എന്റെബെ മിഷൻ’ അഥവാ മിഷൻ തണ്ടർബോൾട്ട്.

കമാൻഡോ ഓപ്പറേഷനുകളുടെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തിയതാണ് ‘ഓപ്പറേഷൻ തണ്ടർബോൾട്ട്’.

0 1,065

സാങ്കേതിക, പ്രതിരോധ മേഖലകളിൽ അദ്ഭുത മുന്നേറ്റം നടത്തിയ രാജ്യമാണ് ഇസ്രയേൽ. കേരളത്തിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള ഇസ്രയേലിന്റെ വീരകഥകളെല്ലാം ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാണ്. രാജ്യത്തിനെതിരെ ഏതൊരു ആക്രമണം ഉണ്ടായാലും തന്ത്രപരമായി നേരിടുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യവും ഇസ്രയേൽ തന്നെ. രഹസ്യാന്വേഷണത്തിന്റെ കാര്യത്തിൽ അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ പോലും ഇസ്രയേലിന്റെ മൊസാദിന് പിന്നിലാണ്. മൊസാദിന്റെ നേതൃത്വത്തിൽ രാജ്യത്തെ പൗരൻമാരെ രക്ഷിച്ച ഒരു സംഭവമാണ് ‘എന്റെബെ മിഷൻ’ അഥവാ മിഷൻ തണ്ടർബോൾട്ട്. ആ സംഭവം നടന്നിട്ട് 43 വർഷം പിന്നിട്ടിരിക്കുന്നു. 1979 ജൂലൈ 4:

മിഷൻ എന്റെബെ

1976 ജൂണ്‍ 27 ഞായറാഴ്ച. ടെൽ അവീവ്. പാരിസിലേക്കുള്ള, എയര്‍ ഫ്രാന്‍സിന്റെ എയര്‍ബസ് എ300 ബി4 വിമാനം 246 യാത്രക്കാരും പന്ത്രണ്ട് വിമാന ജീവനക്കാരുമായി ഉച്ചയ്ക്ക് 12.30 നു ടേക്ക് ഓഫ് ചെയ്തു. യാത്രയ്ക്കിടെ ഏതൻസിൽ നിന്ന് 58 യാത്രക്കാർ കൂടി കയറി. ഇവരിൽ നാലു പേർ വിമാന റാഞ്ചികളായിരുന്നു.

ഏതന്‍സില്‍ നിന്നു ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം റാഞ്ചി. തട്ടിയെടുത്ത വിമാനം ലിബിയയിലെ ബംഗാസി വിമാനത്താവളത്തില്‍ ഇറക്കി. ഇവിടെനിന്ന് ഇന്ധനം നിറച്ചു. അതിനായി ഏഴുമണിക്കൂറാണ് ബംഗാസിയിൽ തങ്ങിയത്. ഇതിനിടെ യാത്രക്കാരിൽ ഒരാളെ ബന്ദികൾ വിട്ടയച്ചു. തുടർന്ന് ജൂൺ 28 ന് ഉച്ചയ്ക്ക് 3.15 നു വിമാനം വീണ്ടും പറന്നുയർന്നു. 24 മണിക്കൂർ യാത്രയ്ക്ക് ശേഷം ഉഗാണ്ടയുടെ തലസ്ഥാനമായ എന്റെബെയില്‍ ഇറങ്ങി.

എന്റെബെയിൽ റാഞ്ചികൾക്കൊപ്പം നാലു പേർ കൂടി ചേർന്നു. എല്ലാവരും ആയുധധാരികളായിരുന്നു. ഇവർക്കു പിന്തുണ നൽകാൻ ഉഗാണ്ട പ്രസിഡന്റ് ഇദി അമീൻ എന്റെബെ വിമാനത്താവളത്തിൽ നേരത്തെ എത്തിയിരുന്നു. ഇസ്രയേലിൽ ജയിലിൽ കഴിയുന്ന 56 ഭീകരരെ വിട്ടയയ്ക്കുക, 50 ലക്ഷം ഡോളർ കൈമാറുക എന്നിവയായിരുന്നു റാഞ്ചികളുടെയും ഉഗാണ്ട പ്രസിഡന്റിന്റെയും ആവശ്യം. ഇല്ലെങ്കിൽ ജൂലൈ ഒന്നിന് യാത്രക്കാരെ കൊല്ലും. ബന്ദികളില്‍ എൺപതോളം പേർ ഇസ്രയേൽ പൗരന്മാരായിരുന്നു. എന്തു വിലകൊടുത്തും പൗരൻമാരെ രക്ഷിക്കാൻ ഇസ്രയേൽ തന്ത്രപരമായ നീക്കം തുടങ്ങി.

വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നതിനിടെ സൈനിക നീക്കവും ഇസ്രയേൽ തുടങ്ങിയിരുന്നു. ആഫ്രിക്കൻ മേഖലയിലെ, ഇസ്രയേലിന്റെ സൗഹൃദ രാജ്യങ്ങളുമായെല്ലാം ചർച്ചകൾ നടത്തി. സൈനിക നീക്കത്തിലൂടെ റാഞ്ചികളെ കീഴടക്കി യാത്രക്കാരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.

അന്ന് ഈജിപ്തും ഇസ്രയേലും സൗഹൃദത്തിലായിരുന്നു. ഇതോടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് വഴി ഉഗാണ്ടയുടെ പ്രസിഡന്റ് ഈദി അമീനുമായി ചർച്ചയ്ക്കു ശ്രമം നടന്നു. അന്നത്തെ പലസ്തീൻ നേതാവ് യാസര്‍ അറാഫത്ത് അടക്കം ഈദി അമീനോടു സംസാരിച്ചു. ചില തന്ത്രപരമായ ചര്‍ച്ചകൾ നടന്നതോടെ ജൂൺ 30 ന് 48 പേരെ വിട്ടയച്ചു. പ്രായം ചെന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെയാണ് വിട്ടയച്ചത്. ഇതിൽ 47 പേരും പാരിസിലേക്കു പറന്നു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇസ്രയേലിൽ നിന്നുള്ള ഒരാളെയും വിട്ടയച്ചില്ല. ജൂലൈ നാലിന് 100 പേരെക്കൂടി വിട്ടയച്ചു. ഇതോടെ മൊത്തം 148 പേർ രക്ഷപ്പെട്ടു. ഈ സമയത്തെല്ലാം ഇസ്രയേൽ സേനയും സര്‍ക്കാരും കമാൻഡോ നീക്കത്തിനുള്ള ആസൂത്രണത്തിലായിരുന്നു.

Entebbe-car
ശേഷിച്ചത് പത്ത് ഫ്രഞ്ചുകാരും 84 ഇസ്രയേലുകാരുമടക്കം 106 ബന്ദികളാണ്. ഇവരിൽ എയർ ഫ്രാന്‍സിന്റെ 12 ജീവനക്കാർ വിട്ടുപോകാൻ തയാറായില്ല. 84 പേരെ എന്തു വിലകൊടുത്തും രക്ഷിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ദൗത്യം ജൂലൈ നാലിനെന്ന് തീരുമാനിക്കുന്നു. ജൂലൈ ഒന്നിന് യാത്രക്കാരെ കൊല്ലുമെന്നായിരുന്നു ആദ്യത്തെ ഭീഷണിയെങ്കിലും ചർച്ചകളെ തുടർന്നാണ് ജൂലൈ നാലു വരെ സമയം നീട്ടിയിരുന്നു.

ജൂലൈ മൂന്നിന് വൈകിട്ട് 6.30 നാണ് ‘മിഷൻ എന്റെബെ’യ്ക്ക് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയത്. പിന്നീടുള്ള മണിക്കൂറുകളിൽ കാര്യങ്ങൾ തകൃതിയായി നടന്നു. എന്നാൽ അനുമതി ലഭിക്കും മുൻപുതന്നെ ഇസ്രയേലിന്റെ കമാൻഡോ സംഘം എല്ലാ ഒരുക്കങ്ങളും പരിശീലനവും നടത്തിയിരുന്നു. ഇതോടൊപ്പം മൊസാദിന്റെ രഹസ്യ നീക്കങ്ങളും നടന്നു.

Entebbe

എന്റെബെ മിഷൻ’ അഥവാ മിഷൻ തണ്ടർബോൾട്ട്.
ആദ്യ ദിവസങ്ങളിൽ രക്ഷപ്പെട്ട ബന്ദികളില്‍ നിന്ന് എന്റെബെ വിമാനത്താവളത്തിന്റെയും റാഞ്ചികളുടെയും എല്ലാ വിവരങ്ങളും മൊസാദ് സംഘടിപ്പിച്ചിരുന്നു. വ്യക്തമായ മാപ്പിങ് നടത്താൻ ഇതുവഴി ഇസ്രയേല്‍ സേനയ്ക്കു സാധിച്ചു. എയര്‍പോര്‍ട്ട് നിർമിച്ചവരിൽനിന്ന് ഓരോ വിവരവും ശേഖരിച്ചിരുന്നു. എവിടെ, എപ്പോൾ നീക്കം നടത്തണമെന്ന് വ്യക്തമായിരുന്നു. ബന്ദികളെ മാറ്റി പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റെ മാതൃക തന്നെ നിർമിച്ചാണ് കമാന്‍ഡോകള്‍ പരിശീലനം നടത്തിയത്. ദൗത്യത്തിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ വരെ ആ നാലു ദിവസം കൊണ്ട് ഇസ്രയേൽ ഗവേഷകർ വികസിപ്പിച്ചെടുത്തു.

എന്നാൽ ഇസ്രയേലും ഉഗാണ്ടയും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നു. ഇത്രയും ദൂരം പോർവിമാനങ്ങൾ പറന്ന് ദൗത്യം നടത്തി മടങ്ങുക എന്നത് ഇസ്രയേൽ സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇസ്രയേലിൽനിന്ന് ഉഗാണ്ടയിലേക്ക് ഏകദേശം 4000 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ ഇടയ്ക്ക് ഇന്ധനം നിറയ്ക്കേണ്ടിവരും. ഇതിനുള്ള വഴികളും അവര്‍ കണ്ടെത്തി.

ഇത്രയും ദൂരം സഞ്ചരിച്ച് തിരിച്ചുവരാനുള്ള വിമാനങ്ങള്‍ അന്ന് ഇസ്രയേലിന്റെ കൈവശമില്ല. ഇതോടെയാണ് കെനിയയുടെ സഹായം തേടിയത്. ഉഗാണ്ടയുമായി അകന്നു നിന്നിരുന്ന കെനിയ ഇസ്രയേലിനെ സഹായിക്കാമെന്നു പറഞ്ഞു. ലാൻഡ് ചെയ്യുന്ന ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമൊരുക്കാമെന്ന് കെനിയ ഉറപ്പു നൽകി.

Entebbe-planes
എന്റെബെ വിമാനത്താവളത്തിനു സമീപമുള്ള വിക്ടോറിയ തടാകത്തില്‍ കമാന്‍ഡോകളെ എയര്‍ഡ്രോപ് ചെയ്തു ബോട്ടു വഴി ദൗത്യം നടത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഈ പദ്ധതി സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയതോടെ ഉപേക്ഷിച്ചു.

ജൂലൈ നാലിനു വൈകിട്ടാണ് നാലു ഭീമൻ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ഇസ്രയേലില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. സൗദി അറേബ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ റഡാറിൽ കുടുങ്ങാതിരിക്കാൻ വിമാനങ്ങള്‍ ചെങ്കടലിനു മുകളിലൂടെയാണ് പറന്നത്. അതും കേവലം മുപ്പത് മീറ്റര്‍ ഉയരത്തിൽ. ജൂലൈ നാലിനു രാത്രി പതിനൊന്നിന് എന്റെബേ എയര്‍ ട്രാഫിക്കിനെ ഇരുട്ടിലാക്കി മൂന്നു വിമാനങ്ങളും ഉഗാണ്ടയിൽ ലാൻഡ് ചെയ്തു. ഒരു വിമാനം നിരീക്ഷിച്ചു വട്ടമിട്ടു പറന്നു. റാഞ്ചികൾ കരുതിയത് ഈദി അമീനിന്റെ പ്രത്യേക വിമാനമാണ് വട്ടമിട്ടു പറക്കുന്നതെന്നാണ്. മറിച്ചൊന്ന് ചിന്തിക്കാൻ ഉഗാണ്ടൻ സൈന്യത്തിനും കഴിഞ്ഞില്ല.

Entebbe-mission
ഇസ്രയേലിൽനിന്നു വിമാനം വഴി കൊണ്ടുവന്ന കറുത്ത ബെൻസ് കാറുകളാണ് കമാൻഡോകൾ ഉപയോഗിച്ചത്. ഉഗാണ്ടയിൽ ഈദി അമീന്‍ ഉപയോഗിക്കുന്നത് കറുത്ത ബെൻസ് കാറുകളാണ്. ഈ കാറിൽ കമാന്‍ഡോകള്‍ ബന്ദികളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിലേക്കു നീങ്ങി. എന്നാൽ രണ്ടു പേർ കാർ തടഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഈദി അമീൻ വെളുത്ത ബെൻസ് വാങ്ങിയിരുന്നു. ഇതാണ് സംശയത്തിനു കാരണമായത്. ഇക്കാര്യം മൊസാദിനും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇസ്രയേലി കമാന്‍ഡോകളുടെ തോക്കുകള്‍ അവരെ തീർത്തു. നിമിഷ നേരത്തിനുളളിൽ കമാൻഡോകൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി. ബന്ദികളോടെല്ലാം നിലത്ത് കിടക്കാൻ ഉത്തരവിട്ടു. ഹീബ്രുവിലായിരുന്നു സംസാരം. ഇതിനിടെ എല്ലാ റാഞ്ചികളെയും കൊന്നൊടുക്കി. ഏറ്റുമുട്ടലിൽ നാലു പേർ മരിച്ചു. എല്ലാം നിമിഷ നേരം കൊണ്ട് തീർത്തു. 106 പേരിൽ 102 പേരെയും രക്ഷിക്കാനായി.

ഒരു ഭാഗത്ത് ബന്ദികളെ രക്ഷിക്കാൻ തോക്കുകൾ ശബ്ദിച്ചപ്പോൾ മറുഭാഗത്ത് എയർ പോർട്ടിലുണ്ടായിരുന്ന ഉഗാണ്ടന്‍ വ്യോമസേനയുടെ 30 മിഗ് പോർ വിമാനങ്ങള്‍ ഇസ്രയേല്‍ സേന തകര്‍ത്തു. ദൗത്യം കഴിഞ്ഞ് മടങ്ങുമ്പോൾ ഉഗാണ്ട വ്യോമാക്രമണം നടത്താതിരിക്കാനായിരുന്നു ഇത്. 56 മിനിറ്റ് നീണ്ട ദൗത്യത്തിനു ശേഷം അന്നു രാത്രി തന്നെ ഇസ്രയേല്‍ സേന ബന്ദികളുമായി എന്റെബേയില്‍ നിന്ന് പറന്നുയർന്നു. പോയത് കെനിയയിലെ നെയ്റോബിയിലേക്ക്. അവിടെനിന്ന് ഇന്ധനം നിറച്ച് നാലുവിമാനങ്ങളും ടെല്‍ അവീവിലേക്ക്.

Entebbe-herculis
ദൗത്യത്തിനിടെ ഇസ്രയേല്‍ കമാന്‍ഡർ ജോനാഥന്‍ നെതന്യാഹു കൊല്ലപ്പെട്ടു. പിൽക്കാലത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരനാണ് ജോനാഥന്‍.

കമാൻഡോ ഓപ്പറേഷനുകളുടെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തിയതാണ് ‘ഓപ്പറേഷൻ തണ്ടർബോൾട്ട്’. ഇസ്രയേലിന്റെയും മൊസാദിന്റെയും ആസൂത്രണ മികവിനും പ്രവർത്തനവൈദഗ്ധ്യത്തിനും മികച്ച ഉദാഹരണമാണ് ‘ഓപ്പറേഷൻ തണ്ടർബോൾട്ട്’.

ലേഖനത്തിന് കടപ്പാട്: മനോരമ ഓണലൈൻ