മുംബയ്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബയ് നഗരം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളും റെയില്‍പ്പാതകളും വെള്ളത്തിലായി. കെട്ടിടങ്ങള്ളിലും വീടുകളിലും നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
വെള്ളിയാഴ്ച രാത്രി 1050 യാത്രക്കാരുമായി മുംബയില്‍ നിന്ന് കോലാപൂരിലേക്ക് പോയ മഹാലക്ഷ്‌മി എക്‌സ്‌പ്രസ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. മുംബയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ബദ്ലാപ്പൂരിന് സമീപം ചംതോലിയില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ഉല്‍ഹാസ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്താകെ വെള്ളം പൊങ്ങി.
ട്രാക്ക് പൂര്‍ണമായും മുങ്ങി വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് കിടന്ന ട്രെയിന്‍ ആശങ്കയുണര്‍ത്തിയ കാഴ്‌ചയായിരുന്നു. രക്ഷപ്പെടുത്താന്‍ അപേക്ഷിച്ച് ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്‌തിരുന്നു. റബര്‍ ബോട്ടുകളും ഹെലികോപ്ടറുകളുമായി രംഗത്തിറങ്ങിയ ദുരന്ത നിവാരണ സേനയും നേവിയും ഇന്നലെ വൈകിട്ട് നാലോടെയാണ് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്. ഒമ്പത് ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും ട്രെയിനില്‍ ഉണ്ടായിരുന്നു.
മുംബയ് നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡ്, വെസ്‌റ്റേണ്‍ എക്‌സ്‌പ്രസ് ഹൈവേ എന്നീ റോഡുകളും വെള്ളത്തിനടിയിലായി. ലോക്കല്‍ ട്രെയിനുകള്‍ നിറുത്തിവച്ചു. ബദലാപുര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വെള്ളം കയറി.
നഗരത്തിലെ സിയോണ്‍, മാട്ടുങ്ക, അന്ധേരി, മലാഡ്, ദഹിസര്‍ പ്രദേശങ്ങള്‍
പൂര്‍ണമായും വെള്ളത്തിനടിയിലായി. മുംബയ് ഛത്രപതി ശിവജി വിമാനത്താവളത്തിലെ വിമാനസര്‍വീസുകള്‍ നിറുത്തിവച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ഏഴ് വിമാനങ്ങള്‍ റദ്ദാക്കുകയും പതിനൊന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. ഖഖറില്‍ രണ്ടുനില കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണെങ്കിലും ആളപായമില്ല. നഗരത്തിലെ കാലപ്പഴക്കമുള്ള കെട്ടിങ്ങള്‍ അപകടാവസ്ഥയിലാണ്.
മണ്‍സൂണിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്കു കാരണം. കൊങ്കണ്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ മറ്റ് മേഖലകളിലും മഴ തുടരുകയാണ്. രണ്ടുദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.