തിരുവനന്തപുരത്ത് ഐ.സി.പി.എഫ്. സ്റ്റുഡന്റ് കൗൺസിലറായി പ്രവർത്തിക്കുന്ന സമയം. എട്ടര വർഷത്തോളം ഞാൻ താമസിച്ചത് കേശവദാസപുരത്ത് ചിന്നൂസ് ഹോട്ടലിന്റെ നേരെ എതിർവശത്തുള്ള മോളി ആന്റിയുടെ വീടിന്റെ മുകളിലത്തെ നിലയിലാണ്. പ്ലാമൂട് എ.ജി. സഭയിലെ അംഗങ്ങളായ അവരുടെ വീട്ടിൽ ഒരു കോട്ടേജ് മീറ്റിംഗ് നടക്കുന്ന സമയം. പാസ്റ്റർ തോമസ് ഫിലിപ്പാണ് സഭാ ശുശ്രൂഷകൻ. മീറ്റീംഗിനു ചെന്ന എന്നോട് ദൈവവചനത്തിൽ നിന്ന് പ്രസംഗിക്കണമെന്ന് പാസ്റ്റർ ആവശ്യപ്പെട്ടു. ഞാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ അല്പസമയം കഴിഞ്ഞ് വളരെ അപ്രതീക്ഷിതമായി പാസ്റ്റർ എം. പൗലോസ് മീറ്റിങ്ങിൽ കയറി വന്നു. എവിടെയോ യാത്ര ചെയ്ത് മടങ്ങിവന്ന അദ്ദേഹം ചിന്നൂസിൽ ആഹാരം കഴിച്ച് ഇറങ്ങിയപ്പോൾ കേട്ട പാട്ടിന്റെ ഉറവിടം ലക്ഷ്യമാക്കി വന്നതാണ്. ഫിലിം ഷോ നടത്താൻ പ്രൊജക്ടർ വാങ്ങുന്നതിനായി സ്വന്തം രക്തം വിറ്റ ത്യാഗി എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെപ്പറ്റി ആദ്യമായി കേൾക്കുന്നത്. പിന്നെ കുറെ വായിച്ചിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ സുവിശേഷ വേലയിലെ അനുഭവങ്ങൾ കേൾക്കാൻ ഞാൻ കൊതിച്ചു. അദ്ദേഹത്തിന്റെ മുമ്പിൽ പ്രസംഗിക്കുന്നത് അത്ര ഉചിതമല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ പ്രസംഗിക്കാൻ എനിക്ക് ലഭിച്ച സമയം വേണ്ടെന്ന് ഞാൻ സ്നേഹത്തോടെ തോമസ് ഫിലിപ്പ് പാസ്റ്ററോട് പറഞ്ഞു. പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട് പാസ്റ്റർ എം. പൗലോസും ഞാൻ അല്പസമയം എടുക്കണമെന്നായി. മൂന്ന് മിനുട്ട് കൊണ്ട് ഒരു ചെറു സന്ദേശം നൽകി ഞാനിരുന്നു. തങ്ങളുടെ ശബ്ദവും സന്ദേശവും മാത്രം എപ്പോഴും മുഴങ്ങിക്കേൾക്കണമെന്ന് ആശിക്കുന്ന അതിശ്രേഷ്ഠ അപ്പൊസ്തലന്മാരുടെ’ ഇടയിൽ അദ്ദേഹം വ്യത്യസ്തനായി തീർന്നതും അതുകൊണ്ടു തന്നെയാണ്. ആരും ക്ഷണിക്കാതെയും ഒരു മീറ്റിംഗിനു പോകാൻ കഴിയുന്ന ആ വലിയ മനുഷ്യന്റെ ലാളിത്യം. അനാവശ്യ വാഗ്ധോരണി ഇല്ലാതെ, നിറം പിടിപ്പിച്ച കഥകൾ പറയാതെ വളരെ ലളിതമായ രീതിയിൽ ശാന്തമായി സംസാരിക്കുന്ന ശൈലി. ത്യാഗത്തിന്റെ നേർരൂപമായി ജീവിച്ച ഒരു സുവിശേഷകൻ.
യേശുവിനെ ആഴമായി സ്നേഹിച്ച ഒരു ഭക്തൻ കൂടി യാത്രയായിരിക്കുന്നു. വിട…