Make your way with News Fact and Knowledge

ഒരു യുഗത്തിന്റെ ശുശ്രൂഷയ്ക്ക് വിട… പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാം (1952–2026)

0 639
ഇന്ത്യൻ പെന്തെക്കോസ്ത് സഭയുടെ ആത്മീയ നേതൃത്വത്തിലും സുവിശേഷ പ്രവർത്തനങ്ങളിലും നിർണായകമായ സംഭാവനകൾ നൽകിയ ദൈവദാസൻ പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ വിയോഗം പെന്തെക്കോസ്ത് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.
ഐപിസിയുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഐപിസിയുടെ സ്ഥാപകനായ പാസ്റ്റർ കെ. ഇ. എബ്രഹാമിന്റെ കൊച്ചുമകനും, ദീർഘകാലം ബൈബിൾ അധ്യാപകനും ഐപിസി നേതൃത്വത്തിൽ പ്രവർത്തിച്ച പാസ്റ്റർ ടി. സ്റ്റീഫൻ എബ്രഹാമിന്റെ മകനുമായിരുന്നു.
ഒസ്മാനിയ യൂണിവേഴ്സിറ്റിയിലും വെസ്റ്റ് ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലും പഠനം നടത്തിയ അദ്ദേഹം അമേരിക്കയിലെ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ മിസിയോളജി, തിയോളജി എന്നീ മേഖലകളിലും പരിശീലനം നേടി.
1984-ൽ ഇന്ത്യാ ഗോസ്പൽ ഔട്ട്റീച്ച് (IGO) എന്ന മിഷൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച അദ്ദേഹം ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സുവിശേഷം എത്തിക്കുന്നതിനും സഭകൾ സ്ഥാപിക്കുന്നതിനും പ്രാധാന്യം നൽകി.
ഇന്ത്യാ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച അദ്ദേഹം അനേകം സുവിശേഷകരെയും ശുശ്രൂഷകരെയും മിഷൻ പ്രവർത്തകരെയും പരിശീലിപ്പിക്കുന്നതിൽ നേതൃത്വം നൽകി.
2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായും 2019 മുതൽ ഐപിസി ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചു. പ്രസംഗം, ബൈബിൾ അധ്യാപനം, സഭാനേതൃത്വം, മിഷൻ പ്രവർത്തനം, ശുശ്രൂഷകരെ പരിശീലിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഏറ്റവും വലിയ പ്രത്യേകത സുവിശേഷം പ്രസംഗിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അടുത്ത തലമുറയിലെ ശുശ്രൂഷകരെ വാർത്തെടുക്കാനും മിഷൻ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാനും അദ്ദേഹം നടത്തിയ പരിശ്രമങ്ങളാണ്.
വേർപാടിൽ ദുഃഖം, പ്രത്യാശയിൽ ആശ്വാസം!
ഒരു ദൈവദാസന്റെ ഭൗതികജീവിതം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ വിശ്വാസയാത്രയുടെ സാക്ഷ്യവും ശുശ്രൂഷയുടെ ഫലങ്ങളും അവസാനിക്കുന്നില്ല. മനുഷ്യജീവിതം ക്ഷണികമാണെങ്കിലും ക്രിസ്തുവിലുള്ള പ്രത്യാശ നിത്യമാണ്.
പൗലൊസ് അപ്പോസ്തലൻ തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പറഞ്ഞ വാക്കുകൾ ഇവിടെ ഓർക്കാം:
“ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു.”
(2 തിമൊഥെയൊസ് 4:7)
പ്രിയ ദൈവദാസന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും ഐപിസി നേതൃത്വത്തിനും ശുശ്രൂഷകർക്കും വിശ്വാസസമൂഹത്തിനും ദൈവം തന്റെ ആശ്വാസവും സമാധാനവും നൽകട്ടെ.
മരണം വിശ്വാസിയുടെ അവസാനമല്ല. ക്രിസ്തുവിൽ മരിക്കുന്നവർക്ക് അത് നിത്യസന്നിധിയിലേക്കുള്ള പ്രവേശനമാണ്.
മനുഷ്യർക്ക് ഒരു ശുശ്രൂഷകനെ നഷ്ടപ്പെടുമ്പോൾ, വിശ്വസ്തതയോടെ നിർവഹിച്ച ശുശ്രൂഷയുടെ സാക്ഷ്യം ചരിത്രത്തിൽ അവശേഷിക്കുന്നു.
ആദരവോടെ പ്രാർത്ഥനാപൂർവം അനുസ്മരിക്കുന്നു.
ബിജുമോൻ ഫിലിപ്പ്