പ്രശസ്തമായ ‘സ്റ്റോൺ ഓഫ് മഗ്ദല’ പുരാവസ്തു പ്രദർശനത്തിന് തയ്യാറെടുത്ത് മഗ്ദലന മറിയത്തിന്റെ നാട്

0 1,484

ഗലീലി: ‘സ്റ്റോൺ ഓഫ് മഗ്ദല’ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്തമായ പുരാവസ്തു ഗലീലിയയിലെ മഗ്ദലന മറിയത്തിന്റെ നാട്ടിൽ പ്രദർശനത്തിനുവെക്കും. ജൂൺ 26 മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ ഒരു സിനഗോഗിൽ യഹൂദരുടെ വിശുദ്ധ പുസ്തകങ്ങൾ വായിക്കാനുള്ള ഒരു മേശയായി ഉപയോഗിക്കപ്പെട്ടുവെന്നു നൂറ്റാണ്ടുകളായി കരുതപ്പെടുന്ന ചരിത്രമുള്ളതാണ് ഈ പുരാവസ്തു. മഗ്ദലയിൽ കണ്ടെത്തിയ സിനഗോഗ് തന്നെ ഗലീലിയിലെ ഏറ്റവും പഴക്കംചെന്ന സിനഗോഗായിട്ടാണ് കരുതപ്പെടുന്നത്. ഖനനത്തിന്റെ സമയത്ത് ഇസ്രായേലിന്റെ പുരാവസ്തു വകുപ്പാണ് ‘സ്റ്റോൺ ഓഫ് മഗ്ദല’ കണ്ടെത്തിയത്. ഇത് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രദർശനത്തിനു കൊണ്ടുപോയി.

ക്രിസ്തുവിന്റെ മരണശേഷം എഡി എഴുപതിൽ നശിപ്പിക്കപ്പെട്ട രണ്ടാം ജറുസലേം ദേവാലയത്തെ സംബന്ധിക്കുന്ന സൂചനകൾ കല്ലിലുണ്ട്. ‘സ്റ്റോൺ ഓഫ് മഗ്ദല’ അതിന്റെ ഉത്ഭവ സ്ഥലത്തേക്കും, സാഹചര്യത്തിലേക്കും തിരികെ മടങ്ങുന്നത് ചരിത്രപരമായും, മതപരമായും സുപ്രധാനമായ കാര്യമാണെന്ന് മഗ്ദലയിലെ പ്രധാന പുരാവസ്തു ഗവേഷകനായ മാർസലാ സപ്പാട്ട പറഞ്ഞു. ഇസ്രായേലിലെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്നാണ് അദ്ദേഹം സ്റ്റോൺ ഓഫ് മഗ്ദലയെ വിശേഷിപ്പിച്ചത്.

അവിടെ നിന്ന് കിട്ടിയ മറ്റു തെളിവുകളും പ്രദേശത്തിൻറെ യഹൂദ വേരുകളും, ജറുസലേം ദേവാലയമായിട്ടുള്ള ബന്ധവും, അവിടെ ജീവിച്ചിരുന്ന യഹൂദരുടെ വിശ്വാസവുമടക്കമുളള കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷ മാർസലാ സപ്പാട്ട പ്രകടിപ്പിച്ചു. ഇരുപതു നൂറ്റാണ്ട് പഴക്കമുള്ള ഈ വസ്തു തിരികെ എത്തിക്കുന്നത് മഗ്ദലയിലെ ജനങ്ങളും, ഇസ്രായേലി സർക്കാർ വകുപ്പുകളും തമ്മിലുള്ള ഐക്യമാണ് കാണിക്കുന്നതെന്ന് പ്രദേശത്തേക്ക് തീർത്ഥാടകരെ സ്വീകരിക്കുന്ന മഗ്ദല സെന്ററിന്റെ അധ്യക്ഷനും, സ്ഥാപകനുമായ ഫാ. ജുവാൻ മരിയ സോളാന പറഞ്ഞു. ഈ ഐക്യം മഗ്ദലയെ ഇസ്രയേലിലെ ഒരു അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: