ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമക്കാനുള്ള തീരുമാനം പിന്‍വലിക്കണം : പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ
തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസ്സില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് എല്ലാവര്‍ക്കും അസഹ്യമായ നിലയില്‍ ഒക്‌ടോബര്‍ രണ്ട് പ്രവര്‍ത്തിദിനമാക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും,
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് ക്രമീകരണം എന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ തിന്മയിലേക്ക് നയിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പിസിഐ ദേശീയ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പ്രസിഡന്റ് എന്‍.എം.രാജു അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജോജി ഐപ്പ് മാത്യുസ് പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ. ഉമ്മന്‍, അജി കുളങ്ങര, പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ഫിന്നി പി. മാത്യു, പാസ്റ്റര്‍ ജിജി തേക്കുതോട്, പാസ്റ്റര്‍ എം.കെ. കരുണാകരന്‍, പാസ്റ്റര്‍ കെ.ഓ. ജോണ്‍സണ്‍, പാസ്റ്റര്‍ ബിനോയി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.