പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളില്‍ 2026 ജനുവരി ഒന്നു മുതല്‍ മാറ്റം വരുന്നു. 90 ശതമാനം വണ്ടികള്‍ക്കും സമയമാറ്റമുണ്ട്.
രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക് സമയമാറ്റം ഉണ്ട്.
സമയമാറ്റം സംബന്ധിച്ച് ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അതേ സമയം ചില സോണുകളിൽ അധികൃതർ ട്രെയിൻ ടൈം ടേബിൾ മാറ്റം അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) സമയമാറ്റം സംബന്ധിച്ച അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഉത് പൂർണമായാൽ മാത്രമേ പൂർണമായ ചിത്രം വ്യക്തമാകുകയുള്ളൂ.
ഇത് കൂടാതെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) വെബ്സൈറ്റിലും സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
കേരളത്തിലും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സമയമാറ്റം ഉണ്ട്. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പസ്, കണ്ണൂർ-തിരുവനതപുരം ജനശതാബ്ദി എക്സ്പസ്, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പസ് തുടങ്ങിയവ എല്ലാം സമയമാറ്റമുള്ള ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ചില ട്രെയിനുകൾക്ക് നൽകിയിട്ടുള്ള ബഫർ ടൈമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ചില ട്രെയിനുകൾ നിലവിൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബഫർ ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾക്ക് സമയമാറ്റം വരുത്തിയിട്ടുണ്ട്. ട്രെയിനുകൾക്ക് സമയമാറ്റം വരുമ്ബോൾ ” ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്’ എന്ന പേരിൽ ടൈംടേബിൾ റെയിൽവേ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇതിന് യാത്രക്കാരിൽ നിന്ന് അധികൃതർ വിലയും ഈടാക്കിയിരുന്നു.
യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ ടൈം ടേബിൾ പുസ്തകം കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേ അച്ചടിക്കാറില്ല. എന്നാൽ ഇതവണ ജനുവരിയിൽ തന്നെ ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിലെ ഉന്നതർ നൽകുന്ന സൂചനകൾ. റെയിൽവേ ടൈം ടേബിളിന്റെ 46-ാം പതിപ്പാണ് പുറത്തിറക്കുന്നത്. ഇതിൽ പ്രീമിയം സർവീസുകൾ ഉൾപ്പെടെ പ്രധാന പാസഞ്ചർ ട്രെയിനകളുടെ റൂട്ടുകൾ, സമയങ്ങൾ, റിസർവേഷൻ നടപടിക്രമങ്ങൾ, യാത്രാ നിയമങ്ങൾ-നിയന്ത്രണങ്ങൾ, കാറ്ററിംഗ് സേവനങ്ങളിൽ മെനു അടക്കമുള്ള വിശദാംശങ്ങൾ, ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഭ്യമാകുന്ന യാത്രാ സൗകര്യങ്ങൾ, റെയിൽ അധിഷ്ഠിത ടൂറിസം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പുതിയ ടൈം ടേബിൾ പതിപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.