അറ്റ്‌ലാന്റാ: ലോക പ്രശസ്ത വചന പ്രഘോഷകനും ക്രിസ്ത്യൻ അപ്പോളജിസ്റ്റും ‘രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ്’ സ്ഥാപകനുമായ രവി സഖറിയാസ് (74) അന്തരിച്ചു. കശേരുക്കളെ ബാധിക്കുന്ന ഗുരുതര കാൻസർ രോഗത്തിന് ചികിത്‌സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്ന് (മേയ് 19) രാവിലെയായിരുന്നു. ഏതാണ്ട് 70ൽപ്പരം രാജ്യങ്ങളിൽ സുവിശേഷം പ്രഘോഷിക്കുകയും 30ൽപ്പരം ആത്മീയ ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത അദ്ദേഹം, വിവിധ ക്രൈസ്തവ സഭകൾക്ക് സ്വീകാര്യനുമായിരുന്നു.
മദ്രാസിലെ ഒരു ആംഗ്ലിക്കൻ കുടുംബത്തിൽ 1946 മാർച്ച് 26നായിരുന്നു രവിയുടെ ജനനം. പിന്നീട് കുടുംബത്തോടൊപ്പം ഡൽഹിയിലെത്തി. 17-ാം വയസു വരെ നിരീശ്വരവാദിയായിരുന്നു. ആത്മഹത്യ ശ്രമം വിഫലമായി ആശുപത്രിയിൽ കഴിയവേ, അവിടെയെത്തിയ ഒരു സുവിശേഷ പ്രഘോഷകൻ സമ്മാനിച്ച ബൈബിളാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 20-ാം വയസിൽ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഒന്റാരിയോ ബൈബിൾ കോളജ്, ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.
ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അദ്ദേഹം സുവിശേഷ പ്രഘോഷണ രംഗത്ത് അത്ഭുത സാന്നിധ്യമായി ഉയർന്നത് അതിവേഗമാണ്. വിവിധ രാജ്യങ്ങളിൽ സുവിശേഷം പ്രഘോഷിച്ചിട്ടുള്ള അദ്ദേഹം 1984ൽ സ്ഥാപിച്ച ‘രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ്’ പതിനായിരങ്ങൾക്ക് ക്രിസ്തുവിനെ അറിയാനുള്ള മാർഗമായി.
വിശ്വാസം, ബൈബിൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗഹനമായ ചോദ്യങ്ങൾക്കുവരെ ഉത്തരം നൽകാൻ പ്രാവീണ്യമുള്ള രവി സക്കറിയാസ് ഒട്ടുമിക്ക രാജ്യങ്ങളിലെയും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കിടയിലും വചനം പ്രസംഗിച്ചിട്ടുമുണ്ട്. നിരവധി ജീവിതങ്ങളെ ക്രിസ്തുവിന് നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ നിരവധി പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കി.
ക്യാൻ മാൻ ലിവ് വിത്തൗട്ട് ഗോഡ്, ലൈറ്റ് ഇൻ ദ ഷാഡോ ഓഫ് ജിഹാദ്, ദ ഗ്രാൻഡ് വീവർ, ഡെലിവർ അസ് ഫ്രം ഈവിൾ, ക്രൈസിസ് ഓഫ് ദ ഹേർട്ട്, ദ ബ്രോക്കൺ പ്രോമിസ്, ജീസസ് എമങ്ങ് അദർ ഗോഡ്‌സ് എന്നിവ ബെസ്റ്റ് സെല്ലറുകളിൽ ചിലതുമാത്രം. ‘ക്യാൻ മാൻ ലിവ് വിത്തൗട്ട് ഗോഡ്’ എന്ന ഗ്രന്ഥം 1995ൽമാത്രം വിറ്റഴിക്കപ്പെട്ടത് അഞ്ച് ലക്ഷം കോപ്പികളാണ്. ‘ദ ലോജിക് ഓഫ് ഗോഡ്: 52 ക്രിസ്റ്റ്യൻ എസൻഷ്യസ് ഫോർ ദ ഹേർട്ട് ആൻഡ് മൈൻഡ്’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗ്രന്ഥം.
നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന ഗുരുതരമായ കാൻസർ ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ഥിരീകരിച്ചത്. ഭാര്യ മാർഗരറ്റിനും മൂന്നു മക്കൾക്കുമൊപ്പം അറ്റ്‌ലാന്റയിലായിരുന്നു താമസം. മൃതസംസ്‌ക്കാര കർമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.