Make your way with News Fact and Knowledge

അജിത് പവാറിന്റെ സംസ്‌കാരം നാളെ രാവിലെ; പ്രധാനമന്ത്രി പങ്കെടുത്തേക്കും; അവസാന ചിത്രം പുറത്ത്

അജിത് പവാറിന്റെ മരണത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

0 326

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ സംസ്‌കാരം നാളെ രാവിലെ 11-ന് പൂനെയിലെ ബാരാമതിയില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇന്നു രാവിലെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കു വരികയായിരുന്ന അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് 45 എന്ന ചെറുവിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഡിജിസിഎ സ്ഥിരീകരിച്ചിരുന്നു.
വിമാനാപകടത്തില്‍ എന്‍സിപി മേധാവി ശരദ് പവാര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അജിത് പവാറിന്റെ നഷ്ടത്തെ ഹൃദയഭേദകമെന്ന് വിശേഷിപ്പിക്കുകയും സംഭവം സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തുകയും ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഉപമുഖ്യമന്ത്രിയുടെ മരണത്തോടനുബന്ധിച്ച് മഹാരാഷ്ട്ര സംസ്ഥാനത്ത് ജനുവരി 30 വരെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് ഈ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള വിനോദപരിപാടികള്‍ ഉണ്ടാകില്ലെന്നും നിര്‍ദേശമുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ശരദ് പവാര്‍ തുടങ്ങിയ പ്രമുഖര്‍ അജിത് പവാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 8:45-ന് ബാരാമതി എയര്‍പോര്‍ട്ട് റണ്‍വേയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് വിമാനം നിയന്ത്രണം വിട്ട് തകരുകയായിരുന്നു. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍, സഹായി, പൈലറ്റുമാര്‍ എന്നിവരും അപകടത്തില്‍ മരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, അജിത് പവാറിന്റെ മരണത്തിനു തൊട്ടുമുന്‍പുള്ളതെന്നു കരുതുന്ന ചിത്രം പുറത്തുവന്നു. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് പകര്‍ത്തിയ ചിത്രമാണിതെന്ന് മഹാരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജിത് പവാറിന്റെ അംഗരക്ഷകനായ വിദിത് ജാദവ് അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ വെച്ച് പകര്‍ത്തിയ ഈ ചിത്രം തന്റെ ഭാര്യയ്ക്ക് അയച്ചിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിനുള്ളിലിരിക്കുന്ന ചിത്രമാണ് വിദിത് അയച്ചുകൊടുത്തത്. ഭര്‍ത്താവ് ഉപമുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലും അഭിമാനത്തിലും സന്ധ്യ ഈ ചിത്രം ഉടന്‍ തന്നെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെച്ചു. എന്നാല്‍ ചിത്രം അയച്ച് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നെന്ന വാര്‍ത്തയാണ് അവരെ തേടിയെത്തിയത്.