ഓം ബിര്‍ള സ്‌പീക്കര്‍ ആയി ചുമതലയേറ്റു

സ്‌പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊണ്ടുവന്നത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പിന്തുണച്ചു.

0 900

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി ഒാം ബിര്‍ള 17-ാം ലോക്‌സഭയുടെ സ്‌പീക്കറായി ചുമതലയേറ്റു. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായ ബിര്‍ളയെ പ്രതിപക്ഷവും പിന്തുണച്ചതോടെ ഏകകണ്ഠമായാണ് സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ രാവിലെ പ്രൊട്ടെം സ്‌പീക്കര്‍ വീരേന്ദ്ര കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സഭയില്‍ സ്‌പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊണ്ടുവന്നത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പിന്തുണച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറ്റൊരു പ്രമേയത്തെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി, ഡി.എം.കെ നേതാവ് ടി.ആര്‍.ബാലു, തൃണമൂല്‍ നേതാവ് സുധീപ് ബന്ദോപാദ്ധ്യായ, ടി.ഡി.പി നേതാവ് ജയദേവ് ഗല്ല തുടങ്ങിയവരും പിന്തുണ അറിയിച്ചു. ഗുജറാത്തിലെ കച്ചില്‍ ഭൂകമ്ബമുണ്ടായപ്പോഴും ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോഴും ഒാം ബിര്‍ള നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി ഒാര്‍ത്തു. അതേസമയം നടപടികളില്‍ കാര്‍ക്കശ്യം വേണമെന്നും പ്രധാനമന്ത്രിക്കെതിരെ പോലും റൂളിംഗ് നല്‍കാന്‍ മടിക്കരുതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

സഭാ നടപടികള്‍ ചട്ടം പ്രകാരം നടക്കുന്നുവെന്ന് സ്‌പീക്കര്‍ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കഴിഞ്ഞ സഭയില്‍ ബില്ലുകള്‍ സ്‌റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാതെ ഒാര്‍ഡിനന്‍സ് രൂപത്തില്‍ പാസാക്കിയത് ആവര്‍ത്തിക്കരുത്. പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

ഇന്നു രാവിലെ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 17-ാം ലോക്സഭയിലെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നടത്തും. തുടര്‍ന്ന് ഇരു സഭകളും പ്രത്യേകം സമ്മേളിക്കും. ജൂലായ് അഞ്ചിന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കും.