കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച ഭൂചലനമുണ്ടായ അതേ മേഖലയിൽ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. 10 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രമെന്ന് അറിയുന്നു. ഞായറാഴ്ച നടന്ന ഭൂകമ്പത്തിന്റെ തീവ്രത 6 ആയിരുന്നു. 8 കിലോമീറ്റർ താഴെയായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുതിയ ഭൂചലനത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയും തുടർചലനം നടന്നിരുന്നു. 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതിനു പിന്നാലെയാണ് കുറെക്കൂടി ശക്തമായ ഭൂചലനം നടക്കുന്നത്.യൂറേഷ്യൻ, ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ.
അതെസമയം ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,411 ആയി ഉയർന്നുവെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. കുനാർ പ്രവിശ്യയിൽ മാത്രം 1,411 പേർ മരിക്കുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദിന്റെ പ്രസ്താവന വ്യക്തമാക്കി. 5,000-ലധികം വീടുകൾ തകർന്നു. ചൊവ്വാഴ്ചയാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഭൂകമ്പമാണിത്. ഇത് മേഖലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ ദുരന്തം അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദീർഘകാലം നീണ്ടു നിന്ന വൈദേശിക ഇടപെടലുകൾക്കും ഭീകരവാദത്തിനും ശേഷം ഇപ്പോഴും സാമ്പത്തികമായി കാര്യമായി മുമ്പോട്ടു പോകാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തോട് സഹായാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ.
ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യ 1,000 ടെന്റുകൾ കാബൂളിലേക്ക് അയച്ചു. 15 ടൺ ഭക്ഷ്യവസ്തുക്കൾ കാബൂളിൽ നിന്ന് കുനാർ പ്രവിശ്യയിലേക്ക് അയച്ചു. ദുരിതാശ്വാസ സാമഗ്രികൾ തുടർന്നും അയക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു. തൊട്ടുപിന്നാലെ യുകെ ഒരു ദശലക്ഷം പൗണ്ടിന്റെ (10 കോടി രൂപ) അടിയന്തര ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായം നൽകുമെന്ന് ചൈനയും അറിയിച്ചു.