ദുബൈ: യുഎഇയിലുടനീളം തണുത്ത കാലാവസ്ഥ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM).
ഡിസംബർ 25 വ്യാഴാഴ്ച മുതൽ 29 ഞായറാഴ്ച വരെ രാജ്യം ഒരു ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലായിരിക്കുമെന്നും ഇതിന്റെ ഫലമായി താപനിലയിൽ കുറവുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
അടുത്ത കുറച്ച് ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താഴ്ന്നതും മധ്യനിരയിലുള്ളതുമായ മേഘങ്ങളുടെ ചലനം മൂലം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ദ്വീപുകളിലും വടക്കൻ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. വടക്കൻ മേഖലകളിൽ ചില സമയങ്ങളിൽ കനത്ത മഴ പെയ്തേക്കാമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
കാറ്റിന്റെ ദിശ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ കാറ്റിന് നേരിയ വേഗതയേ ഉണ്ടാകൂ എങ്കിലും ഇടയ്ക്കിടെ ശക്തമാകാൻ സാധ്യതയുണ്ട്.
ഞായറാഴ്ചയോടെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.
പകൽ സമയങ്ങളിൽ സുഖകരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ സൂര്യാസ്തമയത്തിന് ശേഷം, പ്രത്യേകിച്ച് ഉൾനാടൻ പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും തണുപ്പ് വർദ്ധിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുമെന്നും എൻസിഎം അറിയിച്ചു.