കൊച്ചി: കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. രോഗാധിക്യത്തെ തുടര്‍ന്ന് ഏറെകാലങ്ങളായി വീട്ടില്‍ വിശ്രമം ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകടവന്ത്രയിലെ വീട്ടില്‍ വെച്ച് പകല്‍ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
കോളമിസറ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസറ്റ് എന്നീ നിലയിലും പ്രവര്‍ത്തച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തന രംഗത്ത് സജീവസാനിധ്യമായിരുന്നു അദ്ദേഹം.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസറ്റിന്റെ സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.
വാര്‍ത്ത എജന്‍സിയായ യു.എന്‍.ഐയിലും ദേശീയ മാധ്യമമായ എക്കണോമിക്ക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ‘ഇരുളും വെളിച്ചവും’ എന്ന പംക്തി ലക്ഷക്കണക്കിന് വായനക്കാരെയാണ് ആകര്‍ഷിച്ചത്. ‘തുറന്ന മനസ്സോടെ’ എന്ന പേരില്‍ മംഗളം ദിനപത്രത്തില്‍ പ്രതിവാര കോളവും, എഴുതിയിരുന്നു. ഏതു വിഷയത്തെക്കുറിച്ചായാലും മുഖം നോക്കാതെ, നിക്ഷ്പക്ഷനായ ഒരു പത്രപ്രവർത്തകന്റെ നിരീക്ഷണപാടവവും അപഗ്രഥനശേഷിയും ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി.
ജനനം 1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍.അച്ഛന്‍ കെ.ആര്‍.മാത്യു. അമ്മ ലുഥീന 1963 എറണാകുളം മഹാരാജാസ് കോളേജില്‍ എം.എക്കു പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങി. തുടര്‍ന്ന് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം ദിനപത്രത്തിലും പത്രാധിപ സമിതിയംഗമായി പിന്നീട് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടുകൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി. 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായി. 1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്തു മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു. 2002ല്‍ മംഗളം ദിനപത്രത്തില്‍ നിന്ന് വിരമിച്ചു. കോളമിസ്റ്റ് എന്ന നിലയില്‍ മലയാളത്തിലും വിദേശരാജ്യങ്ങളില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിരുന്നു. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്റായും ഐ.എഫ്.ഡബ്ല്യൂ.ജെ. സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988-91 ല്‍ കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. പുസ്തകങ്ങള്‍- മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദു:ഖം, മനസ്സില്‍ എന്നും മഞ്ഞുകാലം, ഇരുളും വെളിച്ചവും (4 ഭാഗം), ആതോസ് മലയില്‍, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, ഷിക്കാഗോയിലെ കഴുമരങ്ങള്‍, കറുത്ത പൂച്ചകള്‍, ചുവന്ന പൂച്ചകള്‍.
അവാര്‍ഡുകള്‍ -ശിവറാം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, റഹിം മേച്ചേരി അവാര്‍ഡ്, സി.പി.ശ്രീധരന്‍ അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ്, ആള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ ലൈഫ് ടൈംഅവാര്‍ഡ്, കേസരി രാഷ്ട്രസേവാ പുരസ്‌കാരം.