അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ദാരുണമായി കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വേനിയയില്‍ ആണ് ഈ സംഭവം അരങ്ങേറിയത്. പോലീസിനുനേരെ നിറയൊഴിച്ച അക്രമിയും പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടു.
പെന്‍സില്‍വേനിയയിലെ കോഡോറസ് ടൗണ്‍ഷിപ്പില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. രാജ്യത്തെ തന്നെ ഞെട്ടിച്ച ഈ സംഭവത്തെ സംബന്ധിച്ച് സ്റ്റേറ്റ് പോലീസ് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ പാരിസ് സംഭവത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെച്ച പ്രതിയും കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. കൊലപാതകിയുടെ വിശദവിവരങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
പോലീസുകാര്‍ ഒരു വാറണ്ട് നടപ്പാക്കുന്നതിനിടെ ആണ് വെടിവെപ്പിന് ഇരയായതാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പരിക്കേറ്റ രണ്ട് പോലീസുകാരും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്, എങ്കിലും അവര്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ അറിയിച്ചു. ഈ ദുഖം അതിരില്ലാത്തതാണ്, പക്ഷേ തങ്ങള്‍ അതിനെ നേരിടുമെന്നും ഈ സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം പൂര്‍ത്തിയാക്കുംവരെ വിശ്രമിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കൗണ്ടിക്കും, കോമണ്‍വെല്‍ത്തിനും, രാജ്യത്തിനും വേണ്ടി സേവനം ചെയ്ത മൂന്നു വിലപ്പെട്ട ജീവന്‍കളെയാണ് നഷ്ടപ്പെടുത്തിയത് എന്ന് ഗവര്‍ണര്‍ ജോഷ് ഷാപിറോ വ്യക്തമാക്കി. ഇത്തരം അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. യുവനേതാവും യൂത്ത് ഇന്‍ഫ്‌ലുവന്‍സറുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റു മരിച്ച് ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ നടന്ന ഈ സംഭവം അമേരിക്കയില്‍ വളരെ ഞെട്ടലാണ് നല്‍കിയിട്ടുള്ളത്.