സിറിയ-ഇസ്രായേല്‍ സുരക്ഷാ കരാറിന് വഴിയൊരുങ്ങുന്നു. ഇസ്രായേലുമായി നടക്കുന്ന സുരക്ഷാ കരാര്‍ ചര്‍ച്ചകള്‍ അടുത്ത ദിവസങ്ങളില്‍ ഫലം കാണാന്‍ സാധ്യതയുണ്ടെന്ന് സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍-ഷറാഅ അറിയിച്ചു. ഡമാസ്‌കസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം കരാര്‍ ഈ സാഹചര്യത്തില്‍ വളരെ അത്യാവശ്യമാണ് എന്ന് വ്യക്തമാക്കിയത്. പുതിയ സുരക്ഷാ കരാര്‍ മാനദണ്ഡങ്ങള്‍ ഇസ്രായേല്‍ സിറിയയ്ക്ക് നല്‍കിയിട്ടുണ്ട്.
ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഇസ്രായേല്‍ സിറിയയ്ക്ക് പുതിയ സുരക്ഷാ കരാര്‍ കരട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 1979-ലെ ഇസ്രായേല്‍-ഈജിപ്ത് സമാധാന കരാറിന്റെ മാതൃകയിലാണ് ഇത്. ഡമാസ്‌കസിന്റെ തെക്ക്-പടിഞ്ഞാറ് മുതല്‍ ഇസ്രയേല്‍ അതിര്‍ത്തിവരെ ഉള്ള ഭൂവിഭാഗം മൂന്ന് മേഖലകളായി വിഭജിക്കാനുള്ളതാണ് കരാര്‍. സിറിയന്‍ ഭാഗത്ത് നിലവിലുള്ള ബഫര്‍ സോണിന് ഇനിയും രണ്ട് കിലോമീറ്റര്‍ കൂടി നീളവും, ഡമാസ്‌കസ് തെക്ക്-പടിഞ്ഞാറ് മുതല്‍ ഇസ്രായേല്‍ അതിര്‍ത്തിവരെ സിറിയന്‍ സൈനിക വിമാനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ‘നോ-ഫ്‌ലൈ സോണ്‍’ പ്രഖ്യാപിക്കലുമാണ് നിര്‍ദ്ദേശം. കൂടാതെ ഡിസംബര്‍ 8-നുശേഷം പിടിച്ചെടുത്ത മൗണ്ട് ഹെര്‍മോണ്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കൈവശംവെക്കാന്‍ താല്‍പ്പര്യമാണെന്നും സിറിയന്‍ സേന പിന്‍വാങ്ങണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുന്നതായി പുതിയ നിര്‍ദേശത്തില്‍ ഇസ്രായേല്‍ വച്ചിരിക്കുന്നു. അതേസമയംപുതിയ സുരക്ഷാ കരാര്‍സിറിയയുടെ വ്യോമപരിധിയുടെയും ഭൗമിക അഖണ്ഡതയുടെയും മാന്യത ഉറപ്പാക്കുന്ന തരത്തിലായിരിക്കണമെന്നും, ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്നും സിറിയന്‍ പ്രസിഡന്റ് അഹ്മദ് അല്‍-ഷറാഅ പറഞ്ഞു. അമേരിക്ക സിറിയക്ക് സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന ആരോപണം ഷറാഅ നിഷേധിച്ചു, യു എസ് ‘മധ്യസ്ഥ’ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഷറാഅ കൂട്ടിചേര്‍ത്തു. 1974-ലെ സിറിയഇസ്രായേല്‍ ‘ഡിസെന്‍ഗേജ്മെന്റ്’ കരാറിന് സമാനമായൊരു കരാറാണ് സിറിയ ആവശ്യപ്പെടുന്നതെന്ന് ഷറാഅ വ്യക്തമാക്കി. അതില്‍പോലെ, ഇരു രാജ്യങ്ങളും തമ്മില്‍ സൈനികമുക്ത മേഖല സൃഷ്ടിക്കുന്നതാണ് ലക്ഷ്യം. എങ്കിലും, ഇസ്രായേലും സിറിയയും തമ്മില്‍ സമാധാന കരാറോ ‘അബ്രഹാം കരാറുകള്‍’ മാതൃകയിലുള്ള കരാറോ ഇപ്പോള്‍ ചര്‍ച്ചയില്‍ ഇല്ലെന്നും ഷറാഅ വ്യക്തമാക്കി.