കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് അമൃത്സര്‍-ചണ്ഡിഗഡ് രൂപത, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ), സാല്‍വേഷന്‍ ആര്‍മി, മെത്തഡിസ്റ്റ് ചര്‍ച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട്ര ഹൈസ്ക്രൂളില് നടന്ന പ്രതിഷേധയോഗത്തില്‍ ഒട്ടേറെ വിശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞദിവസം തരണ്‍തരണ്‍ ജില്ലയിലെ തകര്‍പൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖംമൂടി ധരിച്ച നാലംഗസംഘം പള്ളിയില്‍ കടന്നുകയറി യേശുക്രിസ്തുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങള്‍ തകര്‍ത്തു. പള്ളിമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു തീവയ്ക്കുകയും ചെയ്തു.
സുരക്ഷാ ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കിയശേഷമാണ് അക്രമികള്‍ പള്ളിയില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. പള്ളിയുടെ മുകളിലത്തെ നിലയില്‍ കയറിയാണ് യേശുക്രിസ്തുവിന്റെയും മാതാവിന്റെയും പ്രതിമകള്‍ തകര്‍ത്തത്.
ഇതേത്തുടര്‍ന്നായിരുന്നു പ്രതിഷേധ പരിപാടികള്‍. സമാധാനം കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനവും സഭാനേതൃത്വം നല്കി. പ്രശ്നത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും തരണ്‍ തരണ്‍ എസ്പി ആര്.എസ്. ധില്ലന് അറിയിച്ചു.
ക്രൈസ്തവ മിഷനറിമാര്‍ വഞ്ചനയിലൂടെ സിഖുകാരെ മതംമാറ്റം നടത്തുകയാണെന്ന് സിഖ്നേതാവ് ഗ്യാനി ഹര്‍പ്രീത് സിംഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അടുത്ത തിങ്കളാഴ്ച യോഗം നടത്തുമെന്നും മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇതിനുപുറമേ അമൃത്സറിലെ ദാദുവാനയില്‍ ക്രൈസ്തവ മിഷനറിമാരുടെ സമ്മേളനം സിഖ് സായുധവിഭാഗമായ നിഹാംഗുകള്‍ തടസപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിഹാംഗ് നേതാവ് ബാബ മേജര്‍ സിംഗിനും നൂറ്റന്പതോളം അനുയായികള്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.