നിത്യതയെക്കുറിച്ചു പ്രസംഗിച്ച് നിത്യതയിലേക്ക്

റവ. ജോർജ് മാത്യു പുതുപ്പള്ളി

0 2,163

‘തലേ ദിവസം നിത്യതയെക്കുറിച്ചു പ്രസംഗിക്കുക,
വിശ്വാസികളെ നിത്യതയ്ക്കായി ഒരുക്കുക,
പിറ്റെ ദിവസം അവർക്കുമുമ്പേ നിത്യതയിലേക്കു പറന്നു
മാതൃക കാട്ടുക’
അത്യപൂർവമായി വീണുകിട്ടുന്ന ഈ പരമഭാഗ്യം കഴിഞ്ഞ
ദിവസം ലഭിച്ച ഭാഗ്യവാൻ പി എസ് ഫിലിപ് സാറാണ്.

പി എസ് ഫിലിപ് സാറിനെ
ഞാൻ ആദ്യം കാണുന്നത്
1994 ൽ ഖത്തറിൽ വച്ചാണ്.
ഞാനന്ന് വിശ്വാസജീവിതത്തിലേക്കു വന്നിട്ട് വെറും രണ്ടുവർഷം.
നന്നേ ചെറുപ്പം.
ഇവിടുത്തെ കാര്യങ്ങൾ കണ്ടറിഞ്ഞും പഠിച്ചും വരുന്നതേയുള്ളൂ.
അന്ന് അവിടെ നടന്ന ഒരു കൺവൻഷനിൽ ഞാനും അദ്ദേഹവും പ്രസംഗകരായിരുന്നു.
ഒരു മുറിയിലാണ് ഞങ്ങൾ താമസിച്ചത്.
ഒരാഴ്ചയോളം ഒരേ മുറിയിൽ
ഞങ്ങൾ താമസിച്ചു.

അസംബ്ലീസ് ഓഫ് ഗോഡിന്റെ സൂപ്രണ്ടായ അദ്ദേഹത്തിന്റെ കൂടെ ഒരേ മുറിയിൽ താമസിക്കുക
എന്നത് ആദ്യം എന്നിൽ അല്പം സങ്കോചം സൃഷ്ടിച്ചു.
കാരണം എനിക്ക് അദ്ദേഹത്തെ ഒരു പരിചയവുമില്ല.
ഞാൻ ഒരു വൈദികനായിരുന്നതിനാൽ പെന്തകോസ്ത് നേതാക്കളെ എനിക്കു വലിയ പരിചയമില്ലായിരുന്നു.
അവരുടെ രീതികളും എനിക്ക് അപരിചിതമായിരുന്നു.

എന്റെ സങ്കോചം മുൻകൂട്ടിക്കണ്ടിട്ടാവാം തികച്ചും മനഃശാസ്ത്രപരമായ
ഒരു സമീപനമാണ് അദ്ദേഹം എന്റെ കാര്യത്തിൽ സ്വീകരിച്ചത്.
അങ്ങേയറ്റം ബഹുമാനവും ആദരവും എനിക്കു നൽകി
എന്റെ അപരിചിതത്വം മാറ്റാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്.
ഒരു ടീ ഷർട്ടും കള്ളിമുണ്ടും ധരിച്ച് അദ്ദേഹം കസേരയിൽ ഇരുന്നു.
വൈദികമേഖലയിലെ
ഒരുപാടു കാര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.
എന്റെ കുടുംബകാര്യങ്ങൾ ചോദിച്ചു മനസിലാക്കി.

ബിഷപ്പിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള എനിക്ക്
അസംബ്ലീസ് ഓഫ് ഗോഡിന്റെ നേതാവും അതേ നിലവാരമുള്ള ആത്മീയാചാര്യനായിരിക്കും എന്ന മുൻവിധിയാണുണ്ടായിരുന്നത്.
എന്നാൽ ഫിലിപ് സാറിന്റെ
ലുങ്കിയും ടീ ഷർട്ടും
റബർ ചപ്പലും
എന്റെ ധാരണ തിരുത്തിയെഴുതി.
മുറിയിലെ രണ്ടു കട്ടിലുകളിൽ
നല്ല കട്ടിൽ അദ്ദേഹം എനിക്കു നൽകി.
ഫ്ലാസ്കിൽ നിന്നും ചൂടു ചായ ഗ്ലാസിൽ എനിക്കു പകർന്നു തന്നു.
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭകളിൽ ഒന്നിന്റെ
അന്തർദേശീയ നേതാവ് ഇങ്ങനെ പെരുമാറുമോ ?
പി എസ് ഫിലിപ് എന്ന അസാധാരണ മനുഷ്യൻ എന്റെ ഹൃദയത്തിൽ ലബ്ധപ്രതിഷ്ഠ നേടുകയായിരുന്നു.

പെന്തകോസ്ത് പാസ്റ്റേഴ്സിന്റെ പെരുമാറ്റരീതികൾ അറിയാത്തതിനാൽ അവരുമായി ആദ്യം കാണുമ്പോൾ ‘പ്രയ്‌സ് ദ ലോർഡ്’ പറഞ്ഞ്
ഒരു ചെറുചിരിയിൽ നിശബ്ദത പാലിക്കുന്നതായിരുന്നു എന്റെ സ്വഭാവവും.
എനിക്കു ഒരു പരിചയവും ഇല്ലാത്ത വ്യക്തികളോട് ഇടിച്ചു കയറി സംസാരിക്കുവാനും,
കപടസ്നേഹം അഭിനയിക്കുവാനും ‘അച്ചായോ’ ‘അമ്മാമ്മേ’ എന്നു വിളിക്കുവാനും അന്നും ഇന്നും
എനിക്ക് അറിയില്ല.

അതുകൊണ്ട് എനിക്ക് ഒരുപാട് ഭൗതിക നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഞാൻ തെറ്റിദ്ധരിക്കപ്പെടുകയും അവസരങ്ങൾ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.
അത് എന്റെ അഹങ്കാരമായും തലക്കനമായും തെറ്റിദ്ധരിച്ച പാസ്റ്റേഴ്‌സും വിശ്വാസികളുമുണ്ടായിരുന്നു.
അവരുടെ ദൃഷ്ടിയിൽ
കടുത്ത ‘അഹങ്കാരിയും ജാടക്കാരനുമായ’ എന്നോട് മിണ്ടാതെയും സംസാരിക്കാതെയും മുഖം വീർപ്പിച്ചു നടന്ന പാസ്റ്റേഴ്‌സും കൂട്ടു സഹോദരങ്ങൾ പോലും അന്നുണ്ടായിരുന്നു.

എന്റെ ഈ പ്രകൃതം മുൻകൂട്ടി മനസിലാക്കിയാവണം
ഫിലിപ് സാർ ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞത്.
താഴ്മകൊണ്ടും എളിമകൊണ്ടും ത്യാഗംകൊണ്ടും
സ്നേഹംകൊണ്ടും അദ്ദേഹം
എന്റെ മനസിൽ ഒരു സൗഹൃദക്കൊട്ടാരം പണിതു.
എ ജി സഭയുടെ അന്തർദേശീയ നേതാവായിരുന്ന
ആ മഹാത്മാവ് എന്റെ സ്വന്തം
ജ്യേഷ്ഠ സഹോദരനായി മാറി.
ഞങ്ങൾ വ്യത്യാസ്ത സഭാവിഭാഗങ്ങളിൽപ്പെട്ടവരായിരുന്നെങ്കിലും അവസാനം വരെ
അദ്ദേഹം എന്നെ ഒരു കുഞ്ഞനുജനായിട്ടാണ് കണ്ടിരുന്നത്.

ഞാൻ ഏറ്റവും കൂടുതൽ
കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിച്ചിട്ടുള്ളത്
ഐപിസി കഴിഞ്ഞാൽ എജി സഭയിലായിരുന്നു.
എന്നെ അനേക കൺവൻഷനുകളിലേക്ക്
ശുപാർശ ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് മറ്റു ചിലർ പറഞ്ഞ് പിന്നീട് ഞാൻ അറിഞ്ഞിട്ടുണ്ട്.
എന്നാൽ അദ്ദേഹം ഒരിക്കൽപ്പോലും ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല.

നിരവധി കൺവൻഷൻ വേദികളിൽ അദ്ദേഹത്തോടൊപ്പം ഞാൻ പ്രസംഗിച്ചിട്ടുണ്ട്.
പലരും കണ്ടഭാവം പോലും കാണിക്കാതിരിക്കുമ്പോൾ
‘പുതുപ്പള്ളി അച്ചൻ’ എന്ന് സംബോധന ചെയ്ത് എനിക്ക്
അർഹിക്കാത്ത പരിഗണയും ആദരവും അദ്ദേഹം നൽകിയിരുന്നു.
അദ്ദേഹം ദീർഘനാൾ ഭൂമിയിൽ ജീവിച്ചിരുന്നു കർത്താവിന്റെ
വേല തുടരുമെന്നാണ് ഞാൻ കരുതിയത്.

എന്നാൽ എന്റെ സകല കണക്കുകൂട്ടലുകളെയും കാറ്റിൽപ്പറത്തി
ഫിലിപ് സാർ പോയി.
അദ്ദേഹം തന്റെ യാത്രയ്ക്കുള്ള അവസാന ഒരുക്കത്തിലായിരുന്നുവെന്നു മുൻകൂട്ടിക്കാണാൻ എനിക്കും കഴിയാതെ പോയി.
അതുകൊണ്ടാവണം ഫിലിപ് സാർ മരിച്ചെന്ന് സാലി
എന്നോടു പറയുമ്പോൾ ഉറക്കച്ചടവിൽ ഞാൻ അവളോടു പറഞ്ഞു :
‘നിനക്കു തെറ്റിയതായിരിക്കും, വേറേതോ പാസ്റ്റർ ഫിലിപ് ആയിരിക്കും മരിച്ചത്.’

‘അറം പറ്റുക’ എന്നു പറഞ്ഞു കേട്ടിട്ടില്ലേ ? നാം പറയുന്ന കാര്യങ്ങൾ അതേപടി നമുക്ക് സംഭവിക്കുക.
അദ്ദേഹത്തിന്റെ അവസാന പ്രസംഗം പല തവണ ഞാൻ കേട്ടു.
സമയം തീരാറായി.
അല്ല സമയം കഴിഞ്ഞു.
കാഹളം മുഴങ്ങാറായി.
യേശു വരാറായി.
വരവിൽ നാം അവനോടു കൂടെ പോകുമോ ?

ഫിലിപ് സാർ പ്രവാചകനായിരുന്നോ ? എനിക്ക് അറിയില്ല.
എന്നാൽ മരണത്തിനുമുമ്പ് അദ്ദേഹം പറഞ്ഞതുമുഴുവൻ പ്രവചനമല്ലേ ?
തന്റെ മരണത്തെക്കുറിച്ച്
കൃത്യമായി അദ്ദേഹം പ്രവചിക്കുകയായിരുന്നില്ലേ ?
നിത്യതയെക്കുറിച്ചുള്ള ഇത്ര വ്യക്തമായ ഒരു പ്രസംഗം ഈ നാളുകളിൽ നാം കേട്ടിട്ടുണ്ടോ ?
ഇതു നമുക്കും കൂടിയുള്ള മുന്നറിയിപ്പാണ്.
സമയം തീരാറായി.
നമ്മുടെ മഹാദൈവമായ യേശുകർത്താവ് വരാറായി.

ഞാൻ ഭാവനയിൽ ഒരു കാഴ്ച കാണുന്നു.
ഞാൻ സ്വർഗത്തിൽ എത്തുമ്പോൾ
ശുഭ്ര വസ്ത്രധാരിയായ
ഫിലിപ് സാർ ‘പുതുപ്പള്ളി അച്ചോ’ എന്നു വിളിച്ചുകൊണ്ടു പുഞ്ചിരി തൂകി
എന്റെ അടുത്തേക്ക് ഓടി വരുന്നു.
അത് എപ്പോൾ സംഭവിക്കും എന്നുമാത്രം എനിക്ക് അറിയില്ല,
ഇന്നു സംഭവിക്കാം, നാളെ സംഭവിക്കാം, മറ്റന്നാൾ സംഭവിക്കാം.
ഒരു കാര്യം എനിക്കു വീണ്ടും ഉറപ്പായി.
നമ്മുടെ കർത്താവ് വരാൻ സമയമായി.
ഇനി നാളുകൾ ഏറെയില്ല.
ആമേൻ, കർത്താവായ യേശുവേ അവിടുന്ന് വേഗം വരേണമേ ???