കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന
കുവൈത്തിലെ മംഗെഫില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന. തീപിടുത്തത്തില്‍ 41 പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. തീപിടുത്തത്തില്‍ അമ്ബതിലേറെ പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. അപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വിടും.
പരിക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്നുമാണ് ലഭ്യമാകുന്ന വിവരം. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ താമസിച്ചിരുന്ന മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ ബി ടിസി ക്യാമ്ബില്‍ ഇന്ന് പുലർച്ചയാണ് തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ സൂക്ഷിച്ച മുറിയിലേക്ക് താഴത്തെ നിലയില്‍ സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്ന് തീ പടർന്നത് അപകടത്തിന്റെ ആക്കം കൂട്ടി എന്നാണ് അഗ്നി രക്ഷ വൃത്തങ്ങള്‍ പറയുന്നത്.
പ്രാഥമിക നിഗമനം അനുസരിച്ചു ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന. താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍ നിന്നും ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പരുക്കേറ്റ ചിലരുടെ പരുക്ക് ഗുരുതരമാണ്. പുക ശ്വസിച്ചും നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ആറു പേരെ ഫർവാനിയ ആശുപത്രിയിലും നാലു പേരെ ജാബിർ ആശുപത്രിയിലും 11 പേരെ മുബാറക് അല്‍ കബീർ ആശുപത്രിയിലും 21 പേരെ അധാൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.