ലൂസിയാന : ഏഴംകുളം സ്വദേശിയും പരേതരായ പുനലൂർ വയലിൽ പുളിമൂട്ടിൽ ശ്രീ എൻ എം ചാക്കോയുടെയും ശ്രീമതി ചിന്നമ്മ ചാക്കോയുടെയും മകനുമായ ഡോ. സി. സാംകുട്ടി (78 വയസ്സ്) അമേരിക്കയിലെ ലൂസിയാനയിൽ വച്ച് മെയ് 5 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദൈവത്തിന്റെ വിശ്വസ്ത ദാസനും, പ്രഗത്ഭ വാഗ്മിയും, എഴുത്തുകാരനും, സുവിശേഷകനുമായിരുന്ന ഡോ. ഏഴംകുളം സാംകുട്ടി ആത്മീയ സേവനങ്ങളിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. വിവിധ ഭാഷകളിൽ നടത്തിയിട്ടുള്ള ശുശ്രൂഷകളും ശക്തമായ ഗ്രന്ഥരചനകളും മുഖേന അനേകം തലമുറകളെ അദ്ദേഹം പ്രചോദിപ്പിച്ചു. ക്രിസ്തുവിലേക്ക് മനുഷ്യരെ നയിക്കുന്ന സൗമ്യമായ ആത്മീയ സ്വഭാവം അദ്ദേഹത്തെ വേറിട്ട് നിർത്തി.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ക്രിസ്തീയ പ്രസംഗങ്ങളിലും സാഹിത്യങ്ങളിലും അദ്ദേഹം അപൂർവ്വമായ സ്ഥാനം നേടിയിരുന്നു. ലൂസിയാനയിലെ സതേൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായി സേവനം അനുഷ്ഠിച്ച അദ്ദേഹം, ഒരു നോവലിസ്റ്റായും ആത്മീയ ഗ്രന്ഥകാരനായും സുവിശേഷകനായും തന്റെ ജീവിതം സമർപ്പിച്ചു.
Related Posts
അദ്ദേഹത്തിന്റെ കൃതികൾ അനേകരുടെ ആത്മീയ ജീവിതത്തെ സ്വാധീനിച്ചവയാണ്. ഏറെ പ്രശസ്തമായ നോവൽ “പാളം തെറ്റിയ തീവണ്ടി” (1983) 105,000 ത്തിൽ അധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതോടൊപ്പം 1995-ലെ മികച്ച നോവൽ അവാർഡും നേടി. അതുപോലെ “ഭയപ്പെടേണ്ട”, “മധ്യസ്ഥർ ആകരുതേ”, “ശാസ്ത്രവും ബൈബിളും” തുടങ്ങിയ ആത്മീയ ഗ്രന്ഥങ്ങളും വിശ്വാസികളെ ഉണർത്തിയവയാണ്.
“സ്വർഗ്ഗമോ നരകമോ ഇല്ലെങ്കിൽ എന്താണ്” എന്ന ലഘുലേഖ ഏകദേശം 4 ലക്ഷത്തിലധികം കോപ്പികൾ പ്രചരിച്ചു, അനേകരെ ചിന്തിപ്പിക്കുകയും ആത്മീയ ബോധം വളർത്തുകയും ചെയ്തു. “സൂറത്ത്” പോലുള്ള അവാർഡ് നേടിയ ചെറുകഥകളും, ബ്രിട്ടീഷ്/ലോക സാഹിത്യത്തെക്കുറിച്ചുള്ള പണ്ഡിത ലേഖനങ്ങളും, 1971 മുതൽ തുടർന്ന ആനുകാലിക സംഭാവനകളും അദ്ദേഹത്തിന്റെ ബൗദ്ധികവും ആത്മീയവുമായ ആഴം തെളിയിക്കുന്നു.
കുടുംബജീവിതത്തിന്റെ ഐക്യത്തെ കുറിച്ചുള്ള “ഭാര്യ-ഭർത്തൃ ബന്ധനം” എന്ന പ്രഭാഷണം, നവീകരണവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുന്ന ആമുഖങ്ങൾ, 20 ലധികം ഭക്തിഗാനങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ സേവനത്തിന്റെ വൈവിധ്യം വ്യക്തമാക്കുന്നു.
കൂടാതെ, “Strangers in a Foreign Land” എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രസിദ്ധീകരണത്തിന് ആമുഖം എഴുതിയതും, SSNI യുടെ ആദ്യ സൺഡേസ്കൂൾ പാഠപുസ്തകമായ “Word for Teens” രൂപപ്പെടുത്തുന്നതിലും, കൗൺസിലിംഗ് ശുശ്രൂഷയിലും, സൺഡേ സ്കൂൾ കരിക്കുലം വികസനത്തിലും നൽകിയ സംഭാവനകൾ അനശ്വരമാണ്.