സംസ്ഥാനത്ത് മഴ കനക്കുന്നത് കാലവർഷത്തിന് സമാനമായി. മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മദ്ധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദ്ധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കർണാടക-വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദ്ദവുമായി ചേർന്നു. അറബിക്കടലിലെ ന്യൂനമർദ്ദം കാരണം തുലാവർഷത്തിലെ ഇടിയോട് കൂടിയ മഴ കാലവർഷമഴയ്ക്ക് സമാനമായിരിക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ ഇന്ന് പുലർച്ചെ 5.30 ന് പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഈ ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ച്, ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം അടുത്ത ഘട്ടത്തിൽ ചുഴലിക്കാറ്റായി മാറും.