ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍... അയാള്‍ ഇസ്രയേല്‍ ചാരനായിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ഇറാന്‍ പ്രസിഡന്റ്

ഇറാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍... അയാള്‍ ഇസ്രയേല്‍ ചാരനായിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ഇറാന്‍ പ്രസിഡന്റ്

ബെയ്‌റൂട്ട്: ഇസ്രയേലിന്റെ ചാരവൃത്തിയെ പ്രതിരോധിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ഒരു ഇസ്രയേല്‍ ചാരനായിരുന്നുവെന്ന് ഇറാന്‍ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ്. സിഎന്‍എന്‍-ടര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്രള്ള ഉണ്ടായിരുന്ന പ്രദേശത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചതെന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മഹ്മൂദ് അഹമ്മദി നെജാദിന്റെ സുപ്രധാന വെളിപ്പെടുത്തല്‍. പ്രത്യേക യൂണിറ്റില്‍ ഡബിള്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രയേലിന് നല്‍കുന്നുവെന്നും പറഞ്ഞ അഹമ്മദി നെജാദ്, ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ മൊസാദ് ഏജന്റായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അദേഹം വ്യക്തമാക്കി.  2025 ജൂണില്‍ നടക്കുന്ന ഇറാന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം അഹമ്മദി നെജാദ് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയം. ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്രള്ള ഉണ്ടായിരുന്ന ഇടത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെയ്റൂട്ടിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസന്‍ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരന്‍ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് മരണ വാര്‍ത്ത അറിയിച്ചത്. ആദ്യം നിക്ഷേധിച്ചെങ്കിലും പിന്നീട് ഹിസ്ബുള്ളയും ഈ വാര്‍ത്ത സ്ഥിരീകരിച്ചു.