങ്കഗണിതത്തിൽ (arithmetic) ഉള്ള വിരുതും പ്രകടമാക്കി.
മിക്ക പരീക്ഷകളിലും മറ്റ് മത്സരാർത്ഥികളേക്കാൾ അവൻ മികച്ചു നിന്നു.

പതിനാറാം വയസ്സിൽ
പഠനത്തിനായി പ്രൊവിഡൻസ് കോളജിലെത്തിയ ജഡ്സൻ ബുദ്ധിശാലിയായ ഒരു വിദ്യാർത്ഥിയെ പരിചയപ്പെട്ടു; പേര്- ജേക്കബ് ഏണസ്റ്റ്.
അവനാണെങ്കിൽ കടുത്ത നിരീശ്വരവാദിയും. അന്ന് പ്രചാരത്തിലിരുന്ന നാസ്തിക വാദത്തിന്റെ ഇരകളായിരുന്നു മിക്ക വിദ്യാർഥികളും യുവാക്കളും. തമ്മിലുള്ള സൗഹൃദം വർദ്ധിച്ചതോടെ
ഏണസ്റ്റിന്റെ ചിന്തകൾ
ജഡ്സനെ
സ്വാധീനിക്കാൻ തുടങ്ങി.

തന്നെപ്പോലെ മകനും ഒരു സുവിശേഷകൻ ആകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ ജഡ്സന് അത് ഉൾക്കൊള്ളാനായില്ല. അറിവും താലന്തുമുള്ള പ്രതിഭാശാലിയായ താൻ പിതാവിന്റെ വഴി പിന്തുടരുന്നത് നിരർത്ഥകമാണെന്ന ചിന്ത അവനെ ഭരിച്ചു.
അങ്ങനെ അധികം കഴിയും മുമ്പേ
ജഡ്സൻ നാസ്തിക വാദത്തിന്റെ ഒരു വക്താവായി മാറി.

അവന്റെ മാതാപിതാക്കൾക്ക് അതൊരു അപമാനമായി.
മകനുമായി പിതാവ് മിക്കപ്പോഴും തർക്കത്തിൽ ഏർപ്പെട്ടു. പക്ഷെ ജഡ്സനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടു. പിതാവ് ഉയർത്തുന്ന എല്ലാ ചോദ്യങ്ങൾക്കും അവന് തന്റേതായ മറുപടി ഉണ്ടായിരുന്നു.
മറുവശത്ത്, ഗുണദോഷം പറഞ്ഞു കൊടുത്ത് നേർവഴി നടത്താൻ അമ്മ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. പ്രാർത്ഥനയും കണ്ണീരും ഒട്ടും കുറച്ചില്ലതാനും.

ഇരുപതാം വയസ്സിൽ ജഡ്സൻ ക്രിസ്തുവിനെ പൂർണമായി തള്ളിക്കളഞ്ഞു.
തന്നിഷ്ടക്കാരനായി
സ്വാഭിലാഷങ്ങളെ പിന്തുടരാൻ ആഗ്രഹിച്ച അവൻ ഒരു സഞ്ചാരം ആരംഭിച്ചു.

അങ്ങനെ ദീർഘമായ കുതിര സവാരിക്കിടയിൽ രാത്രിയിൽ ഒരു സത്രത്തിൽ എത്തി.
അവിടെ ഒരു റൂം മാത്രമേ ഒഴിവ് ഉണ്ടായിരുന്നുള്ളൂ.
തൊട്ടടുത്ത റൂമിൽ കടുത്ത രോഗിയായി മരണാസന്നനായി ഒരാൾ കിടന്നിരുന്നു.

“എനിക്ക് മരണത്തെ ഭയമില്ല, കാരണം ഞാൻ ഒരു നിരീശ്വര വാദിയാണ്. അതുകൊണ്ട് ഒഴിവുള്ള ആ റൂമിൽ ഞാൻ വിശ്രമിച്ചോളാം”. ജഡ്സൺ സത്രക്കാരനോടായി പറഞ്ഞു.

കിടന്നെങ്കിലും ജഡ്സന്
ഉറക്കം വന്നില്ല. തൊട്ടടുത്ത റൂമിൽ നിന്നുയരുന്ന ഞരക്കങ്ങളും മരണ ഭയത്തോടെയുള്ള വേദനാ ശബ്ദങ്ങളും
അവനെ അലട്ടി. അവൻ്റെയടുത്ത് സഹായവുമായി
പോകണമെന്ന് ജഡ്സന് തോന്നി.
പക്ഷേ അവനെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്?
മരിക്കുന്നവന്റെ അടുത്ത് പോകുന്നതു പോലും ജഡ്സനിൽ ഭീതി ഉളവാക്കി.

പെട്ടെന്ന് അവന് തന്നെക്കുറിച്ച് തന്നെ നാണക്കേട് തോന്നി.
നിരീശ്വരവാദിയായ തനിക്ക് മരണത്തെ ഭയമാണെന്ന് കൂട്ടുകാർ അറിഞ്ഞാൽ എന്ത് ചിന്തിക്കും? താൻ ഇത്ര ബലഹീനനായി പോയല്ലോ… എല്ലാറ്റിലുമുപരി
തൻ്റെ അടുത്ത സുഹൃത്തായ ഏണസ്റ്റ് അറിഞ്ഞാൽ എന്തു പറയും?
ജഡ്സൻ തന്റെ മനസ്സിനെ ഉറപ്പിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചു.
ഭീതിയുണർത്തുന്ന നിലവിളി തൊട്ടടുത്ത മുറിയിൽ നിന്ന് ഉയർന്നു കൊണ്ടേയിരുന്നു.

ബ്ലാങ്കറ്റ് വലിച്ച്
തല മൂടി ജഡ്സൻ കിടന്നു. ഉറങ്ങാതെ കിടന്ന ജഡ്സനെ ചിന്തകൾ കീഴടക്കി…
“ആ മനുഷ്യൻ സത്യത്തിൽ മരിക്കാൻ തയ്യാറായിരുന്നോ? അവൻ എവിടെയായിരിക്കും നിത്യത ചെലവഴിക്കുന്നത്? അവനൊരു ക്രിസ്ത്യാനി ആയിരുന്നോ…?,
സ്വർഗ്ഗ ജീവിതത്തിന്റെ പ്രത്യാശ അവന് ഉണ്ടായിരുന്നോ…?അതോ അഗാധതയിലെ ഇരുട്ടിൽ വിറയ്ക്കുന്ന ഒരു പാപിയായിരുന്നോ അവൻ…?”

“ഒരുപക്ഷേ, അവന്റെ അമ്മ ബൈബിൾ കഥകൾ അവനെ പഠിപ്പിച്ചിരിക്കാം..
ഒരു ക്രിസ്തീയ ഭവനത്തിന്റെ സ്വാധീനത്തിൽ നിന്ന് അവൻ അകന്നു പോയതാകാം…
പക്ഷേ ഇപ്പോൾ ആരുമില്ലാതെ.. അപരിചിതർക്കിടയിൽ മരണത്തെ പുൽകാൻ അവൻ കിടക്കുന്നു… അവന്റെ പിതാവിന്റെ വീട്ടിലേക്ക് അവനെ തിരികെയെത്തിക്കാൻ ആരുമില്ല… അവൻ മരിക്കുകയാണ്.. നഷ്ടപ്പെടുകയാണ്….”

ചിന്തകൾക്കിടയിൽ ജഡ്സൻ മരണക്കിടക്കയിൽ ആയിരിക്കുന്നവന്റെ സ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിച്ചു….
എപ്പോഴോ തൊട്ടടുത്ത റൂമിലെ ശബ്ദം നിലച്ചു…എല്ലാം ശാന്തമായി…

രാവിലെ തന്നെ അടുത്ത റൂമിൽ കിടന്നവനെക്കുറിച്ച് ജഡ്സൻ സത്രക്കാരനോട് അന്വേഷിച്ചു.

“അവൻ മരിച്ചു” എന്നായിരുന്നു മറുപടി.

“അവൻ ആരായിരുന്നു…? നിനക്ക് എന്തെങ്കിലും അറിയാമോ?”
ജഡ്സന്റെ ചോദ്യം.

“അറിയാം,
പ്രോവിഡൻസ് കോളേജിലെ ഒരു ബിരുദധാരി ആയിരുന്നു അവൻ. ആ ചെറുപ്പക്കാരന്റെ പേര് ഏണസ്റ്റ്.”

അതു കേട്ട ജഡ്സൻ തളർന്നു പോയി…
തലേദിവസം തൊട്ടടുത്ത റൂമിൽ യാതനയോടെ നിലവിളിച്ച് മരിച്ച വ്യക്തി തന്നെ നാസ്തികത്വത്തിലേക്ക് നയിച്ച തന്റെ സുഹൃത്ത് ആയിരുന്നു എന്ന വാർത്ത ജഡ്സനെ ഞെട്ടിച്ചു…. ഏണസ്റ്റ് മരിച്ചിരിക്കുന്നു…, നഷ്ടമായിരിക്കുന്നു…

ദൈവത്തിന് വഴങ്ങാതെ ഓടുന്ന ഈ ജീവിതം അർത്ഥ ശൂന്യമാണെന്ന തിരിച്ചറിവ് അവനിൽ ഉയർന്നു.
ജീവിതത്തിന്റെയും
മരണത്തിന്റെയും,
സമയത്തിന്റെയും
നിത്യതയുടെയും പരിശോധനയിൽ നിലനിൽക്കുന്ന
ഒരു വിശ്വാസം കണ്ടെത്തുവാൻ അവൻ ആഗ്രഹിച്ചു…
അങ്ങനെ ബൈബിളും അതിലെ രക്ഷയും സത്യമാണെന്നും, സ്വർഗ്ഗവും നരകവും യാഥാർത്ഥ്യമാണെന്നും അവന് ബോധ്യപ്പെട്ടു.
താൻ ഒരു പാപിയാണെന്നും
പാപക്ഷമ അത്യാവശ്യമാണെന്നും അവൻ തിരിച്ചറിഞ്ഞു.
ഈ വിഷമകരമായ അവസ്ഥയിലും തന്നെ മാടിവിളിക്കുന്ന സ്വഭവനത്തിലേക്ക് അവൻ മടക്കയാത്ര ആരംഭിച്ചു..

ജീവിതത്തിലെ
ഏറ്റവും അന്ധകാരാവൃതമായ
ഈ സമയം
അവൻ ദൈവ വചനത്തിലേക്ക് തിരിഞ്ഞു.
അവന്റെ ഹൃദയം ശുദ്ധീകരിക്കപ്പെട്ടു.
ക്രിസ്തു സ്നേഹത്താൽ പിടിക്കപ്പെട്ട അഡോണിറാം
25 വയസ്സുള്ളപ്പോൾ ബർമ്മയിലെത്തി. 38 വർഷത്തോളം അവിടെ ക്രൂശിന്റെ സന്ദേശവാഹകനായി. ബൈബിൾ പരിഭാഷയിലും ഡിക്ഷണറി രൂപപ്പെടുത്തുന്നതിലും സഭാ സ്ഥാപനത്തിലും അദ്ദേഹം നല്കിയ സംഭാവന അതുല്യമാണ്…

1850 ഏപ്രിൽ 12-ന്,
അറുപത്തിരണ്ടാം വയസ്സിൽ അഡോണിറാം കപ്പലിൽ വെച്ച് മരിച്ചു. കുറെ കപ്പൽ ജോലിക്കാരും ഒരു സുഹൃത്തും അല്ലാതെ ബന്ധുക്കൾ ആരും അടുത്തില്ലായിരുന്നു. അവർ അദ്ദേഹത്തെ ബംഗാൾ ഉൾക്കടലിൽ അടക്കം ചെയ്തു.

മരണത്തിനു മുമ്പായി അദ്ദേഹം പറഞ്ഞ വാക്കുകൾ മരണഭീതി ഒഴിഞ്ഞവന്റെ ജയഘോഷമാണ്:
“…കർത്താവ് എന്നെ തൻ്റെ ഭവനത്തിലേക്ക് വിളിക്കുമ്പോൾ, സ്കൂളിൽ നിന്ന് ഒരു കുട്ടി വീട്ടിലേക്ക് തിരികെ പോകുന്ന ആനന്ദത്തോടെ ഞാൻ മടങ്ങിപ്പോകും…”