തമ്പി ഉപദേശിയും മറിയാമ്മയും; പിന്നെ മുകളിൽ ആകാശവും താഴെ ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിന്റെ സിമൻറ് തറയും.

0 662

ഇപ്പോൾ എന്താ ചെയ്യുക? പുതുപ്പെണ്ണ് ചോദിച്ചു. ഉപദേശി മുകളിലേക്ക് വിരൽ ചൂണ്ടി മുകളിൽ ആകാശവും പിന്നെ താഴേക്ക് കൈചൂണ്ടി താഴെ സിമൻറ് തറ ( തലചായ്ക്കാൻ സ്ഥലമില്ലാതെ ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ )

സാധു എബ്രഹാം പസ്റ്ററുടെ സഭയിൽ ഞായറാഴ്ച ശുശ്രൂഷിച്ച ശേഷം തമ്പി പാസ്റ്ററെ ഭക്ഷണത്തിനായി പോസ്റ്റ്മാസ്റ്ററുടെ വീട്ടിലേക്ക് ക്ഷണിച്ചു. കേരളത്തിൽ നിന്ന് ആര് ശുശ്രൂഷ ക്കായി എത്തിയാലും അവരെ കൂട്ടിക്കൊണ്ടുവന്നു ശുശ്രുക്ഷിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും ഈ കുടുംബം മുൻപന്തിയിലായിരുന്നു.ആത്മീയ കാര്യത്തിൽ സ്വർഗ്ഗതുല്യമായ വീടായിരുന്നു ഇത്. ഭക്ഷണവും വിശ്രമം കഴിഞ്ഞ് മടങ്ങാൻ നേരം മൂത്തമകൾ മറിയാമ്മയെ വിവാഹം കഴിച്ചയിപ്പിക്കാൻ താൽപര്യമുണ്ടെന്ന് വിവരം അവരുടെ പിതാവ് തമ്പി ഉപദേശിയോട് പറഞ്ഞു. പരിചയമുള്ള നല്ല വിദ്യാഭ്യാസമുള്ള ഒരു യുവാവ് അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന് സുവിശേഷവേലക്ക് വിളി ഉള്ള ഒരു ഡിഗ്രിക്കാരിയെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും അയാളുമായി വിവാഹക്കാര്യം സംസാരിക്കാം എന്നും ഉപദേശി പറഞ്ഞു. അമേരിക്ക എന്നൊന്നും അവളോട് മിണ്ടാൻ പറ്റില്ല സുവിശേഷവേല ചെയ്യണം,പട്ടിണി കിടക്കണം, കഷ്ടം സഹിക്കണം,ആത്മാക്കളെ നേടണം എന്ന് പറഞ്ഞു നടക്കുന്ന അവളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. വേലയ്ക്കുവേണ്ടി ആഗ്രഹിക്കുകയും അതിനായി സമർപ്പിക്കുകയും ചെയ്തിരുന്നതിനാൽ 19 വയസുകാരിയെ തനിയെ സുവിശേഷ വേലയ്ക്ക് അയക്കുവാൻ വൈമനസ്യം ഉള്ളതുകൊണ്ട് ഒരു സുവിശേഷ വേലക്കാരനുമായി വിവാഹം കഴിപ്പിക്കാൻ ആണ് താൽപര്യപ്പെടുന്നത് എന്ന് പിതാവ് ഉപദേശിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ ബി.എസ്.സി വരെ പഠിച്ചതും സാമാന്യ നിലവാരത്തിൽ ജീവിക്കുന്ന കുടുംബത്തിലെ അംഗവുമായ സഹോദരിക്ക് അനുയോജ്യമായ ഒരു ഭർത്താവിനെ അധികം താമസിക്കാതെതന്നെ അന്വേഷിച്ചു കണ്ടെത്തിതരാം എന്ന് അദ്ദേഹം വാക്കുകൊടുത്തു. മടങ്ങി പോകാൻ തുടങ്ങിയപ്പോൾ തമ്പി ഉപദേശിയെപ്പോലെ സുവിശേഷ താല്പരനായ ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് പിതാവ്. കേരളത്തിലെത്തിയാൽ അങ്ങനെ ഒരാളെക്കുറിച്ച് അന്വേഷിച്ചു കണ്ടുപിടിച്ചു ഉടനെ തന്നെ അറിയിക്കാം എന്ന് പറഞ്ഞ് തമ്പി പാസ്റ്റർ ഇറങ്ങി നടന്നു. തമ്പി ഉപദേശിയെ തന്നെയാണ് ഞങ്ങൾക്ക് താല്പര്യമെന്ന് മറിയാമ്മയുടെ പിതാവ് തുറന്നു പറഞ്ഞപ്പോൾ ഉപദേശി ഇടിവെട്ടേറ്റതുപോലെ നിന്നു. വീടും കൂടും ഇല്ലാത്ത ചെലവിന് നാണയത്തുട്ടുകൾ പോലും കൈവശമില്ലാത്ത തനിക്ക് തലയ്ക്കു മുകളിൽ ആകാശവും താഴെ ഭൂമിയും അല്ലാതെ മറ്റൊന്നും ഇല്ലെന്നും ഈ ജീവിതത്തിൽ സുവിശേഷം അറിയിക്കുകയല്ലാതെ വിവാഹത്തെപ്പറ്റി ചിന്തിക്കുവാൻ പോലും സാധ്യമല്ല എന്ന് അദ്ദേഹം തുറന്നടിച്ചു. അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും നിന്റെ കൂടെ ദൈവം ഉണ്ടെന്ന് എനിക്ക് ബോധ്യമുള്ളതിനാൽ അതുമതി എന്നും ഉപദേശിയോട് മറിയാമ്മയുടെ പിതാവ് പറഞ്ഞു. തന്നെക്കുറിച്ചുള്ള സകല വിവരങ്ങളും വളരെ കൃത്യമായി അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ താൽപര്യത്തിന് കുറവൊന്നും വന്നില്ല . തുടർന്ന് താൻ മറിയാമ്മയുമായി സംസാരിച്ചു.’മുകളിലേക്കു നോക്കിയാൽ ആകാശം താഴോട്ടു നോക്കിയാൽ ഭൂമി അല്ലാതെ തനിക്ക് സ്വന്തമായി വീടോ, തന്നെ അംഗീകരിക്കുന്ന വീട്ടുകാരോ, സ്ഥിര വരുമാനമാർഗ്ഗങ്ങൾ യാതൊന്നും ഇല്ലെന്നും, ത്യാഗ സമ്പൂർണ്ണമായ ഒരു ജീവിതവും കഷ്ടതയും പട്ടിണിയും ഒറ്റപ്പെടലുകളും ഒക്കെ സഹിക്കുവാൻ തയ്യാറാണെങ്കിൽ മാത്രമേ തന്നോടൊപ്പം ഇറങ്ങിത്തിരിക്കാവു ” എന്നും മുന്നറിയിപ്പുനൽകി. ഈ വാക്കുകൾ ഒന്നും മറിയാമ്മേ ക്ഷീണിപ്പിച്ചില്ല. കാരണം കർത്താവിനു വേണ്ടി എന്തും സഹിക്കാനുള്ള മനസും ഏതുവിധേനയും സുവിശേഷം അറിയിക്കണമെന്ന ദൃഢനിശ്ചയവും നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരവും അവർക്കുണ്ടായിരുന്നു. അതിനാൽ തമ്പി ഉപദേശിയുടെ മുന്നറിയിപ്പുകളും ഭീഷണി വാക്കുകളൊന്നും തന്നെ അല്പംപോലും തളർത്തിയില്ല. സുവിശേഷം നിമിത്തം ഭാവി ജീവിതത്തെക്കുറിച്ച് മറിയാമ്മയ്ക്ക് സ്വപ്നങ്ങളും സങ്കൽപങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. ക്രിസ്തുവിനുവേണ്ടി ജീവിക്കുക. ക്രിസ്തുവിനു വേണ്ടി അധ്വാനിക്കുക. ക്രിസ്തുവിനുവേണ്ടി നേടുക ക്രിസ്തുവിനുവേണ്ടി ഓടുക ക്രിസ്തുവിനുവേണ്ടി എരിഞ്ഞടങ്ങുകാ. കർത്താവിന്റെ രാജ്യത്തെക്കുറിച്ചുള്ള അത്യാർത്തിക്കു മുമ്പിൽ നൊടി നേരത്തേക്കുള്ള കഷ്ടമോ സങ്കടമോ പട്ടിണിയോ പതറാത്ത ഒരു മനസ്സ് ആ 19കാരി കർത്താവിൽ നിന്ന് ദൈവസ്നേഹത്താൽ ആർജിച്ചെടുത്തിരുന്നു.

സഭ വിട്ടുനിന്നെങ്കിലും കല്യാണം കഴിക്കാൻ നേരം തമ്പി സമുദായത്തിൽ തിരിച്ചുവരാതെ എവിടെ പോകാൻ എന്ന് വീട്ടുകാർ ആശ്വസി ച്ചിരിക്കുമ്പോഴാണ് സമുദായത്തിനും സംസ്ഥാനത്തിനും വെളിയിൽ നിന്ന് ഒരു പെണ്ണിനെ ആലോചിക്കുന്നതായി അറിഞ്ഞത്, നൂറ്റാണ്ടുകളായി പിതാക്കന്മാർ കാത്തുസൂക്ഷിച്ച പാരമ്പര്യത്തെ വിശ്വാസത്തിന്റെ പേരിൽ കളഞ്ഞു കുളിക്കുന്നതിൽ ധാർമിക രോഷം പൂണ്ട കുടുംബക്കാർ ലഹളയ്ക്ക് ഒരുങ്ങി. സ്വാധീനം കൊണ്ടും സമ്മർദ്ദം കൊണ്ടും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ. പെൺ വീട്ടുകാരോട് തമ്പിയുടെ ഒന്നുമില്ലാത്ത അവസ്ഥകൾ പറഞ്ഞു കല്യാണം തെറ്റിക്കാനുള്ള ശ്രമം നടന്നു. പക്ഷേ അതൊന്നും പ്രയോജനപ്പെട്ടില്ല, ദൈവഹിതം 1970 ഒക്ടോബർ 26 നു തിരുവല്ലായിൽ ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടത്തുവാൻ നിശ്ചയിച്ചു.

വിവാഹത്തിന് വീട്ടുകാർ വന്നേക്കും എന്ന് കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്,എന്നാൽ തമ്പി ഉപദേശിയുടെ കല്യാണം എന്ന് കേട്ടതോടെ ക്ഷണിച്ചവരെല്ലാം നാലു ദിക്കിൽ നിന്നും വന്നുകൂടി.താൻ എല്ലായിടങ്ങളിലും കയറിയിറങ്ങി നടന്നവനായതുകൊണ്ട് സഭാസംഘടന വ്യത്യാസമില്ലാതെ ധാരാളം ദൈവമക്കളും ദൈവദാസന്മാരും എത്തിച്ചേർന്നിരുന്നു. എം വി ചാക്കോ സാർ, നടരാജമുതലിയാർ എന്നിവർ നവദമ്പതികൾക്ക് ആശംസ അറിയിക്കാൻ എത്തിയിരുന്നു.തമ്പി ഉപദേശിയുടെ കൂടപ്പിറപ്പുകളുടെ സ്ഥാനത്ത് പലയിടങ്ങളിൽ നിന്നും ധാരാളം പേരെ ഓഡിറ്റോറിയത്തിൽ ദൈവം എത്തിച്ചു.തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് പാസ്റ്റർ കെ ഇ എബ്രഹാംമിന്റെ നേതൃത്വത്തിൽ വിവാഹം നടത്തുവാൻ ഇടയായി.വിവാഹച്ചിലവ് എങ്ങനെ നടക്കുമെന്ന് ആശങ്കയെ തുടർന്ന് തമ്പി ഉപദേശിയുടെ സ്നേഹിതന്മാർ അതിനായി പിരിവ് ഇടുകയും 400 രൂപ ലഭിക്കുകയും ചെയ്തു. കല്യാണ ചെലവിനായി മറിയാമ്മയുടെ വീട്ടുകാർ 1000 രൂപ നൽകി .തമ്പി ഉപദേശിയുടെ വീട്ടുകാരുടെ സമ്പൂർണ്ണ നിസഹകരണത്തോടും എതിർപ്പും കൂടെ കെ ഇ എബ്രഹാം സാർ നിരവധി ദൈവദാസൻ മാരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തി.തന്നെ സ്നേഹിക്കുന്ന ദൈവ മക്കളും വിവാഹത്തിൽ പങ്കെടുത്തു . പാസ്റ്റർ വി എ തമ്പിയുടെയും മറിയാമ്മ തമ്പിയുടെയും വിവാഹത്തിൻറെ മൊത്തം വരവ് 1400 മൊത്തം ചിലവ് 1450 രൂപ ,കടം 50 രൂപ

വിവാഹ മംഗളം കഴിഞ്ഞു വിരുന്നുകാർ സന്തോഷത്തോടെ മടങ്ങിപ്പോയി. എന്നാൽ പുതുമണവാളന്റെ മനസ്സിൽ അഗ്നികുണ്ഡം ആളിക്കത്താൻ തുടങ്ങി. മണവാട്ടി മറിയാമ്മയും കൊണ്ട് എവിടെ പോയി രാപ്പാർക്കാൻ ക്നാനായ സമുദായത്തിന് നൂറ്റാണ്ടുകൾ പിന്നിട്ട പൈതൃകത്തിന് വില കല്പിക്കാതെ വീട്ടുകാരെ മുഖത്ത് കരിവാരി തേച്ചു ബന്ധുജനത്തിന് അപമാനം വരുത്തി പള്ളിയും പട്ടക്കാരെയും വെല്ലുവിളിച്ച് സമുദായം മാറി വിവാഹം കഴിച്ചതിന് അടങ്ങാത്ത കോപത്തിൽ കലിതുള്ളി നിൽക്കുന്ന പോലീസ് ഇൻസ്പെക്ടറായ ജേഷ്ഠന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നപ്പോഴാണ് ഭവിഷ്യത്തുകളെപറ്റി ഓർമ്മ വന്നത്. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് കല്യാണം കഴിഞ്ഞ് മറ്റെങ്ങും പോകേണ്ട നേരെ വീട്ടിലേക്ക് തന്നെ വരണമെന്ന് പോലീസുകാരൻ ജേഷ്ഠന്റെ കല്പനയുമായി ഒരാൾ തന്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ മനസ്സ് തണുത്തു എന്ന് വിചാരിച്ചു, ഒന്നുമില്ലെങ്കിലും അപ്പനും അമ്മയും സഹോദരങ്ങളും കുടുംബവീടും ഒക്കെ ഉണ്ടെന്നു അറിയുമ്പോൾ ഭാര്യക്ക് സന്തോഷം ആവുമല്ലോ. പാരമ്പര്യത്തെ കുറിച്ചുള്ള എരിവ് മൂലം വീട്ടുകാരിൽ പലരും വിവാഹത്തിന് വരാതെ വിട്ടുനിന്നെങ്കിലും തന്നെ കുറിച്ച് അവർ കരുതലും വിചാരം ഒക്കെ ഉണ്ടല്ലോ എന്നോർത്തപ്പോൾ ജേഷ്ഠന്റെ മഹത്തായ കല്പന സന്ദേശം പോലെ അദ്ദേഹത്തിനു തോന്നി. നവവധുവിനെ കൈക്കു പിടിച്ചുകൊണ്ടു നവവരൻ തൻറെ ജന്മഗൃഹത്തിലേക്ക് പോകുവാൻ തിരുവല്ലയിൽനിന്ന് വണ്ടികയറി. സകല ബന്ധുക്കളെയും വിളിച്ചുകൂട്ടി പന്തലിട്ട് സദ്യയൊരുക്കി ക്നാനായ സഭയുടെ ശൈലിയിൽ ഒരു രണ്ടാം കല്യാണം നടത്താൻ സകല സംവിധാനങ്ങളും ഒരുക്കി ചേട്ടൻ പോലീസ് മോഡലിൽ നടത്തിയ ഓപ്പറേഷനായിരുന്നു തനിക്ക് ലഭിച്ച ക്ഷണനം. വീട്ടിൽ എത്തിയ നവദമ്പതികൾക്ക് ചുറ്റുംകൂടി ശബ്ദത്തിൽ നട വിളി ആരംഭിച്ച ജീവിതത്തിൽ ആദ്യമായി നടവിളി കേട്ട് മണവാട്ടി നടുങ്ങി. വീട്ടുകാർക്ക് ഇഷ്ടമില്ലാതെ അവരുടെ സഹകരണമില്ലാതെ നടത്തിയ വിവാഹമാണ് എന്നറിയാവുന്നതുകൊണ്ട് വിളിച്ചുവരുത്തി തല്ലിയൊടിക്കാനുള്ള ശ്രമമാണ് എന്നു മനസ്സിലാക്കി മറിയാമ്മ ഭർത്താവിനോട് ചേർന്നു നിന്നു. ആകെ വാക്കുതർക്കമായി,വചന പ്രകാരമുള്ള വിവാഹം നടന്നതിനാൽ ഇനി ആചാരപ്രകാരം വിവാഹത്തിന് താനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. നാട്ടുകാരെ വിളിച്ചുകൂട്ടിയ കല്യാണത്തിന് പോലീസ് ഇൻസ്പെക്ടർക്ക് അഭിമാനത്തിന്റെ പ്രശ്നം. ദൈവദാസന്‌ ഇത് താൻ പിൻ പറ്റിയ വിശ്വാസത്തിൻറെ പ്രശ്നം. സംഗതി വഷളാകുമെന്ന് അല്ലാതെ യാതൊരു തീരുമാനം ഉണ്ടാകില്ല എന്ന് കണ്ടപ്പോൾ അപ്പൻ രംഗത്തുവന്ന് ചേട്ടനോട് പറഞ്ഞു. അവൻറെ വിശ്വാസം അതാണെങ്കിൽ നീ നിർബന്ധികേണ്ട. അവരെ വെറുതെ വിട്ടേര് . ഇത് കേട്ടതോടുകൂടി ചേട്ടൻറെ മട്ടുമാറി. ഇതുവരെ എന്റെ കൂടെ നിന്നിട്ട് ഇപ്പോൾ കാലുമാറിയോ എന്നായി അദ്ദേഹം.

വിട്ടു പോരുവാൻ നിവർത്തിയില്ലാതെ ആ വീട്ടിൽ പെട്ടുപോയ നവദമ്പതികൾ പിറ്റേന്ന് പ്രഭാതത്തിൽ തന്നെ വീടുവിട്ടിറങ്ങി.വയൽ വരമ്പുകളിലൂടെ തൻറെ ഭർത്താവിൻറെ പിന്നാലെ നടക്കുമ്പോൾ മറിയാമ്മ ചോദിച്ചു നമ്മൾ എങ്ങോട്ടാണ് തമ്പിച്ചായ പോകുന്നത്. അദ്ദേഹം നാലുപാടും കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു അവിടെ ചങ്ങനാശ്ശേരി ഇവിടെ ചിങ്ങവനം അതിനപ്പുറം കുറിച്ചി ഭൂമിയുടെ അറ്റത്തോളം വേണമെങ്കിലും പോകാം .ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പറയുവാൻ കഴിഞ്ഞില്ലെങ്കിലും തമ്പിച്ചായ എന്നുള്ള വിളി അന്നുമുതൽ അദ്ദേഹത്തിൻറെ ജീവിതത്തിൽ നിലവിൽ വന്നു .പിന്നീട് പ്രായഭേദമെന്യേ ബഹുഭൂരിപക്ഷവും തന്നെ വിളിക്കുന്നത് ‘താമ്പിച്ചായ’ എന്നാണ്. തുടർന്നുള്ള ദിവസങ്ങളിലെല്ലാം പല സ്ഥലങ്ങളിൽ പരസ്യ യോഗവും ഭവന സന്ദർശനങ്ങളും പകൽ കാലങ്ങളിൽ നടത്തി രാത്രി ഏതെങ്കിലും സ്നേഹിതന്മാരുടെ വീട്ടിൽ അന്തിയുറങ്ങി വിവാഹം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം പകലത്തെ അധ്വാനവും കഴിഞ്ഞ് ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ നേരം വളരെ വൈകി, അനിയച്ചാന്റെ വീട്ടിൽ പോകാം എന്ന് വച്ചാൽ അന്ന് അവിടെ ചില വിരുന്നുകാർ എത്തിയിരുന്നതിനാൽ അവർക്ക് ബുദ്ധിമുട്ടുണ്ടാകും എന്തു ചെയ്യണമെന്നറിയാതെ അൽപ നേരം പകച്ചു നിന്നു.
”എന്താ ചെയ്യുക പുതുപ്പെണ്ണ് ചോദിച്ചു? ഉപദേശി മുകളിലേക്ക് വിരൽ ചൂണ്ടി മുകളിൽ ആകാശവും പിന്നെ താഴേക്ക് കൈചൂണ്ടി താഴെ സിമൻറ് തറ.വിവാഹത്തിനു മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയാണല്ലോ എന്നോർത്ത് രാത്രിയുടെ വിജനതയിൽ എന്തിനും മടിക്കാത്ത തെരുവ് തെമ്മാടികൾ വിളയാടുന്ന ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിലെ സിമൻറ് തറയിൽ ഉറക്കമിളച്ചിരുന്ന് ആ ദമ്പതികൾ തങ്ങളുടെ പന്ത്രണ്ടാം മധുവിധുരാത്രി ഒരുവിധത്തിൽ കഴിച്ചുകൂട്ടി. തുടർന്നുള്ള മൂന്നു മാസങ്ങളിൽ പലരുടെയും വീട്ടിൽ അന്തിയുറങ്ങി. പകലന്തിയോളം ഉള്ള അധ്വാനത്തിന് ശേഷം അല്ലെങ്കിൽ രാത്രി യോഗത്തിനുശേഷം എവിടെ അന്തിയുറങ്ങും എന്നത് ഒരു പ്രശ്നമായിരുന്നു. കൈക്കൊള്ളുവാൻ മനസ്സുള്ളവർക്ക് രണ്ടുപേരെ കൂടി ഉൾക്കൊള്ളുവാനുള്ള സ്ഥലസൗകര്യം ഉണ്ടായിരിക്കുകയില്ല. ചുരുക്കം ചില വീടുകളിൽ മാത്രമേ ഒന്നിച്ചു താമസിക്കുവാനുള്ള വിശാലത ഉണ്ടായിരുന്നുള്ളൂ. പലപ്പോഴും രണ്ടുപേരും രണ്ടു വീടുകളിലാണ് രാത്രി കഴിച്ചു കൂട്ടിയിരുന്നത്. കേന്ദ്ര ഗവൺമെൻറ് ജോലിക്കാരായ മാതാപിതാക്കളുടെ വിദ്യാസമ്പന്നയായ മകൾ നല്ലനിലയിൽ സമൃദ്ധിയിൽ ജീവിച്ചിരുന്നവൾ. നല്ല നിലവാരത്തിൽ ജീവിക്കുവാൻ എല്ലാ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സുവിശേഷവേല എന്ന ഒറ്റക്കാരണത്താൽ പട്ടിണിയും പഞ്ഞവും പരിഹാസങ്ങളും ആയി തന്നോടൊപ്പം അലഞ്ഞുതിരിയുന്നത് തമ്പിച്ചായനെ വളരെയധികം വേദനിപ്പിച്ചു. ഭർത്താവിന്റെ മാനസിക വേദന മനസ്സിലാക്കിയ ഭാര്യ നാഗർകോവിലിലേക്ക് പോയി കൊള്ളാം എന്ന് പറഞ്ഞു. എങ്കിൽ ഞാൻ വരുന്നില്ല നീ തനിയെ പോകണം വിവാഹം കഴിഞ്ഞ് ആദ്യമായി ഒറ്റയ്ക്ക് വീട്ടിൽ പോകുന്നത് നാണക്കേടല്ലേ എന്നായി. തമ്പിച്ചായൻ അത് സാരമില്ല നമ്മുടെ അവസ്ഥകൾ വീട്ടുകാർക്ക് അറിയത്തില്ലെ എന്ന് മറിയാമ്മ. തന്റെ ഭാര്യയുടെ മനോനില മനസ്സിലാക്കിയ കർത്താവിൻറെ ദാസൻ അതിനു സമ്മതിച്ചു. ദീർഘദൂരം ഏകയായി വണ്ടി കയറി പോകുന്ന കേവലം 19 വയസ്സ് മാത്രം പ്രായമുള്ള ജീവിതപങ്കാളിയുടെ ദുരവസ്ഥ ഓർത്തപ്പോൾ തമ്പി ച്ചായെന്റെ ചങ്ക് തകർന്നു. വീട്ടിൽ ചെന്ന് കഴിഞ്ഞാൽ തനിക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിക്കും. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ തന്റെ ഭർത്താവ് ഏകനായി അനുഭവിക്കേണ്ടിവരുന്ന പട്ടിണിയും കഷ്ടപ്പാടുകളും ഓർത്തപ്പോൾ വണ്ടിയിലിരുന്ന് സഹധർമ്മിണിയുടെ ഹൃദയം പിടഞ്ഞു. വണ്ടി വിടാൻ ഇരുവരും പരസ്പരം നോക്കി കണ്ണുകൊണ്ട് യാത്ര പറഞ്ഞതും അടക്കി നിർത്തിയിരുന്ന വേദന നിയന്ത്രിക്കാനാവാതെ രണ്ടുപേരും പൊട്ടിക്കരഞ്ഞതും ഒന്നിച്ചായിരുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: