Make your way with News Fact and Knowledge

മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്: ബ്ലെസ് ഫൗണ്ടേഷന്റെ കാരുണ്യയാത്ര

0 243

മുംബൈ: മഹാരാഷ്ട്രയുടെ, പ്രത്യേകിച്ച് മുംബൈയുടെ സാമൂഹിക-സന്നദ്ധ പ്രവർത്തന ചരിത്രത്തിൽ ശ്രദ്ധേയമായ ഇടം നേടിയ സ്ഥാപനമാണ് നവി മുംബൈയിലെ പൻവേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലെസ് ഫൗണ്ടേഷൻ. എച്ച്.ഐ.വി. ബാധിതരും അനാഥരുമായ കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും സ്നേഹവും ആത്മീയ പരിചരണവും നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഈ സ്ഥാപനം ഇന്ന് നിരവധി ബാല്യങ്ങളുടെയും കൗമാരങ്ങളുടെയും പ്രത്യാശാകേന്ദ്രമായി മാറിയിരിക്കുകയാണ്. പാസ്റ്റർ റെജി തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബ്ലെസ് ഫൗണ്ടേഷൻ, പേരുപോലെ തന്നെ അനേകരുടെ ജീവിതത്തിന് അനുഗ്രഹമായി തുടരുന്നു.

എച്ച്.ഐ.വി. ബാധിതരായ മാതാപിതാക്കളിലൂടെ രോഗബാധിതരായി ജനിച്ച നിരവധി കുട്ടികൾ സമൂഹത്തിന്റെ അവഗണനയും അനാഥത്വവും നേരിടുന്ന സാഹചര്യത്തിൽ, അവർക്ക് സുരക്ഷിതമായ ജീവിതവും മികച്ച വിദ്യാഭ്യാസവും ആത്മാഭിമാനവും ഒരുക്കുകയാണ് ബ്ലെസ് ഫൗണ്ടേഷന്റെ ദൗത്യം. മരണനിഴലിൽ കഴിയേണ്ടി വന്ന പല കുഞ്ഞുങ്ങളും ഇന്ന് പഠനത്തിലും തൊഴിൽ മേഖലയിലും ആത്മീയ ശുശ്രൂഷയിലും മികവ് തെളിയിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നിരിക്കുന്നു.

നാല് കുട്ടികളിൽ നിന്ന് വലിയ കുടുംബത്തിലേക്ക്

2008-ൽ ഏഴ് വയസ്സിൽ താഴെയുള്ള നാല് കുട്ടികളെ സംരക്ഷിച്ചുകൊണ്ടാണ് ബ്ലെസ് ഫൗണ്ടേഷന്റെ തുടക്കം. അന്ന് ആറുവയസ്സുകാരനായി എത്തിയ ശുഭം ഇന്ന് എം.ബി.എ. ഒന്നാം വർഷ വിദ്യാർത്ഥിയാണ്.  തെരുവുകളിൽ അവസാനിക്കുമായിരുന്ന ജീവിതം ഇന്ന് ആത്മീയ ശുശ്രൂഷയിലും സമൂഹസേവനത്തിലും മാതൃകയായി മാറിയിരിക്കുന്നു.

ഇവിടെ വളർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ 30-ലധികം യുവതീയുവാക്കൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു.  ചിലർ സുവിശേഷ ശുശ്രൂഷയിലും സജീവമാണ്. നിലവിൽ അഞ്ചുവയസ്സുകാരൻ ആശിഷ് മുതൽ 23-കാരനായ അഭിഷേക് വരെയുള്ള കുട്ടികളും യുവാക്കളും ബ്ലെസ് ഫാമിലിയുടെ ഭാഗമാണ്.

ഒരു പെൺകുട്ടിയുടെ അവസാന ആഗ്രഹത്തിൽ നിന്ന് ജനിച്ച ദൗത്യം

2008-ൽ നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന എച്ച്.ഐ.വി. ബാധിതയായ ഒരു പെൺകുട്ടിയെ സന്ദർശിച്ചപ്പോൾ പാസ്റ്റർ റെജി തോമസ് ചോദിച്ച ഒരു ചോദ്യത്തിന് അവൾ നൽകിയ മറുപടിയാണ് ഈ സേവനപ്രവർത്തനത്തിന്റെ വഴിത്തിരിവായത്.

“എനിക്ക് കുറച്ച് ന്യൂഡിൽസ് കഴിക്കണം” എന്നായിരുന്നു അവളുടെ അവസാന ആഗ്രഹം. എന്നാൽ പിറ്റേദിവസം അത് കൊണ്ടെത്തുമ്പോഴേക്കും അവൾ മരണത്തിന് കീഴടങ്ങിയിരുന്നു.

ആ സംഭവം പാസ്റ്റർ റെജി തോമസിന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. മരണത്തിലേക്ക് നടന്നടുക്കുന്ന കുട്ടികളിൽ ചിലരെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ദൈവിക വിളിയാണ് പിന്നീട് ബ്ലെസ് ഫൗണ്ടേഷനായി രൂപം കൊണ്ടത്.

സുവിശേഷത്തിനൊപ്പം സാമൂഹിക പ്രതിബദ്ധത

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ പാസ്റ്റർ റെജി തോമസ് 1989-ൽ റെയിൽവേ ഉദ്യോഗസ്ഥനായാണ് മുംബൈയിലെത്തിയത്. പിന്നീട് ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം ജോലി രാജിവച്ച് കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ ദൈവവചനം അഭ്യസിച്ചു. മുംബൈയിലേക്ക് മടങ്ങിയെത്തിയ ശേഷം സുവിശേഷ പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക സേവന രംഗത്തും അദ്ദേഹം സജീവമായി.

ഇന്ന് ബ്ലെസ് ഫൗണ്ടേഷൻ കുട്ടികൾക്ക് താമസം, പോഷകാഹാരം, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, കൗൺസിലിംഗ്, ആത്മീയ പരിശീലനം എന്നിവ ഉറപ്പാക്കുന്ന സമഗ്ര സംരക്ഷണ കേന്ദ്രമായി വളർന്നിരിക്കുകയാണ്.

വിശ്വാസവും കരുണയും താങ്ങായ യാത്ര

സ്ഥിരമായ വരുമാന സ്രോതസ്സുകളോ വലിയ സംഘടനകളുടെ പിന്തുണയോ ഇല്ലാതെയാണ് ബ്ലെസ് ഫൗണ്ടേഷൻ മുന്നോട്ടുപോകുന്നത്. ദൈവവിശ്വാസത്തിനൊപ്പം അഭ്യുദയകാംക്ഷികളുടെയും സുമനസ്സുകളുടെയും പ്രാർത്ഥനയും സാമ്പത്തിക സഹായവും തന്നെയാണ് ഈ പ്രവർത്തനത്തിന്റെ പ്രധാന അടിത്തറ.

പാസ്റ്റർ റെജി തോമസിന്റെ ഈ ദൗത്യത്തിന് ഭാര്യ മിനി റെജിയും കുടുംബാംഗങ്ങളും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. സഭാ-സംഘടനാ വ്യത്യാസങ്ങൾക്കതീതമായി മുംബൈയിലെ മലയാളി സമൂഹത്തിന്റെ പിന്തുണയും സ്ഥാപനത്തിന് ശക്തിപകരുന്നു.

മരണനിഴലിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് നിരവധി കുട്ടികളെ കൈപിടിച്ചുയർത്തിയ ബ്ലെസ് ഫൗണ്ടേഷൻ, സ്നേഹവും കരുണയും പ്രത്യാശയും ഇന്നും പകർന്നുകൊണ്ടിരിക്കുന്ന മുംബൈയുടെ അഭിമാനകരമായ ജീവകാരുണ്യ മാതൃകയാണ്.

കൂടുതൽ വിവരങ്ങൾക്ക്:
📞 +91 95949 52722
📞 +91 82915 24972