Make your way with News Fact and Knowledge

ഛത്തീസ്‌ഗഢ് കർഷക സമ്മേളനം: ഭൂമി തർക്കങ്ങൾക്കിടയിലും മതവിദ്വേഷം തള്ളി ഗോത്രമേഖലയിലെ കർഷകർ

0 267
കാങ്കർ (ഛത്തീസ്‌ഗഢ്): ഛത്തീസ്‌ഗഢിലെ ഗോത്രമേഖലകളിൽ ഭൂമി തർക്കങ്ങൾ നിലനിൽക്കുമ്പോഴും, മതപരമായ ഭിന്നതകളെ തള്ളി കർഷക കൂട്ടായ്മ. കാങ്കർ ജില്ലയിലെ നർഹർപൂരിൽ ഭൂ-ബീജ് കിസാൻ സംഘിന്റെ (സോയിൽ ആൻഡ് സീഡ് ഫാർമേഴ്‌സ് അസോസിയേഷൻ) നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സമ്മേളനത്തിലാണ് കർഷക ഐക്യത്തിനായുള്ള ആഹ്വാനമുണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച (സെപ്റ്റംബർ 10) നടന്ന സമ്മേളനത്തിൽ നൂറിലധികം കർഷകർ പങ്കെടുത്തു. കർഷകരുടെ ഐക്യം, ഭൂമി-ജീവനോപാധി പ്രശ്നങ്ങൾ, കർഷകരെ അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകത എന്നിവ യോഗത്തിൽ ചർച്ചയായി. പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് ഉപദേശകനായ റവ. ഡോ. അഖിലേഷ് എഡ്ഗർ ആണ് യോഗത്തിന്റെ വിവരങ്ങൾ പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. അഖിലേന്ത്യാ കിസാൻ മഹാസഭ (AIKM) ഛത്തീസ്‌ഗഢ് ഇൻ-ചാർജ് നരോത്തം ദാസ് ബൈരാഗി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാനത്തെ ജാഷ്പൂർ മുതൽ ബസ്തർ വരെയുള്ള മേഖലകളിലെ കർഷകർ ഉന്നയിക്കുന്ന ‘ജൽ, ജംഗിൾ, സമീൻ’ (വെള്ളം, കാട്, മണ്ണ്) പ്രശ്നങ്ങളെക്കുറിച്ച് പ്രോഗ്രസീവ് ക്രിസ്ത്യൻ അലയൻസ് കോർഡിനേറ്റർ സൈമൺ ദിഗ്ബാൽ ടാണ്ടി യോഗത്തിൽ സംസാരിച്ചു. ചില പ്രദേശങ്ങളിലെ ഭൂമി തർക്കങ്ങൾക്ക് കാരണം ഗ്രാമസഭകൾ പാസാക്കിയ പ്രമേയങ്ങളും പ്രാദേശിക ഭരണപരമായ നടപടികളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മതപരിവർത്തന ആരോപണങ്ങളെത്തുടർന്ന് ചില ക്രൈസ്തവ കർഷകർ നേരിടുന്ന കൃഷി തടസ്സപ്പെടുത്തൽ, വിളനാശം, ഭൂമി കൈക്കലാക്കാനുള്ള സമ്മർദ്ദങ്ങൾ തുടങ്ങിയ പ്രതിസന്ധികളും അദ്ദേഹം യോഗത്തിൽ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങൾ ഭരണഘടനയ്ക്കും നിലവിലുള്ള നിയമങ്ങൾക്കും അനുസൃതമായി നിയമപരമായ മാർഗ്ഗങ്ങളിലൂടെ നിഷ്പക്ഷമായി പരിഹരിക്കപ്പെടണമെന്നും ടാണ്ടി ആവശ്യപ്പെട്ടു.
(കാർമൽ മീഡിയ വിഷനു വേണ്ടി ഷിറിൻ ഭാട്ടിയ തയ്യാറാക്കിയ വാർത്താ റിപ്പോർട്ട്)