Make your way with News Fact and Knowledge

ഇസ്രായേൽ ചാരനെന്ന് ആരോപണം; ഇറാനിൽ ഒരാളെ വധിച്ചു, ഉപദ്രവിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് ആക്ടിവിസ്റ്റുകൾ

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇറാനിൽ ഒരാളെ വധിച്ചു. ബാബക് ഷഹബാസി എന്നയാളെയാണ് ഇറാൻ വധിച്ചത്. ഇറാനിയൻ ഡാറ്റ സെൻ്ററുകളെക്കുറിച്ചും സുരക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ഷഹബാസിയെ ഉപദ്രവിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

0 242

ടെഹ്രാൻ: ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഇറാനിൽ ഒരാളെ വധിച്ചു. ബാബക് ഷഹബാസി എന്ന വ്യക്തിയെ ആണ് വധിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ഡാറ്റ സെൻ്ററുകളെക്കുറിച്ചും സുരക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള തന്ത്രപ്രധാന വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലി വൃത്തങ്ങൾക്ക് വിറ്റുവെന്ന് ആരോപിച്ചാണ് വധശിക്ഷ . അതേസമയം ഷഹബാസിയെ ഉപദ്രവിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന ആരോപണവുമായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തി.
സഹായം വാഗ്ദാനം ചെയ്ത് യുക്രൈൻ പ്രസിഡൻ്റ് വ്ലോഡിമിർ സെലൻസ്കിക്ക് കത്തെഴുതിയതിനെ തുടർന്നാണ് ഷഹബാസിയെ കസ്റ്റഡിയിലെടുത്തതെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ സഹായം വാഗ്ദാനം ചെയ്ത് യുക്രൈൻ പ്രസിഡൻ്റിന് ഷഹബാസി അയച്ച സന്ദേശം ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ തെളിവായി ഉദ്ധരിക്കപ്പെട്ടു. മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിക്കാൻ അദ്ദേഹത്തെ പഠിപ്പിച്ചത് ഇസ്രായേലാണെന്ന് അവർ അവകാശപ്പെടുന്നുവെന്നും ഇറാൻ മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. യുക്രൈനുവേണ്ടി പോരാടാനുള്ള പ്രവർത്തനങ്ങൾ ഷഹബാസി നടത്തിയിരുന്നുവെന്നും ആക്ടിവിസ്റ്റുകൾ കൂട്ടിച്ചേർത്തു.
യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് ഡ്രോണുകൾ കൈമാറുന്ന രാജ്യമാണ് ഇറാൻ. അതേസമയം ബാബക് ഷഹബാസിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. സാധാരണ തടവുകാരെ തൂക്കിലേറ്റുകയാണ് ഇറാൻ്റെ രീതി. ഇസ്രായേലുമായി 12 ദിവസം നീണ്ട സംഘർഷത്തിനിടെ ചാരവൃത്തി ആരോപിച്ച് എട്ടുപേരെ ഇറാൻ തൂക്കിക്കൊന്നിരുന്നു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ കനത്ത ആഘാതം നേരിട്ടിരുന്നു. സൈനിക കമാൻഡർമാരടക്കം 1100 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് മിസൈലുകൾ വർഷിച്ച് ഇസ്രായേലിന് തിരിച്ചടി നൽകാൻ ഇറാൻ ശ്രമം നടത്തി.