മുംബൈയില്‍ കനത്ത മഴ: 23 പേര്‍ മരിച്ചു; ഗതാഗതം തടസ്സപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഇന്ന് ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ: ജനജീവിതം ദുസഹമാക്കി മുംബൈയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ഇതുവരെ 21 പേരാണ് മുംബൈയില്‍ കൊല്ലപ്പെട്ടത്. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നഗരവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുംബൈയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ കോളേജ് പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ആകുലപ്പെടേണ്ടതില്ലെന്നും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും ഉന്നത വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ അറിയിച്ചു.
കോമ്ബൗണ്ടിന്‍റെ മതില്‍ ഇടിഞ്ഞ് വീണ് മാലഡില്‍ ചൊവ്വാഴ്ച 16 പേര്‍ കൊല്ലപ്പെട്ടതായി എന്‍ ഡി ആര്‍ എഫ് അറിയിച്ചു. രാത്രി രണ്ടു മണിയോടെയാണ് മതില്‍ ഇടിഞ്ഞു വീണ് അപകടമുണ്ടായത്. അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ചില ട്രയിനുകള്‍ പുനഃക്രമീകരിച്ചു. മിതി നദി കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ കുര്‍ലയിലെ ക്രാന്തി നഗറില്‍ നിന്ന് 1000 ആളുകളെ ഒഴിപ്പിച്ചു.

മഴയില്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതം സ്തംഭിച്ചു. പല സ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സയോണ്‍, മാട്ടുംഗ സ്‌റ്റേഷനുകള്‍ വെള്ളത്തിലാണ്. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കുകള്‍ വെള്ളത്തിനായതിനാല്‍ ഇതുവരെ 13 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
ഇന്നലെ അര്‍ദ്ധരാത്രി 360 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്. ഇന്ന് രാവിലെ നാലിനും അഞ്ചിനും ഇടയില്‍ മാത്രം 100 മില്ലിമീറ്റര്‍ വരെ മഴ പെയ്തു. മുംബൈ, താനെ, റെയ്ഗഡ്, പല്ഗാര്‍ എന്നീ പ്രദേശങ്ങളില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി.
കാറ്റിലും മഴയിലും ഇതുവരെ മുംബൈ നഗരത്തില്‍ 150 മരങ്ങള്‍ കടപുഴകുകയോ, ഒടിഞ്ഞുവീഴുകയോ ചെയ്തതായി ബിഎംസി അറിയിച്ചു. മുംബൈ നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 4 അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. മുംബൈയില്‍ ജൂണില്‍ ലഭിക്കേണ്ട മഴയുടെ 97% മഴ ഏതാനും ദിവസങ്ങള്‍ക്കൊണ്ടു ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയത്.