ബറബ്ബാസിനെ സ്നേഹിക്കുന്നവർ

0 512

നൂറ്റാണ്ടുകളായി അവർ വിശ്വാസവീരർ ആദർശവാദികൾ

അബ്രഹാമിന്റെ വിശ്വാസവും യാക്കോബിന്റെ സഹനവും യിസഹാക്കിന്റെ സമർപ്പണവും യോസേഫിന്റെ നിഷ്കളങ്കതയും മോശയുടെ പ്രമാണവും യോശുവയുടെ ആദർശവും ദാവീദിന്റെ ശൗര്യവും കൈമുതലായി സൂക്ഷിച്ചവർ…

മണ്ണുമുഴുവൻ അവകാശമായും അതിരുകളും അധികാരങ്ങളും അരുളപ്പാടുകളും ദൈവത്തിൽ നിന്ന് തീറെഴുതി വാങ്ങിയവരും തനിച്ചുപാർക്കുകയും സ്വാതന്ത്ര്യത്തിനായി ഒളിപ്പോരുകൾ ചെയ്യുകയും യഹോവമാത്രം ഞങ്ങളുടെ രാജാവ് എന്ന് ഓരോ ശ്വാസത്തിലും ഉരുവിടുകയും ചെയ്തവരുമായ ജനതതി ഇതാ ഇവിടെ ഇപ്പോൾ കാലത്തിന്റെ കുത്തൊഴുക്കിൽ പ്പെട്ട് ഒഴുകിയും അഴുകിയും സ്വയം ഇല്ലാതാകുന്നു…

അവർ ബറബ്ബാസിനെ സ്നേഹിക്കുന്നു അവനു വേണ്ടി വാദിക്കുന്നു അവനായി നിലവിളിക്കുന്നു. ആരാണ് ബറബ്ബാസ്?? കലഹം കൊലപാതകം കവർച്ച എന്നിവ ജീവിത രീതിയാക്കി തീർത്ത ശ്രുതിപ്പെട്ട ഒരു ജയിൽപുള്ളി
( മത്തായി 27:17’21’25’ മർക്കോസ് 15:11′ ലൂക്കോസ് 23:17′ യോഹന്നാൻ 18:40).

എന്താണ് ഇവർ ബറബ്ബാസിനെ ഇത്രയധികം ആഗ്രഹിക്കുന്നത്? പറയാം !!..

നീതിയും സത്യവും പഠിപ്പിക്കേണ്ട ആത്മീയ ആചാര്യന്മാർ ആത്മീയതയുടെ വേഷത്തിൽ സുഖിച്ചുപുളച്ചു മദിക്കുമ്പോൾ അവരുടെ അകം വെളിവാക്കിയ നസ്റായന്റെ വാക്കിനും പ്രവർത്തിക്കും മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയാതായി അപ്പോൾ അവർ കോഴ കൊടുത്തും കള്ളം പഠിപ്പിച്ചും പറയിപ്പിച്ചും പുരുഷാരത്തെ കയ്യിലെടുത്തു
(മത്തായി 27:17’മർക്കോസ്‌, 15:11’ലൂക്കോസ് 23:25)
(പൊതുജനം കഴുതയാണെന്നാണ് ആരാണ്ടൊക്കെ പറഞ്ഞിട്ടുള്ളത് ശരിയാണെന്നു തെളിയുന്നു )…അവരുടെ കയ്യിൽ വീണുപോയ ജനത്തോടു അവർ പറഞ്ഞു നമ്മുക്ക് സ്വാതന്ത്ര്യം വേണ്ട, ആത്മീയം വേണ്ട, പ്രമാണം വേണ്ട “ബറബ്ബാസിനെ മതി “,..

ജനവും ചിന്തിച്ചു ശരിയാണ് എന്നാലേ മുഷ്ക്കും മുഷ്ടിയും വടിയും വാളും വെല്ലുവിളിയും ഒക്കെ ആയി തെരുവുകളെ കൂത്തരങ്ങുകളാക്കുവാൻ കഴിയൂ, കീഴുള്ള അധികാര ശ്രേണികൾക്കും അണികൾക്കും പരസ്പരം കാലുവാരനും കൈയിട്ടു വാരനും അവസരമുണ്ടാകു അതിന് ബറബ്ബാസ് പുറത്തുവരിക തന്നെവേണം….

പകരം മനഃസാക്ഷിക്കും നിയമത്തിനും ദൈവത്തിനും മുന്നിൽ നിരപരാധിയായവൻ പട്ടണത്തിനു വെളിയിൽ അങ്ങ് മലമുകളിൽ ക്രൂശിക്കപ്പെടണം അവിടെ സത്യം അവഹേളിക്കപ്പെടണം നീതി അവഗണിക്കപ്പെടണം ഇവിടെ ഞങ്ങൾക്ക് അണിയറയിൽ, അരങ്ങിൽ അഴിഞ്ഞാടണം അതിന് ബറബ്ബാസ് പുറത്തു വരണം…

സത്യങ്ങൾ നന്നായി മനസ്സിലാക്കിയ നീതിപീഠങ്ങളിൽ ഇരിക്കുന്ന വ്യാജന്മാരെ കാലാവധികഴിഞ്ഞിട്ടും അധികാര കസേര വിട്ടുകൊടുക്കാൻ മനസ്സില്ലാത്തതിനാൽ നിങ്ങൾ ഈ കലഹവും കൊലയും കവർച്ചയും ചെയ്യുന്ന ബറബ്ബാസിനു നേരെ കണ്ണടച്ചേക്കു അപ്പോൾ നിങ്ങളുടെ മുന്നിൽ ഇരുട്ടാകും ആ ഇരുട്ടിൽ നിങ്ങൾ അനുവദിച്ച ബറബ്ബാസുമാർ ഈ തെരുവുകളെ നിരപരാധികളുടെ നെഞ്ചിലെ ചോര കൊണ്ടു കുതിരുമാറാക്കും…..

ആശയങ്ങളും അറിവുകളും ആവിഷ്കാരങ്ങളും അഭിഷേകവുമുള്ളവർ വെറും കാഴ്ചക്കാരും നെടുവീർപ്പിടുന്നവരുമാകട്ടെ..

മാറാലയും കരിയും പുരണ്ട മനസ്സും വികൃതമായ മുഖങ്ങളും ദംഷ്ട്രകളും തീക്കണ്ണുകളും വിഷം ഒളിപ്പിച്ച നാക്കും നീട്ടി ജനത്തിനിടയിൽ ഇഴഞ്ഞു നീങ്ങി ഭിന്നിപ്പിന്റെ അസൂയയുടെ വിഷം ചീറ്റുന്ന കരിനാഗങ്ങളായി നിങ്ങളുടെ ആളുകൾ ആടിത്തിമിർക്കുമ്പോൾ വെളിപ്പാടില്ലാതെ വചനമില്ലാതെ വിവേകമില്ലാതെ ജനം ഇരുട്ടിൽ തപ്പിത്തടയട്ടെ ലോകം അതുകണ്ടു ചൂളം കുത്തട്ടെ…

അപ്പോഴും നിങ്ങൾ ചോദിച്ചുവാങ്ങിയ ബറബ്ബാസുമാർ സുരക്ഷിതരാകട്ടെ സത്യത്തെ പൊതുവിന്റെ ഇഷ്ടത്തിന് ഏൽപ്പിക്കു അവർ അതിനെ തെരുവിൽ ചമ്മട്ടികൊണ്ടടിക്കട്ടെ മുൾക്കിരീടം വെക്കട്ടെ മുഖത്തുതുപ്പട്ടെ താടിരോമങ്ങൾ പിഴുതെടുക്കട്ടെ വസ്ത്രം ഉരിഞ്ഞു ആണി അടിക്കട്ടെ….
എങ്കിലേ നാളകളിൽ നമ്മുടെ തലമുറകളുടെ നെഞ്ചിൽ ബറബ്ബാസിന്റെ സന്തതികൾ പടയോട്ടം നടത്തു….

പൂർവ്വികന്മാർ നിറം ചാർത്തിയ വിശ്വാസ വിശുദ്ധ വിശ്വസ്ത വിവേക വിശാല പ്രമാണങ്ങൾ, പ്രവർത്തനങ്ങൾ ഇനി പുസ്തക താളുകളിൽ വെറും അക്ഷരക്കൂട്ടങ്ങളായും മുത്തശ്ശിമാർ പറയുന്ന പഴങ്കഥകളും ആയി മാറുമോ? വീഥികളിൽ തലമുറകൾ അനാഥരാകുമോ? അപ്പോഴും ബറബ്ബാസുമാർ അവിരാമം സഞ്ചരിക്കുമോ?? ആർക്കറിയാം??…

ഇവിടെ പ്രീണിപ്പിക്കുന്ന അധികാര വൃന്ദങ്ങൾ..പ്രലോഭിപ്പിക്കുന്ന മതങ്ങൾ… പ്രതീക്ഷിക്കുന്ന സമൂഹങ്ങൾ… പ്രതിക്കൂട്ടിലാകുന്ന സത്യങ്ങൾ…

മറക്കാതെ ഓർത്തു വെച്ചോളു കാലവും കോലവും മാറും കല്ലറ തുറക്കും കല്ലുനീങ്ങും കാവൽപ്പട വീഴും മുദ്രപൊട്ടും റൂമാലുകൾ അഴിഞ്ഞു മാറും സത്യം ഉയിർക്കും… അന്ന് നിങ്ങളുടെ മറശീല മേൽതൊട്ട് അടിവരെ ചീന്തിപ്പോകും കൈകൂലിപ്പണം രക്തനിലങ്ങൾക്കു വഴിമാറും വ്യാജവും ഗൂഢാലോചനയും പൊളിയും നിങ്ങൾക്കൊളിക്കാൻ ഇടമില്ലാതാകും നീതി സകല ജനവും കാൺകെ പ്രത്യക്ഷമാകും…

ഹേയ് രാഷ്ട്രീയക്കാരെ മതനേതാക്കന്മാരെ ആത്മീയ നേതൃത്വങ്ങളെ ഇതൊക്കെ സംഭവിക്കും വരെ നിങ്ങൾ “ഉത്സവം തോറും” തുറന്നുവിടുന്ന, സ്വാർത്ഥത ചെയ്യുവാൻ അനുവദിക്കുന്ന ബറബ്ബാസുമാർ രാജ്യവും മതവും സഭയും കലഹവും കൊലയും കവർച്ചയുംകൊണ്ട് കലുഷിതമാക്കട്ടെ…

ജനമേ ആരെ നിങ്ങൾക്കുവേണം?? സംശയമെന്തു
ബറബ്ബാസിനെ!!!
അപ്പോൾ “ഇവനെ (സത്യത്തെ)ഇനി എന്ത് ചെയ്യേണം ”
ഒട്ടും മടിക്കേണ്ട “ക്രൂശിക്കേണം “”(മത്തായി 27:22).

-സജോ തോണിക്കുഴിയിൽ –