Make your way with News Fact and Knowledge

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 103-മത് ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനു. 19 ന്) ആരംഭിക്കും

0 114

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 19 മുതൽ 25 വരെ തിരുവല്ലായിലെ ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ ‌സ്റ്റേഡിയത്തിൽ നടക്കും. 19-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്‌റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി കൺവൻഷൻ ഉത്ഘാടനം ചെയ്യും, അസിസ്റ്റന്റ് ഓവർസിയർ ഡോക്ടർ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാർ രാത്രി പകൽ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും: കർത്താവിന്റെ മടങ്ങി വരവും സഭയുടെ ഒരുക്കവും’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താ വിഷയം. തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 5.30 മുതൽ 8.45 വരെയാണ് പൊതുയോഗങ്ങൾ നടക്കുന്നത്. ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിൽ ദീർഘ വർഷങ്ങൾ സഭാ ശുശ്രൂഷ ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന സീനിയർ ശുശ്രൂഷകന്മാരുടെ സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ പവർ കോൺഫ്രൻസ്, 21 ബുധൻ പകൽ പവർ കോൺഫറൻസും, 22 വ്യാഴം രാവിലെ 9.30 മുതൽ എൽ.എം. വാർഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതൽ മിഷനറി സമ്മേളനവും ഉണ്ടായിരിക്കും. 23 വെള്ളി രാവിലെ 9.30 മുതൽ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത സമ്മേളനവും

നടക്കും. 24 ശനി രാവിലെ 8 മുതൽ സ്‌നാനശുശ്രൂഷയും, 9.30 മുതൽ ഉണർവ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതൽ വൈ.പി.ഇ. & സണ്ടേസ്‌കൂൾ വാർഷിക സമ്മേളനവും ഉണ്ടായിരിക്കും. 25-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതൽ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കർത്യമേശയോടും കൂടെ ഈ വർഷത്തെ ജനറൽ കൺവൻഷന് സമാപനമാകും. സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളും, ബിലിവേഴ്‌സ് ബോർഡ് അംഗങ്ങളും കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം വഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ക്വയർ ഗാനങ്ങളാലപിക്കും എന്ന് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സംകുട്ടി മാത്യു, ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല എന്നിവർ അറിയിച്ചു.

ഭാരത ക്രൈസ്തവ സഭകളുടെ കൺവൻഷനുകളിൽ മാരാമൺ കൺവൻഷൻ കഴിഞ്ഞാൽ ഏറ്റവും അധികം വർഷം പിന്നിടുന്ന ജനറൽ കൺവൻഷനാണ് ചർച്ച് ഓഫ് ഗോഡിന്റേത്. ഇന്ത്യയിലെ പെന്തെക്കോസ്തു വാർഷിക കൺവൻഷനുകളുടെ മുത്തശ്ശിയെന്ന് അറിയപ്പെടുന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 1923-ൽ പമ്പാ നദിയുടെ മണൽപ്പുറത്ത് ആറാട്ടുപുഴയിൽ യശ: ശശ്ശീരനായ അമേരിക്കൻ മിഷണറി റവ. റോബർട്ട് ഫെലിക്സ് കുക്ക് ആരംഭം കുറിച്ചതാണ്. 1923 മുതൽ 1990 വരെ കേരളത്തിലെ വിവിധ ഇടങ്ങളിലാണ് ജനറൽ കൺവൻഷൻ നടന്നു വന്നിരുന്നത്. 1991 മുതൽ സഭയുടെ ജനറൽ കൺവൻഷൻ എല്ലാ വർഷവും ജനുവരിയിൽ തിരുവല്ലായിൽ സഭയുടെ സ്‌റ്റേഡിയത്തിൽ നടന്നു വരുന്നു.