ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണം ക്രൈസ്തവരെ ലക്ഷ്യമിട്ട്: യുഎൻ അന്വേഷണ റിപ്പോർട്ട്

0 749

മൊസൂള്‍: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തിയ പീഡനങ്ങൾ യുദ്ധ കുറ്റങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പരാമർശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് സമർപ്പിക്കപ്പെട്ടു. പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യംവെച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന് ഡിസംബർ ഒന്നാം തീയതി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവരെ നാടുകടത്തിയ സംഭവങ്ങൾ, ഇസ്ലാമിലേക്ക് നടത്തിയ നിർബന്ധിത മതപരിവർത്തനം, ദേവാലയങ്ങളും പൈതൃക കേന്ദ്രങ്ങളും തകർക്കപ്പെട്ട സംഭവങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവർ തിങ്ങിപ്പാർത്തിരുന്ന നിനവേ പ്രവിശ്യയിലെ പ്രദേശങ്ങളിൽ ഭൂരിഭാഗവും തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ സംഘടനകൾ നടത്തിയ കുറ്റകൃത്യങ്ങളുടെ ജീവിക്കുന്ന തെളിവുകൾ അന്താരാഷ്ട്ര പ്രതിനിധികൾക്ക് തങ്ങൾ കൈമാറിയെന്നു ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബാഷർ വർദ ‘എസിഐ മെന’ എന്ന മാധ്യമത്തോട് വെളിപ്പെടുത്തി. തീവ്രവാദ സംഘടനകൾ പിന്തുടരുന്ന ആശയങ്ങൾ പുതിയതല്ല. 2014ന് ശേഷം തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലകളും, അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം, നടന്ന അതിക്രമങ്ങളെ അംഗീകരിക്കുന്നത് ആളുകളുടെ അന്തസ്സ് വീണ്ടെടുക്കാനും, ചരിത്രരേഖ ഉണ്ടാക്കാനും സഹായകരമാകും. ഇതുവഴി വീണ്ടും ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കപ്പെടുകയും, ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. അവകാശങ്ങൾ നേടിത്തരാൻ ഇറാഖിലെ സർക്കാരിനൊപ്പം അമേരിക്കൻ ഭരണകൂടം പ്രവർത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ആയിരക്കണക്കിന് ക്രൈസ്തവർക്ക് നേരെ നടന്ന അതിക്രമങ്ങളെ പറ്റി പഠിക്കാൻ വേണ്ടിയുള്ള കമ്മീഷനുകൾക്ക് രൂപം നൽകാൻ, കത്തോലിക്കാ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിനോടും, മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ചേർന്ന് വലിയ പ്രവർത്തനമാണ് ഇർബിലിലെ കൽദായ കത്തോലിക്കാ സഭ നടത്തിയത്. ഈ ശ്രമങ്ങളാണ് ഇറാഖിൽ ക്രൈസ്തവർക്ക് നേരെ നടന്നത് യുദ്ധക്കുറ്റങ്ങൾ ആണെന്ന് അംഗീകരിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും, ജനപ്രതിനിധി സഭയെയും പ്രേരിപ്പിച്ചത്.