Make your way with News Fact and Knowledge

ഓപ്പറേഷൻ ‘തൂഫാൻ’: മിഠായി കവറുകളിൽ ഒളിപ്പിച്ച ലഹരി; മാതാപിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി ആഭ്യന്തര മന്ത്രി

0 22

സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ശ്രദ്ധേയമാകുന്നതിനിടെ, ആഭ്യന്തര മന്ത്രിയുടെ സോഷ്യൽ മീഡിയ കുറിപ്പ് വ്യാപകമായി ശ്രദ്ധ നേടുന്നു.

കാസർകോട് നിന്ന് മിഠായി കവറുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ലഹരി ഉൽപ്പന്നമായ ‘കൂൾ ലിപ് (Cool Lip)’ പിടികൂടിയ സംഭവത്തെ പരാമർശിച്ച മന്ത്രി, സ്കൂൾ വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്ന് മുന്നറിയിപ്പ് നൽകി.

“നമ്മുടെ മക്കളാണ് അവരുടെ ലക്ഷ്യം. സാധാരണ മിഠായിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികൾ ഇത് ഉപയോഗിക്കട്ടെയെന്ന ക്രൂരമായ ലക്ഷ്യത്തോടെയാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്. പണം സമ്പാദിക്കാൻ ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കുകയാണ് ‘ഓപ്പറേഷൻ തൂഫാന്റെ’ ലക്ഷ്യം,” മന്ത്രി കുറിച്ചു.

മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും, കുട്ടികളോട് ലഹരിയുടെ അപകടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്നും, സംശയാസ്പദമായ സാഹചര്യങ്ങളിൽ പോലീസുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഇത്തരം കെണികളെ തിരിച്ചറിയാനും അവയിൽ നിന്ന് അകന്നുനിൽക്കാനും കുട്ടികളെ ബോധവത്കരിക്കേണ്ടത് ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.