Make your way with News Fact and Knowledge

ഒരു മൃതദേഹം കൂടി തിരികെ നൽകി ഹമാസ്; ഇനി ലഭിക്കാനുള്ളത് 18 പേരുടെ മൃതദേഹങ്ങൾ

0 156

ഹമാസിന്റെ പക്കൽ നിന്നും ഒരു മൃതദേഹം കൂടി ലഭിച്ചതായി ഇസ്രയേലി സൈന്യം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഹമാസ് മൃതദേഹം കൈമാറിയത്. ഹമാസ് തിരികെ നൽകിയത് എലിയാഹു മാർഗലിറ്റിന്റെ (75) മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞതായും രാവിലെയോടെ സൈനിക പ്രതിനിധികൾ അദ്ദേഹത്തിന്റെ കുടുംബത്തിന് മൃതദേഹം കൈമാറിയതായും അറിയിച്ചു. ഇനി ലഭിക്കാനുള്ളത് 18 പേരുടെ മൃതദേഹങ്ങളാണ്.

മാർഗലിറ്റിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന ശവപ്പെട്ടി വെള്ളിയാഴ്ച രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ഹമാസിൽ നിന്ന് റെഡ് ക്രോസിന് കൈമാറുകയായിരുന്നു. തുടർന്ന് ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ പ്രതിരോധ സേനയ്ക്ക് കൈമാറി. സൈന്യം മൃതദേഹം പരിശോധിക്കുകയും തുടർന്ന് ഒരു ഇസ്രായേലി പതാക പുതപ്പിച്ച് ഒരു സൈനിക റബ്ബിയുടെ നേതൃത്വത്തിൽ ഒരു ഹ്രസ്വ ചടങ്ങിലൂടെ ആദരിക്കുകയും ചെയ്തു.

“കിബ്ബുട്സ് നിർ ഓസിൽ നിന്ന് കൊലചെയ്യപ്പെട്ട് തട്ടിക്കൊണ്ടുപോയതിന് 742 ദിവസങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രിയപ്പെട്ട ഏലി വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള നീണ്ട പോരാട്ടത്തിൽ പിന്തുണ നൽകിയതിന് ഇസ്രായേൽ ജനങ്ങൾക്കും ഹോസ്റ്റേജ് ഫാമിലിസ് ഫോറത്തിനും ഞങ്ങൾ നന്ദി പറയുന്നു. കൂടാതെ അവസാനത്തെ ബന്ദിയെ കൂടി ഹമാസ് കൈമാറുന്നത് വരെ ഞങ്ങൾക്ക് വിശ്രമമില്ലെന്ന് വാഗ്ദാനം ചെയ്യുന്നു,” കുടുംബം പ്രസ്താവനയിൽ പറഞ്ഞു.