ലിഡിയ വേണോ, ഇന്ത്യ വേണോ?

യേശുക്രിസ്തുവിന്റെ സ്നേഹത്താൽ ഹൃദയം തിളച്ചു മറിഞ്ഞ ഹെൻട്രിക്ക് ലിഡിയയുടെ സ്നേഹം അതിനേക്കാൾ വിലയുള്ളതായി....

0 710

ഹെൻട്രി മാർട്ടിൻ 1781 ഫെബ്രുവരി 18 -ന് ഇംഗ്ലണ്ടിലെ കോൺവാളിൽ ജനിച്ചു . 16-ാം വയസിൽ താൻ കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഉന്നത മാർക്കോടെ പാസ്സായി. വലിയ ശമ്പളം ലഭിക്കുന്ന പല ഉദ്യോഗങ്ങളും അദ്ദേഹത്തിന്റെ മുമ്പിൽ വന്നു. എന്നാൽ അന്യദേശത്ത് ദൈവവേലയ്ക്കു വേണ്ടി പോകണമെന്നുള്ള ദൈവവിളി അദ്ദേഹത്തെ പുതിയ തീരുമാനങ്ങളിലേക്ക് നയിച്ചു.

താൻ ലിഡിയ ഗ്രെൻഫിൽ ( Lydia Granfell ) എന്ന സുന്ദരിയായ പെൺകുട്ടിയുമായി തീവ്രമായ പ്രണയത്തിൽ ആയിരുന്നു. ഇന്ത്യയിലെ സുവിശേഷ വേലയ്ക്കായി ദൈവം തന്നെ വിളിച്ച കാര്യം ഹെൻട്രി തന്റെ കൂട്ടുകാരിയോട് അറിയിച്ചു. ഇന്ത്യയിലേക്ക് തന്നോടൊപ്പം ലിഡിയയും എത്തണമെന്ന് ഹെൻട്രി ആവശ്യപ്പെട്ടെങ്കിലും അവൾ അതിന് വഴങ്ങിയില്ല. ഹെൻട്രിയുമായുള്ള വിവാഹം നടത്തണമെങ്കിൽ അവൻ ഇംഗ്ലണ്ടിൽ തന്നെ താമസിക്കണമെന്ന് അവൾ ശഠിക്കുകയും ചെയ്തു. ഹെൻട്രി ആകെ വിഷമത്തിലായി. ഏതു തെരഞ്ഞെടുക്കണം?. ലിഡിയ വേണോ, ഇന്ത്യ വേണോ?

യേശുക്രിസ്തുവിന്റെ സ്നേഹത്താൽ ഹൃദയം തിളച്ചു മറിഞ്ഞ ഹെൻട്രിക്ക് ലിഡിയയുടെ സ്നേഹം അതിനേക്കാൾ വിലയുള്ളതായി തോന്നിയില്ല.
ദൈവം തന്നെ വിളിച്ച വേലയിൽ നിന്ന് തന്നെ തടഞ്ഞു നിർത്താൻ ലിഡിയയുടെ സ്നേഹത്തെ ഹെൻട്രി അനുവദിച്ചില്ല. അദ്ദേഹം തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിട്ടു.

“മനോഹരമായ ഇംഗ്ലണ്ടിൽ സുന്ദരിയായ ലിഡിയയോട് ചേർന്ന് ജീവിക്കാമെന്ന് ഞാൻ ചിന്തിച്ചു. പക്ഷെ എനിക്കതിൽ സന്തോഷം കണ്ടെത്താൻ കഴിയുമായിരുന്നില്ല. ലോകം , ജഡം , പിശാച് എന്നിവയോട് ഞാൻ എന്റെ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
ഇന്ന് എന്റെ ഏക അന്വേഷണം ദൈവത്തിന്റെ ഹിതം എന്താണെന്നുള്ളത് മാത്രമാണ്”.

ഇന്ത്യയിലേക്ക് പോകുക എന്ന് അദ്ദേഹം തീരുമാനിച്ച് ഉറച്ചിരുന്നു . ഇന്ത്യയിലേക്ക് തിരിക്കുന്നതിന്റെ തലേദിവസം അദ്ദേഹം ഇപ്രകാരം പറഞ്ഞു;
“വലം കൈയിൽ ബൈബിളും
വലത് ഭാഗത്ത് എന്നെ ശക്തീകരിക്കുന്ന ക്രിസ്തുവുമായി ഞാൻ പോകുന്നു. എനിക്കെല്ലാം ചെയ്യാൻ കഴിയും”.

1806 ഏപ്രിലിൽ അദ്ദേഹം കൽക്കട്ടയിലെത്തി. 1806 നവംബറിൽ തന്നെ അദ്ദേഹം ദിനാപൂരിലേയ്ക്ക് മാറി. അവിടെ തദ്ദേശവാസികൾക്കായി ഒരു ആരാധന ആരംഭിച്ചു.
ഒപ്പം സ്കൂളുകളും. ഇതിനിടയിൽ തന്നെ അദ്ദേഹം ഭാഷാപഠനത്തിലും ഏർപ്പെട്ടു.

തുടർമാനമായ ശ്രമഫലമായി ഉർദു ഭാഷയിലേക്കും പേർഷ്യൻ ഭാഷയിലേക്കും പുതിയ നിയമം മുഴുവൻ അദ്ദേഹം തർജ്ജമ ചെയ്തു . സങ്കീർത്തനവും അദ്ദേഹം പേർഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തു.

1812 ഒക്ടോബർ 16 -ാം തീയതി 31-ാം വയസിൽ ഹെൻട്രി മാർട്ടിൻ കർത്താവിനു വേണ്ടി എരിഞ്ഞടങ്ങി.

താല്ക്കാലിക സുഖങ്ങളോ യൗവന മോഹങ്ങളോ തിരഞ്ഞെടുക്കാതെ യേശുവിന്റെ സ്നേഹത്തിന് കീഴടങ്ങി ദൈവഹിതത്തിന് വേണ്ടി മാത്രം ജീവിച്ച ഹെൻട്രി മാർട്ടിൻ നമ്മുടെ മുമ്പിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
* * * * * * *

ബിജു പി. സാമുവൽ,
ഒയാസിസ് മിനിസ്ടീസ്,
പശ്ചിമ ബംഗാൾ.
#08016306857.