അനുഭൂതികൾക്ക് പ്രായോഗിക ജീവിതത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നത് അപകടം :പാസ്റ്റർ ജെയിസ് പാണ്ടനാട്

വിശ്വസത്തിന്റെ ആധാരം തത്വജ്ഞാനമല്ല, ക്രൂശിക്കപ്പെട്ട ക്രിസ്തുവാണ്. വചനത്തോട് വികാരപരമായി മാത്രം പ്രതികരിക്കുന്നവർ പിന്നീട് വിശ്വസത്തിൽ തുടരുകയില്ല.

0 1,310
തിരുവല്ല: *അനുഭൂതികൾക്കും  ആത്മനിവൃതികൾക്കും ജീവിത രീതിയെക്കാൾ അമിത പ്രാധാന്യം കൊടുക്കുന്നത് ആത്മീയ അപകടമാണെന്ന് പാസ്റ്റർ ജെയിസ് പാണ്ടനാട്. ചർച്ച് ഓഫ്‌ ഗോഡ് ജനറൽ കൺവെൻഷനിൽ രണ്ടാം ദിവസം വൈകിട്ട് കൊരി: 16:13 ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.* കൊരിന്ത് സഭ നേരിട്ട് ദൈവശാസ്ത്രപരവും ധർമികവുമായ ആഭ്യന്തര ഭീഷണികളാണ് വിശ്വാസത്തിന്റെ നിലനില്പിന് വെല്ലുവിളി ഉയർത്തിയത്. കൃപാവരങ്ങൾ പ്രദർശിപ്പിച്ചവർ ബന്ധങ്ങളിൽ ആത്മീയത പുലർത്തിയിരുന്നില്ല. പാട്ടും പ്രാർത്ഥനയും അന്യഭാഷയും കൊണ്ട്നടക്കുന്നവരുടെ പെരുമാറ്റങ്ങളിൽ സ്നേഹം വെളിപ്പെട്ടിരുന്നില്ല. ക്യാരക്ടർ ഇല്ലാത്ത കരിസ്മയും ലൈഫില്ലാത്ത ഹർഷോത്മദവും തീവ്രവികാരവും സഭയെ ജീർണതയിലേക് നയിച്ചു
   സ്വതന്ത്ര ചിന്താഗതി, കുത്തഴിഞ്ഞ ജീവിതശൈലി, ലൈംഗീക അരാജകത്വം കഷിഭിന്നത, വ്യക്തി പൂജ, നേതാക്കളെ ക്രിസ്തുവിനു പകരം പ്രതിഷ്ഠിക്കൽ, കോടതി വ്യവഹാരം, കൃപാവരങ്ങളുടെ ദുരുപയോഗം, പുനരുദ്ധാന നിഷേധം, ഭൗതീകാഭിനിവേശം, “ശരീരം കൊണ്ട് പാപം ചെയ്യാമെന്നുള്ള” നോ പ്രോബ്ലം തിയോളജിയുടെ സ്വധീനം ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ സഭയെ ആത്മീയ ദുരന്തത്തിലേക്കു നയിച്ചു. വചനത്തിലും പരിജ്ഞാനത്തിലും സമ്പന്നരായിരുന്നവർ സ്നേഹ വിരുന്നുകളിൽ അയോഗ്യമായി പെരുമാറി. ലോകജ്ഞാനത്തിനു പ്രാധാന്യം കൊടുത്തവർ ദുർന്നടപ്പിനെ ഉദാര വല്കരിച്ചു. ചോരത്തളി ആചരിച്ചവരും മേഘത്തിൽ സ്നാനമേറ്റവരും മരുഭൂമിയിൽ വീണുപോയെങ്കിൽ ആരും സുരക്ഷിതരല്ല എന്ന മുന്നറിയിപ്പ് പൗലോസ്‌ നൽകി. ദൂതന്മാരുടെ ഭാഷകളിൽ സംസാരിച്ചവരോട്, മലകളെ നീക്കാൻ വിശ്വസമുള്ളവരോട്, വിശ്വസത്തിന്റെ പ്രവർത്തി കാണിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.
   വിശ്വസത്തിന്റെ ആധാരം തത്വജ്ഞാനമല്ല, ക്രൂശിക്കപ്പെട്ട ക്രിസ്തുവാണ്. വചനത്തോട് വികാരപരമായി മാത്രം പ്രതികരിക്കുന്നവർ പിന്നീട് വിശ്വസത്തിൽ തുടരുകയില്ല. വിശുദ്ധീകരണത്തിന്റെ പ്രമാണം മറന്നവർ ദൃശ്യലോകത്തെ താത്കാലിക യാഥാർഥ്യങ്ങളിൽ മാത്രം അഭിരമിച്ചു. പ്രത്യാശയില്ലാത്ത അരിഷ്‌ടമനുഷ്യരായി അധപ്പതിച്ചു. പുതിയ തലമുറ ദൈവശാസ്ത്ര ബോധവും സംശയരഹിതമായ പരിജ്ഞാനവും ഉള്ളവരാകണമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.