മെക്സിക്കൻ ഐലൻ കുർദി. ഒരു ദയനീയ മരണം കൂടി.
യു. എസിൽ കഴിഞ്ഞ വർഷം മാത്രം മരിച്ചത് 283 അഭയാർഥികൾ. ഈ വർഷം 170 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തു.
കുടിയേറ്റ വിരുദ്ധ മനോഭാവത്തിനെതിരെ ലോക മനഃസാക്ഷിയെ ഉണർത്തിയ സിറിയൻ ബാലൻ ഐലൻ കുർദിയുടെ ദാരുണചിത്രത്തിന് സമാനമായി അഭയാർത്ഥി പ്രതിസന്ധിയിലേക്ക് വെളിച്ചം വീശി മെക്സിക്കൻ അതിർത്തിയിൽ നിന്നും മറ്റൊരു ദൃശ്യം. സാല്വഡോറിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർക്കാനുള്ള സാഹസത്തിൽ നദിയിൽ മുങ്ങി മരിച്ച അച്ഛന്റെയും രണ്ടുവയസുകാരി മകളുടെയും മൃദദേഹം തീരത്തടിഞ്ഞു. കമിഴ്ന്നു കിടക്കുന്ന അച്ഛനും മകളും. പിതാവിന്റെ വസ്ത്രത്തിനുള്ളിൽ അദ്ദേഹത്തെ ചേർത്തുപിടിച്ചു കിടക്കുന്ന രണ്ട് വയസുകാരി. റിയോഗ്രാൻറെ നദിക്കരയിൽ അടിഞ്ഞ ഇവരുടെ ചിത്രം ലോകമെമ്പാടും അഭയാർത്ഥി വിരുദ്ധ നിലപാടിനെതിരായ പ്രതിഷേധം ഉയർത്തി. രണ്ടു മാസക്കാലമായി മെക്സിക്കന്‍ ക്യാന്പില്‍ താമസിക്കുകയായിരുന്നു എല്സാല്വദോറുകാരനായ ഓസ്കര് ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് റമീറസും കുടുംബവും. സാല്വഡോറിൽ നിന്ന് 25 കാരനായ അൽബർട്ടോ മാർട്ടിനസ് റാമിറസും 21 കാരിയായ ഭാര്യ വേനേസ അവലോസും രണ്ടു വയസുകാരി മകൾ വലേറിയയെയും കൊണ്ട് ഞായറാഴ്ചയാണ് മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാൻ യാത്ര പുറപ്പെട്ടത്. മെക്സിക്കോ യാത്രയ്ക്കുള്ള നടപടിക്രമങ്ങൾ വൈകിമെന്നറിഞ്ഞതോടെയാണ് നദി നീന്തി അതിർത്തി കടക്കാൻ തീരുമാനിച്ചത്. റാമിറസ് കുഞ്ഞിനെ സ്വന്തം ഷർട്ടിനുള്ളിൽ ആക്കി മുതുകത്ത് സുരക്ഷിതമായി കെട്ടിവച്ച് ഭാര്യയ്‌ക്കൊപ്പം നദി മുറിച്ചു കടക്കുകയായിരുന്നു. എന്നാൽ ഒഴുക്കിൽ ഇവർ വേർപെട്ടു. അമ്മയുടെ കണ്മുമ്പിൽ തന്നെ അച്ഛനും മകളും മുങ്ങിമരിച്ചു. വനേസയ്ക്ക് സുരക്ഷിതമായി കാരയ്ക്കെത്താൻ കഴിഞ്ഞു. മെക്സിക്കൻ അതിർത്തിയുടെ ഭാഗമായ റിയോഗ്രാൻറെ നദിക്കരയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൊഴിലില്ലായ്മയും ദാരിദ്യവും മൂലം ആയിരങ്ങളാണ് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളായ എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെക്സിക്കോയിലെത്തി അനധികൃതമായി യുഎസില്‍ കുടിയേറാന്‍ ശ്രമിക്കുന്നത്. 2015 ൽ സിറിയയിൽ നിന്നും യൂറോപ്പിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനെതിരെ കടലിൽ മുങ്ങി മരിച്ച സിറിയൻ അഭയാർത്ഥി കുടുംബത്തിലെ മൂന്നു വയസുകാരൻ ഐലൻ കുർദിയുടെ മൃതദേഹം തുർക്കി തീരത്ത് അടിഞ്ഞതിന് സമാനമായ ചിത്രമാണിതെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ആയിരങ്ങൾ പ്രതികരിച്ചു.