തൊഴിലില്ലായ്മ ക്രൈസ്തവരുടെ ഇടയിൽ ക്രമാതീതമായി വർദ്ധിക്കുന്നു: കേന്ദ്രസർക്കാർ
തൃണമൂൽ കൊണ്ഗ്രസ് അംഗം പ്രസൂൻ ബാനർജിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്ന വേളയിൽ ആണ് മന്ത്രി ഞെട്ടിക്കുന്ന ഈ യാഥാർഥ്യം വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ക്രൈസ്തവരുടെ ഇടയിൽ ഉള്ള തൊഴിലില്ലായ്മ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് കേന്ദ്രസർക്കാർ. പുരുഷൻമാരിൽ ക്രൈസ്‌തവ വിഭാഗത്തിലും സ്‌ത്രീകളിൽ സിക്ക് വിഭാഗത്തിലും തൊഴിലില്ലായ്മ വളരെ കൂടുതൽ ആണെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് പാർലമെന്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. തൃണമൂൽ കൊണ്ഗ്രസ് അംഗം പ്രസൂൻ ബാനർജിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്ന വേളയിൽ ആണ് മന്ത്രി ഞെട്ടിക്കുന്ന ഈ യാഥാർഥ്യം വെളിപ്പെടുത്തിയത്. സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾക്ക് ശേഷം ന്യൂനപക്ഷങ്ങളുടെ വികസനത്തെപ്പറ്റിയും തൊഴിലില്ലായ്മയെപ്പറ്റിയും എന്തങ്കിലും പുത്തൻ വിവരങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി നഖ്‌വി മറുപടി പറഞ്ഞത്.
2017-2018 ലെ പീരിയോടിക് ലേബർ ഫോഴ്സ് സർവേ (PLFS) യുടെ അടിസ്ഥാനത്തിലാണ് മന്ത്രി ഈ വിവരങ്ങൾ പാർലമെന്റിനെ അറിയിച്ചത്. എല്ലാ മതവിഭാഗങ്ങളുടെയും ഇടയിൽ നടത്തിയ സർവേ പ്രകാരം പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് മറ്റ് മതക്കാരെ അപേക്ഷിച്ച് കൂടുതലാണ്. ഗ്രാമങ്ങളിൽ ഇത് 6.9% ഉം നഗരങ്ങളിൽ ഇത് 8.8% ഉം ആണ്. സ്ത്രീകളിൽ സിക്ക് സമുദായക്കാരാണ് നഗരങ്ങളിൽ തൊഴിലില്ലായ്മ നേരിടുന്നത്. അതേ സമയം മുസ്‌ലിം സ്ത്രീകൾ ഗ്രാമങ്ങളിൽ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ കൂടുതലായി നേരിടുന്നു.
ഗ്രാമീണ മേഖലകളിൽ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള പുരുഷന്മാർ 5.7% ഉം മുസ്‌ലിം പുരുഷന്മാർ 6.7% തൊഴിലില്ലായ്മ നേരിടുന്നു. നഗരങ്ങളിൽ ഹിന്ദു പുരുഷന്മാർ 6.9%ഉം മുസ്‌ലിം വിഭാഗം 7.5% ഉം സിക്ക് വിഭാഗം 7.2% ഉം തൊഴിലില്ലായ്മ അനുഭവിക്കുന്നു. കഴിഞ്ഞ 45 വർഷത്തിനുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോഴത്തത്.
ക്രൈസ്തവ യുവാക്കളിൽ തൊഴിലില്ലായ്മ കൂടാൻ കാരണം NGO കളുടെ സാമ്പത്തിക ശ്രോതസ് അടഞ്ഞതാണോ കാരണം? അതോ ഗ്രാമങ്ങളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നുവോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇവിടുത്തെ ക്രൈസ്തവ നേതൃത്വം തയാറാകണം.