രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി,2018ലെ മഹാപ്രളയത്തില്‍ നിന്ന് മുക്തരാകും മുമ്പേ സംസ്ഥാനം വീണ്ടും പ്രളയ ഭീതിയില്‍; മരണ സംഖ്യ ഉയരുന്നു, വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 70ഓളം വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന, 12 ജില്ലകളില്‍ വെള്ളിയാഴ്ച അവധി

മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, കര വ്യോമസേനാ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 729

 സംസ്ഥാനത്ത് മൂന്ന് ദിവസമായി കനത്ത മഴ തുടരുന്നു. പലയിടത്തും അനിയനന്ത്രിതമായി ഉരള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതോടെ സംസ്ഥാനം വീണ്ടും പ്രളയഭീതിയിലാണ്. 2018ലെ മഹാപ്രളയം നാശം വിതച്ച്‌ കൃത്യം ഒരു വര്‍ഷം തികയുമ്ബോഴാണ് കേരളത്തെ പിടിച്ചുകുലുക്കി വീണ്ടും കാലവര്‍ഷം തിമിര്‍ത്തുപെയ്യുന്നത്.

കനത്ത മഴയെ തുടര്‍ന്ന് വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിനടിയിലായവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ അഞ്ച് കിലോമീറ്റര്‍ നടന്നു മാത്രമേ പ്രദേശത്ത് എത്താന്‍ സാധിക്കുകയൂള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നടന്നാണ് സൈന്യം ഈ പ്രദേശത്തേക്ക് വരുന്നത്. വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് കാണിച്ച്‌ നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് അപകടം പുറത്തറിഞ്ഞത്.

ഇവിടെ എത്ര ആളുകള്‍ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് റിപോര്‍ട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിരവധി പേരെ ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന രണ്ടു പാടികള്‍ മണ്ണിനോടൊപ്പം ഒലിച്ചു പോയിട്ടുണ്ട്. 70 ഓളം വീടുകള്‍ മണ്ണിനടിയിലാണെന്നാണ് രക്ഷപ്പെട്ട യുവാവ് പറയുന്നത്. കൂടാതെ, പള്ളിയും അമ്ബലവും ഒലിച്ചുപോയിട്ടുണ്ട്. 40 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം

മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, കര വ്യോമസേനാ ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട്, കോഴിക്കോട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. പുഴകളെല്ലാം കരകവിഞ്ഞിരിക്കുകയാണ്. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കോഴിക്കോട് മാത്രം 13 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. വയനാട് – താമരശ്ശേരി റോഡ് വെള്ളപ്പൊക്കഭീഷണിയിലാണ്. വെള്ളിയാഴ്ചയും രണ്ട് ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കല്‍പ്പറ്റ നഗരത്തില്‍ ബാങ്കുകളിലും മറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടു. തിരുവമ്ബാടി മുക്കം മേഖലയിലും കാലവര്‍ഷം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്.

ജനങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തിലാണ് വെള്ളം ഉയര്‍ന്നുപൊങ്ങുന്നത്. ഈങ്ങപ്പുഴയിലും വെള്ളം കയറിയിട്ടുണ്ട്. തുഷാരഗിരിയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുന്ന പാലം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. പലയിടത്തും ജനജീവിതം ദുസ്സഹമായിട്ടുണ്ട്. ഗതാഗത പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്.

മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ അഞ്ച് ഡാമുകള്‍ തുറന്നു. കുറ്റിയാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 20 ഡാമുകളിലും ബാരേജുകളിലുമായി എത്തിയത്. അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ ഡാമുകളിലെ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറവ് ജലമാണ് ആഗസ്റ്റ് എട്ടായ വ്യാഴാഴ്ച ഡാമുകളില്‍ ഉണ്ടായിരുന്നത്.

പഴശി ഡാമില്‍ മാത്രമാണ് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ജലമുള്ളത്. ഡാമുകളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടികളുടെ ചെയര്‍മാന്മാരായ കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌, ദുരന്തനിവാരണ അതോറിട്ടിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. രാവിലെ കളക്ടറുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.