പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു; കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നാട്ടുകാര്‍

0 460

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടെ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. മരിച്ച അമ്ബിളിയുടെ മൃതദേഹം തടഞ്ഞ് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അമ്ബിളിയുടെ മക്കളും പ്രതിഷേധത്തിനൊപ്പമുണ്ട്.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കിയത്.

നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കാതെ അമ്ബിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.അമ്ബിളിയുടെ സംസ്‌കാരം കഴിഞ്ഞാല്‍ കുട്ടികള്‍ അനാഥരാവുമെന്നും വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പാകുമെന്നതിന് ഉറപ്പില്ലെന്ന ആശങ്കയും പ്രതിഷേധക്കാര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.

നെയ്യാറ്റിന്‍കരയിലെ ദമ്ബതികള്‍ക്കെതിരെ പരാതി നല്‍കിയ വസന്തയെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടി.

അതേസമയം, മരിച്ച രാജനും കുടുംബവും ഷെഡ് കെട്ടി താമസിച്ചിരുന്ന ഭൂമി തന്റേതാണെന്നും വിട്ടുനല്‍കില്ലെന്നും അയല്‍വാസിയായ വസന്ത പറഞ്ഞു. ഭൂമി വിട്ടുനല്‍കില്ല. തന്റേതാണെന്ന് തെളിയിക്കും.സ്ഥലം വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കും. ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും വസന്ത പറഞ്ഞു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ വസന്ത മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി വന്നു. ഉത്തരവ് നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. ഡിസംബര്‍ 22നാണ് സംഭവം നടന്നത്.

കഴിഞ്ഞ ജൂണില്‍ കോടതി കമ്മീഷനെ നിയോഗിച്ച്‌ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തിയിരുന്നു. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്റെ രണ്ട് വൃക്കകളും തകരാറിലായതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുന്നത്. വൈകീട്ടോടെ ഭാര്യ അമ്ബിളിയും മരിക്കുകയായിരുന്നു.

രാജന്റെ മൃതദേഹം പോങ്ങില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ ദിവസം അടക്കി. മക്കള്‍ കുഴിയെടുത്താണ് അടക്കിയത്. കുഴിയെടുക്കുന്നതിനിടെ രാജന്റെ മകനോട് പൊലീസ് കയര്‍ത്തു സംസാരിക്കുന്നതിന്റെയും രഞ്ജിത്ത് മറുപടി പറയുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു.

അതേസമയം മരിച്ച രാജന്റെയും അമ്ബിളിയുടേയും മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വീട് വെച്ച്‌ നല്‍കാന്‍ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മക്കളുടെ വിദ്യാഭ്യാസ ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം എസ്.പി ബി. അശോകനാണ് അന്വേഷണച്ചുമതല. രാജനും ഭാര്യയും മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്നാണ് അന്വേഷിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: