ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി . എ . തമ്പി ഓട്ടം തികച്ചു നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷ ഓഗസ്റ്റ് 23 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും
ചിങ്ങവനം : മൂലംകുളം ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി . എ . തമ്പി അന്തരിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ചില ദിവസങ്ങൾക്ക് മുൻപ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ക്നാനായ സമുദായത്തിൽ നിന്നും, സത്യ സുവിശേഷ അനുഭവത്തിലേക്ക് നയിക്കപ്പെട്ട ശേഷം സുവിശേഷഘോഷണത്തിൽ ശ്രദ്ധാലുവായത് സ്വന്ത ഭവനക്കാർക്കും, മറ്റ് പ്രിയപ്പെട്ടവർക്കും അനിഷ്ടമായിരുന്നു. പിറുപിറുപ്പുകളേയോ, എതിർപ്പുകളേയോ വകവെയ്ക്കാതെ സ്വർഗ്ഗരാജ്യ കെട്ടുപണിക്കായി ത്യാഗമനോഭാവത്തോടെ പ്രവർത്തിച്ച ദൈവദാസൻ പെന്തക്കോസ്ത് സഭകൾക്ക് ഒരു അനുഗ്രഹമായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു.
കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാമിന്റെ മകനായി 1941 ൽ ജനിച്ചു . പെന്തെക്കോസ്ത് സഭയിലെ ശക്തനായ സുവിശേഷകനും പ്രഭാഷകനുമായിരുന്നു.
പ്രഭാഷകയും ടിവി അവതാരകയുമായ മറിയാമ്മയാണ് ഭാര്യ.
1976 ൽ ഇദ്ദേഹം ന്യൂ ഇന്ത്യാ ദൈവസഭ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു . ഇന്ന് ഇന്ത്യയിൽ 2350 -ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ – ആതുര സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമാണ് ഇത്.
പാസ്റ്റർ . വി.എ തമ്പിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ സഭയ്ക്ക് 6 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് – ഓഫ് ടെക്നോളജി & സയൻസ് എന്ന പേരിൽ എഞ്ചിനിയറിംഗ് കോളജുമുണ്ട്. കൂടാതെ 12 അനാഥ ശാലകളും ഏഴ് മൊബൈൽ ടീമുകളും സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് .
ഭാരതത്തിലെ പെന്തെക്കോസ്തുസഭകളുടെ സംയുക്തവേദിയായ പിസിഐയുടെ കേന്ദ്രകമ്മറ്റി അംഗമായിരുന്നു ഇദ്ദേഹം. ഭാര്യ : ശ്രീമതി മറിയാമ്മ തമ്പി. മക്കൾ : ബിജു, ബിനി, ബീന, ബിനു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ ഓഗസ്റ്റ് 23 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും